SignIn
Kerala Kaumudi Online
Tuesday, 19 May 2026 7.19 AM IST

സൗത്ത് പാർസ് ആക്രമണത്തിന് തിരിച്ചടി: പശ്ചിമേഷ്യയിൽ 'ഊർജ്ജ' യുദ്ധം

pic

 ഗൾഫിലെ വാതക, എണ്ണ കേന്ദ്രങ്ങളിൽ ഇറാൻ ആക്രമണം
 വാതക കേന്ദ്രങ്ങൾ അടച്ച് യു.എ.ഇ
 ഖത്തറിലെ എൽ.എൻ.ജി കേന്ദ്രങ്ങളിൽ വ്യാപക നാശനഷ്ടം
 വാതക വില കുതിക്കുന്നു
 ക്ഷമ പരീക്ഷിക്കരുതെന്ന് ഇറാനോട് സൗദി

ടെഹ്റാൻ: സൗത്ത് പാർസ് വാതകപ്പാടത്ത് ഇസ്രയേൽ ബോംബിട്ടതിന് പ്രതികാരമായി ഗൾഫ് രാജ്യങ്ങളിലെ ഊർജ്ജ കേന്ദ്രങ്ങൾക്ക് നേരെ ഇറാന്റെ വ്യാപക ആക്രമണം. ഇതോടെ പശ്ചിമേഷ്യൻ യുദ്ധം കൂടുതൽ ഗുരുതരമാകുമെന്ന ആശങ്ക ശക്തമായി. ലോകത്തെ ഏറ്റവും വലിയ എൽ.എൻ.ജി (ദ്രവീകൃത പ്രകൃതി വാതകം) ഹബ്ബായ ഖത്തറിലെ റാസ് ലഫാൻ ഇൻഡസ്ട്രിയൽ സിറ്റിയിൽ ഇറാന്റെ മിസൈലാക്രമണത്തിൽ വ്യാപക നാശനഷ്ടമുണ്ടായി. ആളപായമില്ല. ഇവിടെ പ്രകൃതി വാതക ഉത്പാദനം പൂർണമായും നിറുത്തിവച്ചതിനു പിന്നാലെ യൂറോപ്യൻ രാജ്യങ്ങളിൽ വാതക വില കുത്തനെ ഉയർന്നു. ഖത്തറിൽ നിന്ന് പ്രകൃതി വാതകം ഇറക്കുമതി ചെയ്യുന്ന ഇന്ത്യ ഉൾപ്പെടെയുള്ള രാജ്യങ്ങളെയും ഇത് ബാധിക്കും.

സൗദി അറേബ്യയിൽ അരാംകോയുടെയും എക്സോണിന്റെയും നിയന്ത്രണത്തിലുള്ള സാംറെഫ് റിഫൈനറിയിൽ ഇറാനിയൻ ഡ്രോൺ പതിച്ചു. ക്രൂഡ് ഓയിൽ കയറ്റുമതി കേന്ദ്രമായ യാൻബൂ നഗരത്തെ ലക്ഷ്യമാക്കിയ ബാലിസ്റ്റിക് മിസൈലിനെ തകർത്തു. തുറമുഖ നഗരമായ ഇവിടെയാണ് സാംറെഫ് സ്ഥിതി ചെയ്യുന്നത്.

കൂടാതെ, കുവൈറ്റ് പെട്രോളിയം കോർപ്പറേഷന്റെ മിന അൽ-അഹ്‌മ്മദി, മിന അബ്ദുള്ള എണ്ണ റിഫൈനറികളിൽ ഡ്രോൺ ആക്രമണത്തെ തുടർന്ന് തീപിടിത്തമുണ്ടായി. രാജ്യത്തെ ലക്ഷ്യമാക്കിയ മിസൈലുകളെ തകർത്ത യു.എ.ഇ, വാതക പ്ലാന്റുകൾ അടച്ചു. അബുദാബിയിലെ ഹബ്ഷാൻ ഗ്യാസ് കോംപ്ലക്സിലും ബാബ് എണ്ണപ്പാടത്തും മിസൈൽ അവശിഷ്ടങ്ങൾ പതിച്ചു.

ഇറാന്റെ ആക്രമണത്തെ ഗൾഫ് രാജ്യങ്ങൾ സംയുക്തമായി അപലപിച്ചു. സിവിലിയൻ കേന്ദ്രങ്ങളെ ആക്രമിക്കുന്നത് അംഗീകരിക്കില്ലെന്നും സ്വയം പ്രതിരോധത്തിന് അവകാശമുണ്ടെന്നുംഅറിയിച്ചു. ഇറാന്റെ സുരക്ഷാ, സൈനിക അറ്റാഷെമാരെ ഖത്തർ പുറത്താക്കി. ഗൾഫ് രാജ്യങ്ങളുടെ ക്ഷമയെ പരീക്ഷിക്കരുതെന്നും യുദ്ധത്തിൽ ചേരേണ്ടി വരുമെന്നും സൗദിയും ഇറാന് മുന്നറിയിപ്പ് നൽകി.

 റാസ് ലഫാൻ

ഷെൽ അടക്കം നിരവധി അന്താരാഷ്ട്ര കമ്പനികൾക്ക് ആതിഥേയത്വം വഹിക്കുന്ന റാസ് ലഫാൻ ദോഹയ്ക്ക് വടക്ക് 80 കിലോമീറ്റർ അകലെയാണ്. ഇറാൻ ആക്രമണത്തിൽ ഇവിടുത്തെ, എൽ.എൻ.ജി കേന്ദ്രങ്ങൾക്കും ഗ്യാസ്-ടു-ലിക്വിഡ്സ് പ്ലാന്റിനും നാശനഷ്ടം സംഭവിച്ചതായി സ്ഥിരീകരിച്ചു. പ്രതിവർഷം 7.7 കോടി മെട്രിക് ടൺ എൽ.എൻ.ജിയാണ് ഖത്തർ പ്രതിവർഷം ഉത്പാദിപ്പിക്കുന്നത്. ആഗോള എൽ.എൻ.ജി വിതരണത്തിന്റെ ഏകദേശം 20 ശതമാനം റാസ് ലഫാനിൽ നിന്നാണ്. റാസ് ലഫാനിലുണ്ടായ തീപിടിത്തം നിയന്ത്രണവിധേയമാക്കിയെന്ന് ഖത്തർ എനർജി അറിയിച്ചു. ലോകത്തെ രണ്ടാമത്തെ വലിയ എൽ.എൻ.ജി കയറ്റുമതിക്കാരാണ് ഖത്തർ എനർജി.

അറിവോടെയല്ലെന്ന് ട്രംപ്

ഇറാനിലെ സൗത്ത് പാർസ് വാതകപ്പാടത്ത് ഇസ്രയേൽ നടത്തിയ ആക്രമണം യു.എസിന്റെയോ ഖത്തറിന്റെയോ അറിവോടെയല്ലെന്ന് യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. സൗത്ത് പാർസിനെ ഇസ്രയേൽ ഇനി ആക്രമിക്കില്ലെന്നും ട്രംപ് പറഞ്ഞു. ലോകത്തെ ഏറ്റവും വലിയ പ്രകൃതിവാതകപ്പാടമാണ് ഇറാന്റെ സൗത്ത് പാർസ്. ഇറാനിലെ മറ്റ് വാതക കേന്ദ്രങ്ങളെയും ഇസ്രയേൽ കഴിഞ്ഞ ദിവസം ആക്രമിച്ചിരുന്നു. പിന്നാലെ ഗൾഫ് രാജ്യങ്ങളിലെ ഊർജ്ജ കേന്ദ്രങ്ങളെ ആക്രമിക്കുമെന്നും ജനങ്ങൾ ഒഴിയണമെന്നും ഇറാൻ മുന്നറിയിപ്പ് നൽകുകയായിരുന്നു.


 ഖത്തറിലെ എൽ.എൻ.ജി കേന്ദ്രങ്ങളെ ഇറാൻ ഇനി ആക്രമിച്ചാൽ, ഇതുവരെ കാണാത്ത തരത്തിലെ ശക്തിയിൽ സൗത്ത് പാർസിനെ യു.എസ് പൂർണമായും തകർക്കും.

- ഡൊണാൾഡ് ട്രംപ്,

പ്രസിഡന്റ്, യു.എസ്

----------------------------------

# ഗൾഫ് രാജ്യങ്ങളിൽ ഇന്ന് പെരുന്നാൾ

 ഗൾഫ് രാജ്യങ്ങളിൽ ഇന്ന് ചെറിയ പെരുന്നാൾ. സംഘർഷ പശ്ചാത്തലത്തിൽ മേഖലയിൽ ആഘോഷങ്ങൾക്ക് നിയന്ത്രണം. കുവൈറ്റിലെ ഗ്രാൻഡ് മോസ്കിൽ ഇത്തവണ ഈദ് പ്രാർത്ഥനകൾ നടത്തില്ല

 പടിഞ്ഞാറൻ ഇറാനിലെ ദൊരൂദിൽ യു.എസ്-ഇസ്രയേൽ ആക്രമണത്തിൽ 12 മരണം. 116 പേർക്ക് പരിക്കേറ്റു

 വെസ്റ്റ് ബാറ്റിലെ ഹെബ്രോണിൽ മിസൈൽ അവശിഷ്ടം ഹെയർ സലൂണിന് മുകളിൽ വീണ് 3 പേർ കൊല്ലപ്പെട്ടു

 മദ്ധ്യ ഇസ്രയേലിൽ തായ്‌ലൻഡ് സ്വദേശിയായ ഫാം ജീവനക്കാരൻ കൊല്ലപ്പെട്ടു. ഒരു വിദേശിക്ക് പരിക്ക്

 ഇസ്രയേൽ ആക്രമണം തുടരുന്ന ലെബനനിൽ മരണം 960 കടന്നു

 ഖത്തറിലെ റാസ് ലഫാനിൽ നിന്ന് 4 നോട്ടിക്കൽ മൈൽ അകലെ കപ്പലിൽ മിസൈൽ അവശിഷ്ടം പതിച്ചു. ജീവനക്കാർ സുരക്ഷിതം

 യു.എ.ഇയ്ക്ക് കിഴക്ക്, ഹോർമുസ് കടലിടുക്കിന് സമീപത്ത് വച്ച് കപ്പലിന് നേരെ ആക്രമണം. ആളപായമില്ലെന്ന് വിവരം

 സൗദി അറേബ്യയിലെ റിയാദിൽ മിസൈൽ അവശിഷ്ടം പതിച്ച് നാല് പേർക്ക് പരിക്ക്

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: NEWS 360, WORLD, WORLD NEWS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360