SignIn
Kerala Kaumudi Online
Tuesday, 19 May 2026 7.19 AM IST

ആക്രമണം കടുപ്പിക്കുമെന്ന് യു.എസും ഇറാനും

a

 മൊജ്‌തബാ സമാധാനത്തോടെ ജീവിക്കില്ലെന്ന് ട്രംപ്

ടെഹ്‌റാൻ: യുദ്ധം ഉടൻ അവസാനിപ്പിക്കുമെന്ന് പറഞ്ഞ് മണിക്കൂറുകൾക്കുള്ളിൽ ഇറാനെതിരെ ഭീഷണി ആവർത്തിച്ച് യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. പിന്നാലെ ട്രംപ് സ്വയം സൂക്ഷിച്ചുകൊള്ളാൻ ഇറാനും മുന്നറിയിപ്പ് നൽകി. ഹോർമുസ് കടലിടുക്കിലൂടെയുള്ള എണ്ണനീക്കം തടഞ്ഞാൽ മുൻ ആക്രമണങ്ങളെ അപേക്ഷിച്ച് ഇരുപത് മടങ്ങ് ആക്രമിക്കുമെന്നും ഇറാന്റെ പുതിയ പരമോന്നത നേതാവ് മൊജ്‌തബാ ഖമനേയി സമാധാനത്തോടെ ജീവിക്കില്ലെന്നും ട്രംപ് ഭീഷണിപ്പെടുത്തി.

പിന്നാലെ ഇറാൻ ശക്തമായി തിരിച്ചടിച്ചു. യുദ്ധത്തിന്റെ ദൈർഘ്യം നിശ്ചയിക്കുന്നത് യു.എസ് അല്ലെന്നും ഇറാനാണെന്നും മേഖലയുടെ ഭാവി ഇപ്പോൾ ഇറാൻ സേനയുടെ കൈകളിലാണെന്നും ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്സ് (ഐ.ആർ.ജി.സി) അറിയിച്ചു. 'നിങ്ങളെക്കാൾ വലിയവർക്ക് പോലും ഇറാനെ ഇല്ലാതാക്കാൻ കഴിയില്ല. നിങ്ങൾ ഇല്ലാതാക്കപ്പെടാതിരിക്കാൻ സ്വയം ശ്രദ്ധിക്കുക' എന്ന് ഇറാൻ സുരക്ഷാ മേധാവി അലി ലാരിജാനി വ്യക്തമാക്കി. മിയാമിയിലെ ഗോൾഫ് ക്ലബ്ബിൽ റിപ്പബ്ലിക്കൻ നിയമസഭാംഗങ്ങളെ അഭിസംബോധന ചെയ്യവേയാണ് ട്രംപ് യുദ്ധം വളരെ പെട്ടെന്ന് അവസാനിക്കുമെന്ന് പറഞ്ഞത്.

 'ഓപ്പറേഷൻ എപ്പിക് ഫ്യൂറി' 11-ാം ദിവസത്തിലേക്ക് കടക്കുകയാണെന്ന് ജോയിന്റ് ചീഫ്സ് ഒഫ് സ്റ്റാഫ് ചെയർമാൻ എയർഫോഴ്സ് ജനറൽ ഡാൻ കെയ്ൻ

 ഇറാന്റെ സൈനിക, വ്യാവസായിക കേന്ദ്രങ്ങൾക്കെതിരെ വ്യാപക ആക്രമണം

 ഇറാനിയൻ മിസൈൽ സ്‌ക്വാഡ് ഇസ്രായേലിന്റെ ബാലിസ്റ്റിക് മിസൈൽ ആക്രമണം തടുത്തു

 ഇറാന്റെ മിസൈൽ ഇൻവെന്ററി, പ്രതിരോധ വ്യാവസായിക കേന്ദ്രം, നാവികസേന എന്നിവയുടെ പൂർണമായ നാശം ലക്ഷ്യമിടുന്നുവെന്ന് യു.എസ് യുദ്ധ സെക്രട്ടറി പീറ്റ് ഹെഗ്‌സെത്ത്

 തങ്ങൾക്കുനേരെ ഇറാൻ ബാലിസ്റ്റിക് മിസൈൽ ആക്രമണം നടത്തിയെന്ന് ഇസ്രയേൽ

 വടക്കൻ ഇസ്രയേലിലും ടെൽ അവീവ് മെട്രോപൊളിറ്റൻ പ്രദേശം ഉൾപ്പെടെ മദ്ധ്യമേഖലയിലും വ്യോമാക്രമണ സൈറണുകൾ മുഴങ്ങി

 ലെബനനിൽ 24 മണിക്കൂറിനുള്ളിൽ മാത്രം ഒരു ലക്ഷത്തിലധികം ആളുകളെ മാറ്റിപ്പാർപ്പിച്ചതായി റിപ്പോർട്ട്

