മൂവാറ്റുപുഴ: അടൂർപ്പറമ്പ്, പേഴക്കാപ്പിള്ളി ഭാഗങ്ങളിൽ രാത്രി എൽ.ഡി.എഫ്, യു.ഡി.എഫ് പ്രവർത്തകർ തമ്മിൽ സംഘർഷം. തിരഞ്ഞെടുപ്പ് പ്രചാരണവുമായി ബന്ധപ്പെട്ട് നടത്തിയ റോഡ് ഷോയും ബൈക്ക് റാലിയുമാണ് കൈയാങ്കളിയിൽ സമാപിച്ചത്.
എൽ.ഡി.എഫിന്റെ റോഡ് ഷോ നടക്കുന്നതിനിടെയാണ് അടൂർപ്പറമ്പ് ഭാഗത്ത് യു.ഡി.എഫിന്റെ ബൈക്ക് റാലി എത്തിയത്. ബൈക്ക് റാലിക്ക് മുന്നോട്ട് പോകാൻ സാധിക്കാത്ത രീതിയിൽ എൽ.ഡി.എഫ് പ്രവർത്തകർ നിലയുറപ്പിച്ചതായി യു.ഡി.എഫ് പ്രവർത്തകർ ആരോപിച്ചു. തുടർന്നാണ് ചെറിയ തോതിൽ വാക്കേറ്റവും തുടർന്ന് ഉന്തും തള്ളുമുണ്ടായത്. സംഘർഷം കൂടുതൽ വ്യാപകമാകും മുമ്പ് പൊലീസ് ഇടപെട്ട് ഇരുകൂട്ടരെയും മാറ്റി.
സമയക്രമം പാലിക്കാതെയാണ് റോഡ് ഷോയും ബൈക്ക് റാലിയും നടത്തിയതെന്ന് പൊലീസ് പറഞ്ഞു. ഇരുകൂട്ടർക്കെതിരെയും കേസെടുക്കാനും തീരുമാനിച്ചു. പേഴക്കാപ്പിള്ളിയിലും പ്രചാരണപ്രവർത്തനങ്ങളുമായി ബന്ധപ്പെട്ടാണ് രാത്രി സംഘർഷമുണ്ടായത്. പ്രദേശത്ത് മൂവാറ്റുപുഴ ഡി.വൈ.എസ്.പിയുടെ നേതൃത്വത്തിൽ പൊലീസ് നിലയുറപ്പിച്ചിട്ടുണ്ട്. സ്ഥിതിഗതികൾ നിയന്ത്രണ വിധേയമാണ്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |