
ടെൽ അവീവ്: ഇസ്രയേൽ തിരഞ്ഞെടുപ്പിന് പിന്നാലെ പുറത്തുവന്ന ആദ്യ എക്സിറ്റ് പോൾ ഫലങ്ങൾ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന്റെ തീവ്ര വലതുപക്ഷ സഖ്യത്തിന് തിരിച്ചടിയായിരുന്നു. യാഷർ പാർട്ടി നേതാവ് ഗാഡി ഐസൻകോട്ട് തന്റെ പ്രതിപക്ഷ സഖ്യത്തിന്റെ വിജയപ്രഖ്യാപനം നടത്തുകയും ചെയ്തു. നെതന്യാഹുവിനെ ജനങ്ങൾ പൂർണമായി തള്ളിയെന്നും രാഷ്ട്രീയ ജീവിതത്തിൽ നിന്ന് അദ്ദേഹം വിരമിക്കണമെന്നും ആഹ്വാനം ചെയ്തു. എന്നാൽ വോട്ടെണ്ണൽ തുടങ്ങിയതോടെ നെതന്യാഹു സഖ്യം മുന്നിലെത്തി. ഭൂരിപക്ഷം നേടാനായില്ലെങ്കിലും ശക്തമായ വലതുപക്ഷ, ദേശീയ സർക്കാരിനെ രൂപീകരിക്കുമെന്നാണ് നെതന്യാഹുവിന്റെ പ്രഖ്യാപനം. അറബ് പാർട്ടികളുമായി കൈകോർത്ത് ഇസ്രയേലിനെ അപകടത്തിലാക്കില്ലെന്നും അവകാശപ്പെട്ടു. 77.7% ശതമാനം പോളിംഗാണ് ഇത്തവണ ഇസ്രയേലിൽ രേഖപ്പെടുത്തിയത്. 1999ന് ശേഷമുള്ള ഉയർന്ന നിരക്കാണിത്.
# പൂർണ പരാജയമല്ല
വലിയ ഒറ്റക്കക്ഷി നെതന്യാഹുവിന്റെ ലികുഡ് പാർട്ടി തന്നെ
ആശയപരമായ വിയോജിപ്പുകളുള്ള പാർട്ടികൾ അടങ്ങുന്നതിനാൽ പ്രതിപക്ഷ ചേരിയിൽ ഭിന്നതയ്ക്ക് സാദ്ധ്യത
പുതിയ സർക്കാർ രൂപീകരിക്കുംവരെ കാവൽ പ്രധാനമന്ത്രിയായി തുടരാം
# സീറ്റുകൾ കൈവിട്ടു
നെതന്യാഹു സഖ്യത്തിന് പാർലമെന്റിലുണ്ടായിരുന്ന സീറ്റ് നില (68) ഇടിഞ്ഞു
പൊതുജന പിന്തുണയിൽ ഇടിവ്. ഹമാസ് ആക്രമണവും ഗാസ യുദ്ധവും സുരക്ഷാ വീഴ്ചകളും കാരണങ്ങൾ
പ്രതിപക്ഷവും അറബ് പാർട്ടികളും കൈകോർത്താൽ തിരിച്ചടി
# രോഷം വോട്ടോക്കി
അറബ് വംശജർ
കഴിഞ്ഞ തിരഞ്ഞെടുപ്പിൽ അറബ് പാർട്ടികൾ 10 സീറ്റാണ് നേടിയത്. ഇത്തവണ അത് ഉയരാനുള്ള പ്രധാന കാരണങ്ങളിലൊന്ന് ഗാസ യുദ്ധമാണ്. ഇസ്രയേലിലെ അറബ് വംശജർക്കിടെയിൽ 80 ശതമാനത്തോളം റെക്കാഡ് പോളിംഗ് രേഖപ്പെടുത്തി. നെതന്യാഹു സർക്കാരിനോടുള്ള കടുത്ത വിയോജിപ്പാണ് അവർ പ്രകടമാക്കിയത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |