SignIn
Kerala Kaumudi Online
Tuesday, 19 May 2026 2.12 AM IST

ഏഴു വർഷത്തിനുശേഷം ഇറാൻ എണ്ണ ഇന്ത്യയിലേക്ക്

pic

 ആറ് ലക്ഷം ബാരലെത്തും

ന്യൂഡൽഹി: യു.എസ്-ഇസ്രയേൽ സംയുക്ത അക്രമണത്തെ നേരിടുന്ന ഇറാനിൽ നിന്ന് ആറു ലക്ഷം ബാരൽ ക്രൂഡ് ഓയിൽ വഹിച്ച കപ്പൽ ഏപ്രിൽ 4ന് ഗുജറാത്ത് തീരത്തെത്തും. ഇന്ത്യയുടെ പഴയ എണ്ണ വ്യാപാര പങ്കാളിയായ ഇറാനിൽ നിന്ന് ഏഴ് വർഷത്തിന് ശേഷമാണ് എണ്ണക്കപ്പലെത്തുന്നത്. റിപ്പോർട്ട് കേന്ദ്ര സർക്കാർ സ്ഥിരീകരിച്ചിട്ടില്ല.

ഇറാന്റെ ഖാർഗ് ദ്വീപിൽ നിന്ന് ആഫ്രിക്കൻ രാജ്യമായ എസ്‌വാതിനിയുടെ പതാകയുള്ള കപ്പലിൽ കൊണ്ടുവരുന്ന ക്രൂഡ് നയാര കമ്പനിയുടെ ഉടമസ്ഥതയിലുള്ള വാദിനാർ റിഫൈനറിയിലേക്കെന്നാണ് വിവരം.

വിലക്കുറവും രൂപയിലെ

ഇടപാടും

രാജ്യത്തെ എണ്ണ പ്രതിസന്ധിക്ക് പരിഹാരമാകുന്ന ഇടപാടിന് മറ്റു ചില നേട്ടങ്ങളുമുണ്ട്. അന്താരാഷ്‌ട്ര വിലയെ അപേക്ഷിച്ച് ബാരലിന് 3-9 ഡോളർ വരെ വിലക്കുറവും രൂപയിലുള്ള ഇടപാടുമാണത്. ഉപരോധം കാരണം ഇറാന് ഡോളർ, യൂറോ കറൻസികളിൽ ഇടപാട് സാദ്ധ്യമല്ല. ഇന്ത്യൻ ബാങ്കിൽ നിക്ഷേപിക്കുന്ന പണം ഉപയോഗിച്ച് ഇറാന് ഭക്ഷണ വസ്‌തുക്കളും മരുന്നും മറ്റും വാങ്ങാം. ഇറാൻ പണം സൈനിക ആവശ്യങ്ങൾക്ക് ഉപയോഗിക്കുന്നില്ലെന്ന് ഇന്ത്യയ്‌ക്ക് വാദിക്കാനുമാകും. ചൈനയിലേക്കും ഇറാൻ എണ്ണ പോകുന്നുണ്ട്.

ഇന്ത്യയുടെ പഴയ എണ്ണ പങ്കാളി

2008 ൽ ഇന്ത്യൻ ക്രൂഡ് ഓയിൽ ഇറക്കുമതിയിൽ 16 ശതമാനം ഇറാനിൽ നിന്നായിരുന്നു. ആണവ കരാറുമായി ബന്ധപ്പെട്ട യു.എൻ ഉപരോധം കാരണം 2013ൽ 7.3 ശതമാനമായി കുറഞ്ഞെങ്കിലും 2015ൽ പുനരാരംഭിച്ചു. 2017ൽ സൗദിക്കും ഇറാഖിനും പിന്നിൽ ഇറാൻ മൂന്നാമത്തെ വലിയ ക്രൂഡ് വിതരണക്കാരനായി.

2018 ൽ ഡൊണാൾഡ് ട്രംപിന്റെ ആദ്യ ഭരണകാലത്ത് ഇറാനുമായുള്ള ആണവ കരാർ പൊളിഞ്ഞത് ഇന്ത്യയിലേക്കുള്ള എണ്ണ ഇറക്കുമതിയെയും ബാധിച്ചു. ഇറാനിൽ നിന്നുള്ള ഗ്യാസ് പൈപ്പ് ലൈൻ പദ്ധതി ഉപേക്ഷിച്ചതും ഇക്കാലത്താണ്. 2019 മേയ് മാസത്തോടെ ഇറാൻ എണ്ണയുടെ വരവ് നിലച്ചു. യു.എസ് 30 ദിവസത്തെ ഉപരോധ ഇളവ് നൽകിയതോടെയാണ് എണ്ണ വിതരണം താത്‌ക്കാലികമായി പുന:രാരംഭിച്ചത്. ഇന്ത്യൻ റിഫൈനറികളുടെ ശുദ്ധീകരണ രീതിക്ക് ഏറ്റവും അനുയോജ്യമാണ് ഗുണനിലവാരമുള്ള ഇറാനിയൻ ക്രൂഡ് ഒായിൽ.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: NEWS 360, WORLD, WORLD NEWS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360