
ടെഹ്റാൻ: യു.എസുമായുള്ള യുദ്ധം അവസാനിപ്പിക്കാനുള്ള നയതന്ത്ര ചർച്ചകൾ തകർന്ന പിന്നാലെ, ഹോർമുസ് കടലിടുക്കിൽ പണം ഈടാക്കാനുള്ള നീക്കവുമായി ഇറാൻ മുന്നോട്ട്. ഹോർമുസിലൂടെ പോകുന്ന കപ്പലുകളിൽ നിന്ന് സർവീസ് ചാർജ് ഈടാക്കാനുള്ള ബില്ലിന് ഇറാൻ പാർലമെന്റിന്റെ ദേശീയ സുരക്ഷാ കമ്മിറ്റി അംഗീകാരം നൽകി.
കപ്പലുകൾക്ക് സുരക്ഷ, ഇന്ധനം തുടങ്ങി സേവനങ്ങൾ ഉറപ്പാക്കുന്നതിനാണ് സർവീസ് ചാർജ്. ഇറാനിയൻ റിയാലിലോ അല്ലെങ്കിൽ ഇറാൻ അംഗീകരിച്ച കറൻസിയിലോ ആകും ഇടപാടുകൾ. അതേ സമയം, ഫീസ് എത്ര ഈടാക്കുമെന്നോ എന്ന് നിലവിൽ വരുമെന്നോ വ്യക്തമല്ല. ബില്ല് ഇനി പാർലമെന്റിൽ പൂർണ വോട്ടിന് വിധേയമാകും.
അതേ സമയം, യു.എസ് തങ്ങൾക്കെതിരെ പ്രഖ്യാപിച്ച 'സാമ്പത്തിക യുദ്ധ'ത്തെ പിന്തുണയ്ക്കുന്ന രാജ്യങ്ങൾക്ക് ഇറാന്റെ കടുത്ത മുന്നറിയിപ്പ്. യു.എസ് തങ്ങൾക്കെതിരെ ചുമത്തുമെന്ന് പറയുന്ന സാമ്പത്തിക ഉപരോധങ്ങളുടെ ഭാഗമാകുന്ന രാജ്യങ്ങളെ ശത്രുവായി കണക്കാക്കുമെന്ന് ഇറാൻ ദേശീയ സുരക്ഷാ മേധാവി മൊഹ്‌സീൻ റെസായി പറഞ്ഞു.
ഇത്തരം രാജ്യങ്ങളെ സൈനികപരമായും സാമ്പത്തികപരമായും ലക്ഷ്യമിടുമെന്നും വ്യക്തമാക്കി. പശ്ചിമേഷ്യയിലെ എണ്ണ വ്യാപാരം സ്തംഭിപ്പിക്കുമെന്നും ഗൾഫ് രാജ്യങ്ങളിലെ തുറമുഖങ്ങളും എണ്ണ പൈപ്പ് ലൈനുകളും മറ്റും ആക്രമിക്കുമെന്നും റെസായി മുന്നറിയിപ്പ് നൽകി.
ഇതോടെ ഗൾഫ് മേഖലയിൽ വീണ്ടും സംഘർഷം പൊട്ടിപ്പുറപ്പെട്ടേക്കാമെന്നാണ് ആശങ്ക. ഇറാനെതിരെ ചരിത്രത്തിലെ ഏറ്റവും കഠിനമായ സാമ്പത്തിക ഉപരോധങ്ങൾ ചുമത്തുമെന്നാണ് യു.എസ് പ്രഖ്യാപനം. ഉപരോധങ്ങൾ സംബന്ധിച്ച വിശദാംശങ്ങൾ ഇന്ന് പുറത്തുവിടും.
അതേ സമയം, സംഘർഷം ഒഴിവാക്കാൻ ഗൾഫ് രാജ്യങ്ങളുടെ നേതൃത്വത്തിൽ മദ്ധ്യസ്ഥ ശ്രമങ്ങൾ ഊർജ്ജിതമാക്കി. പാകിസ്ഥാൻ സൈനിക മേധാവി അസിം മുനീർ ഇന്ന് ടെഹ്റാനിലെത്തി ഇറാൻ നേതാക്കളെ കാണും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |