SignIn
Kerala Kaumudi Online
Tuesday, 19 May 2026 2.14 AM IST

സംഘർഷം ഉടൻ അവസാനിപ്പിക്കുമെന്ന് ട്രംപ്: കരാർ വേണ്ട, യുദ്ധം മതിയായി  യു.എസ് നാറ്റോ വിടുമെന്ന് മുന്നറിയിപ്പ്

f

ടെഹ്റാൻ: പശ്ചിമേഷ്യൻ സംഘർഷം അതിരുകടന്നതോടെ യുദ്ധം അവസാനിപ്പിക്കാൻ യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ നീക്കം. യുദ്ധം വളരെ വേഗം അവസാനിപ്പിക്കുമെന്നും രണ്ടുമൂന്ന് ആഴ്ചയ്ക്കുള്ളിൽ സൈനിക നടപടി അവസാനിച്ചേക്കാമെന്നും വൈറ്റ് ഹൗസിൽ നടത്തിയ പത്രസമ്മേളനത്തിൽ ട്രംപ് പറഞ്ഞു. പ്രകോപനമുണ്ടാകില്ലെന്ന് ശത്രു ഉറപ്പ് നൽകിയാൽ യുദ്ധം അവസാനിപ്പിക്കാൻ തയ്യാറാകുമെന്ന് ഇറാൻ പ്രസിഡന്റ് മസൂദ് പെസഷ്കിയാൻ സൂചിപ്പിച്ചതും പ്രതീക്ഷയേകുന്നു.

നാറ്റോ സൈനിക സഖ്യത്തിൽ നിന്ന് പിൻമാറിയേക്കുമെന്നും ട്രംപ് ഭീഷണി മുഴക്കി. യുദ്ധത്തിൽ പങ്കുചേരാൻ യൂറോപ്യൻ രാജ്യങ്ങൾ വിസമ്മതിച്ചതോടെയാണിത്. അതേസമയം, യു.എസ് യുദ്ധം അവസാനിപ്പിക്കുന്ന ഉടൻ ഇന്ധനവില ഇടിയുമെന്നും ട്രംപ് പറയുന്നു. ഇറാൻ ഉടൻ സമാധാന കരാറിലെത്തിയില്ലെങ്കിൽ ആക്രമണം ശക്തമാക്കുമെന്നായിരുന്നു നേരത്തേ ട്രംപിന്റെ ഭീഷണി. എന്നാലിപ്പോൾ യുദ്ധം അവസാനിപ്പിക്കാൻ ഒരു കരാറിന്റെ ആവശ്യമില്ലെന്നാണ് നിലപാട്.

വെടിനിറുത്തലിനായി ഇറാൻ പ്രസിഡന്റ് തന്നെ സമീപിച്ചെന്ന് അവകാശപ്പെട്ട ട്രംപ്, ഹോർമുസ് തുറന്നാൽ പരിഗണിക്കാമെന്ന് അറിയിച്ചെന്നും പറഞ്ഞു. യു.കെയെ പോലെ ഇന്ധന പ്രതിസന്ധി നേരിടുന്ന രാജ്യങ്ങൾ ഹോർമുസ് കടലിടുക്ക് തുറക്കുന്നത് സ്വന്തമായി ഉറപ്പുവരുത്തിയാൽ മതിയെന്നും തങ്ങളെ സഹായിക്കാത്ത രാജ്യങ്ങളെ തിരിച്ച് സഹായിക്കേണ്ട കാര്യം യു.എസിനില്ലെന്നുമായിരുന്നു ട്രംപ് നേരത്തെ രോഷം പ്രകടിപ്പിച്ചത്.

അതിനിടെ, ഹോർമുസ് അടച്ചതുമൂലമുള്ള ഡീസൽ, ജെറ്റ് ഫ്യുവൽ ക്ഷാമം ഈ മാസം രൂക്ഷമാകുമെന്ന് അന്താരാഷ്ട്ര ഊർജ്ജ ഏജൻസി മുന്നറിയിപ്പ് നൽകി.