ചർച്ചകൾക്കില്ലെന്ന് ഇറാൻ

ഒരുതരത്തിലുമുള്ള നയതന്ത്ര ചർച്ചകൾക്കില്ലെന്ന് ഇറാൻ വിദേശകാര്യമന്ത്രി അബ്ബാസ് അറഗ്ചി. യു.എസിനെ വിശ്വസിക്കാൻ കൊള്ളില്ലെന്നാണ് ഓരോ ചർച്ചകളും തെളിയിച്ചത്. ഇനിയൊരിക്കലും ചർച്ചകൾ അജൻഡയിലേയില്ലെന്നും പറഞ്ഞു. അവസാന ആണവചർച്ചയിലും ഇറാനെ ആക്രമിക്കില്ലെന്ന് ആവർത്തിച്ച് പറഞ്ഞ യു.എസ്, കരാറിലെത്താൻ ധാരണയായിരിക്കെയാണ് ആക്രമിച്ചതെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

മനാമയിൽ യുവതി കൊല്ലപ്പെട്ടു

മനാമയിലെ റെസിഡൻഷ്യൽ കെട്ടിടത്തിന് നേരെയുണ്ടായ ഇറാൻ ആക്രമണത്തിൽ 29 കാരി കൊല്ലപ്പെട്ടു.

 രണ്ട് മാസം പ്രായമുള്ള കുഞ്ഞിനടക്കം 32ഓളം പേർക്ക് പരിക്കേറ്റിട്ടുണ്ട്. പ്രധാന എണ്ണ ശുദ്ധീകരണ ശാലയായ ബാപ്കോ റിഫൈനറിക്കുനേരെയും ആക്രമണം

 കുവൈത്ത് വ്യോമാതിർത്തിയിൽ കണ്ടെത്തിയ മിസൈൽ, ഡ്രോൺ ആക്രമണങ്ങളെ വിജയകരമായി തടഞ്ഞതായി കുവൈറ്റ് ആർമി.

ഖത്തറിനു നേരെ ഇറാൻ നടത്തിയ ആക്രമണങ്ങളിൽ വിശ്വാസ വഞ്ചന നേരിട്ടതായി ഖത്തർ പ്രധാനമന്ത്രി ഷൈഖ് മുഹമ്മദ് ബിൻ അബ്ദുറഹ്മാൻ ബിൻ ജാസിം ആൽഥാനി

അബുദാബിയിലെ പ്രമുഖ വ്യവസായ കേന്ദ്രമായ റുവൈസ് ഇൻഡസ്ട്രിയൽ കോംപ്ലക്സിനു നേരെ ഡ്രോൺ ആക്രമണം

യു.എ.ഇയിൽ ഡ്രോണുകൾക്കും ലൈറ്റ് സ്പോർട്സ് വിമാനങ്ങൾക്കും സമ്പൂർണ നിരോധനം ഏർപ്പെടുത്തി.

ചർച്ച നടത്തി തുർക്കി

പശ്ചിമേഷ്യയിലെ സംഘർഷങ്ങൾ അവസാനിപ്പിക്കാൻ സമാധാന ചർച്ചകൾക്കായി ഇറാനോട് ആവശ്യപ്പെട്ട് തുർക്കി പ്രസിഡന്റ് എർദോഗൻ. ആവശ്യത്തോട് ഇറാൻ ഇതുവരെ അനുകൂലമായി പ്രതികരിച്ചിട്ടില്ല. റഷ്യയും ചൈനയും വെടിനിറുത്തലിനായി സമീപിച്ചുവന്നും ഇറാൻ അവകാശപ്പെട്ടു.

ഇറാനെതിരെയുള്ള സൈനിക നടപടികൾ ശക്തമാക്കും. സംഘർഷം തുടങ്ങിയ ശേഷമുള്ളആഘാതമേറിയ ആക്രമണ പരമ്പരക്കാണ് ലോകം സാക്ഷ്യം വഹിക്കുക. മുൻകാലങ്ങളിലെപ്പോലെ നീണ്ടുനിൽക്കുന്ന യുദ്ധങ്ങൾക്കോ രാഷ്ട്രനിർമ്മാണത്തിനോ മുതിരുന്നില്ല. എന്നാൽ ഇറാന്റെ സൈനിക ശേഷി പൂർണമായും തകർക്കും

-യു.എസ് പ്രതിരോധ സെക്രട്ടറി

ഇറാനെ കീഴടക്കാൻ ആർക്കും കഴിഞ്ഞില്ല.വ്യാമോഹം കൊണ്ട് നടന്നവരും വെല്ലുവിളിച്ചവരും ഇല്ലാതായി.

മസൂദ് പെസഷ്കിയാൻ

ഇറാൻ പ്രസിഡന്റ്

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: NEWS 360, WORLD, WORLD NEWS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360