# സസ്‌പെൻസ്


ഇന്ത്യൻ സമയം ഇന്ന് രാവിലെ 6.30ന് യു.എസ് ജനതയെ അഭിസംബോധന ചെയ്യുന്ന ട്രംപ്, ഇറാനെ സംബന്ധിച്ച ഒരു സുപ്രധാന വിവരം അറിയിക്കും.


# ലക്ഷ്യങ്ങൾ നേടി

(ട്രംപിന്റെ അവകാശവാദങ്ങൾ)


1. യുദ്ധ ലക്ഷ്യങ്ങൾ യു.എസ് നേടി. ആണവായുധം നേടാനുള്ള ഇറാന്റെ കഴിവ് ഇല്ലാതാക്കുകയെന്ന പ്രാഥമിക ലക്ഷ്യം കൈവരിച്ചു

2. ഇറാന്റെ ആകാശത്ത് യു.എസ് ആധിപത്യം നേടി. ഭരണമാറ്റം സാദ്ധ്യമായി. പുതിയ നേതാക്കൾ മുമ്പുള്ളവരെ അപേക്ഷിച്ച് തീവ്രനിലപാട് കുറഞ്ഞവരും കൂടുതൽ യുക്തിയുള്ളവരും

3. യുദ്ധം അവസാനിപ്പിക്കാനുള്ള കരാറിനായി ഇറാനിയൻ നേതാക്കൾ യു.എസിനോട് യാചിക്കുകയാണ്. എന്നാൽ കരാറില്ലാതെ തന്നെ യുദ്ധം അവസാനിപ്പിക്കാൻ സാധിച്ചേക്കും. കരാറുണ്ടെങ്കിലും ഇല്ലെങ്കിലും, ഇറാന്റെ ആണവശേഷി തകർന്നെന്ന് ഉറപ്പാക്കിയ ശേഷം യു.എസ് യുദ്ധം അവസാനിപ്പിക്കും


# നാറ്റോ ഒരിക്കലും എന്നെ സ്വാധീനിച്ചിട്ടില്ല. അവർ ഒരു കടലാസ് കടുവയാണ്. റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുട്ടിനും അത് അറിയാം.
- ഡൊണാൾഡ് ട്രംപ്,

പ്രസിഡന്റ്, യു.എസ്

--------------------------------------

# 200 യു.എസ് പൈലറ്റുമാരെ ലക്ഷ്യമിട്ടെന്ന് ഇറാൻ

 സൗദി അറേബ്യയിലെ പ്രിൻസ് സുൽത്താൻ എയർബേസിൽ 200 അമേരിക്കൻ പൈലറ്റുമാരും വ്യോമസേനാംഗങ്ങളും തങ്ങിയിരുന്ന കെട്ടിടങ്ങളും നിരവധി ജെറ്റുകളും തകർത്തെന്ന് ഇറാൻ. നിരവധി പേർ കൊല്ലപ്പെട്ടെന്നും വാദം. വ്യാജ പ്രചാരണമെന്ന് യു.എസ്

 ഇറാനിൽ ഇസ്രയേലിന്റെ ആക്രമണം ശക്തം. സർക്കാർ കെട്ടിടങ്ങൾക്ക് നേരെ ആക്രമണം. രാസായുധ നിർമ്മാണ ഫാക്ടറി തകർത്തെന്ന് ഇസ്രയേൽ. മരുന്ന് കമ്പനിയെന്ന് ഇറാന്റെ വാദം

 യു.എ.ഇയ്ക്ക് നേരെ വിക്ഷേപിച്ച 5 ബാലിസ്റ്റിക് മിസൈലുകളും 35 ഡ്രോണുകളും തകർത്തു. ഫുജൈറയിലെ ഒരു ഫാമിൽ ഡ്രോൺ അവശിഷ്ടം പതിച്ച് ബംഗ്ലാദേശ് പൗരൻ കൊല്ലപ്പെട്ടു

 ഖത്തർ തീരത്ത് മിസൈലാക്രമണത്തിൽ എണ്ണ ടാങ്കറിന് തീപിടിച്ചു. ജീവനക്കാർ സുരക്ഷിതർ

 ബഹ്റൈനിൽ വ്യാപക ആക്രമണ ശ്രമം. ഒരു കമ്പനി കെട്ടിടത്തിന് തീപിടിച്ചു

 ഡ്രോൺ ആക്രമണത്തിൽ കുവൈറ്റ് അന്താരാഷ്ട്ര വിമാനത്താവളത്തിലെ ഇന്ധന ടാങ്കുകളിൽ പൊട്ടിത്തെറി. ഗുരുതര നാശനഷ്ടം. ആളപായമില്ല

 തെക്കൻ ഇസ്രയേലിന് നേരെ ഹൂതി മിസൈലാക്രമണം. ടെൽ അവീവിന് സമീപം ഇറാനിയൻ മിസൈലാക്രമണത്തിൽ 14 പേർക്ക് പരിക്ക്

 ലെബനനിൽ ഇസ്രയേൽ ആക്രമണത്തിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 1,300 കടന്നു. ബെയ്റൂട്ടിൽ മുതിർന്ന ഹിസ്ബുള്ള കമാൻഡറെ വധിച്ചു. തെക്കൻ ലെബനനിൽ ബോംബ് പൊട്ടി രണ്ട് യു.എൻ സമാധാന സേനാംഗങ്ങൾ കൊല്ലപ്പെട്ടു

 ഇറാൻ പൗരന്മാർക്ക് യു.എ.ഇ വിമാനക്കമ്പനികൾ യാത്രാവിലക്ക് പ്രഖ്യാപിച്ചു. ഗോൾഡൻ വിസയുള്ളവർക്ക് ഇളവ്

 ഇറാൻ പരമോന്നത നേതാവ് മൊജ്തബാ ഖമനേയി ചികിത്സയ്ക്കായി മോസ്കോയിലെത്തിയെന്ന അഭ്യൂഹങ്ങൾ റഷ്യ തള്ളി. മൊജ്തബാ ഇറാനിൽ തന്നെയുണ്ടെന്നും സുരക്ഷാ കാരണങ്ങളാൽ പൊതുവേദികളിൽ നിന്ന് വിട്ടുനിൽക്കുകയാണെന്നും ടെഹ്റാനിലെ റഷ്യൻ അംബാസഡർ അലക്‌സി ഡെഡോവ്

 ഇസ്രയേലിലേക്കുള്ള യു.എസ് സൈനിക വിമാനങ്ങൾക്ക് ഫ്രാൻസ് വ്യോമപാത നിഷേധിച്ചു


# മാദ്ധ്യമ പ്രവർത്തകയെ

തട്ടിക്കൊണ്ടുപോയി


ഇറാക്കിലെ ബാഗ്ദാദിൽ അമേരിക്കൻ ഫ്രീലാൻസ് മാദ്ധ്യമ പ്രവർത്തക ഷെല്ലി കിറ്റിൽസണിനെ തട്ടിക്കൊണ്ടുപോയി. ചൊവ്വാഴ്ച വൈകിട്ടായിരുന്നു സംഭവം. ഇറാൻ അനുകൂല സായുധ ഗ്രൂപ്പാണ് പിന്നിൽ. സംഘത്തിലെ ഒരാൾ അറസ്റ്റിലായി. ജീവന് ഭീഷണിയുണ്ടെന്ന് ഷെല്ലിയ്ക്ക് നിരവധി തവണ യു.എസ് ഉദ്യോഗസ്ഥർ മുന്നറിയിപ്പ് നൽകിയിരുന്നു.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: NEWS 360, WORLD, WORLD NEWS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360