
ചേർപ്പ് : പ്രവാസിയായ ഗൃഹനാഥൻ മദ്യപാനത്തിനിടെ സുഹൃത്തിന്റെ മർദ്ദനമേറ്റ് കൊല്ലപ്പെട്ടു. വെങ്ങിണിശ്ശേരി സെന്ററിന് സമീപം മുട്ടിപ്പാലം റോഡിൽ തേറാട്ടിൽ രാജു ജോർജാണ് (52) കൊല്ലപ്പെട്ടത്. സംഭവത്തിൽ അയൽവാസി പുത്തൂർ വീട്ടിൽ പ്രിന്റോ ഫ്രാൻസിസിനെ (42) പൊലീസ് കസ്റ്റഡിയിലെടുത്തു.
രാജുവിന്റെ വീട്ടിൽ വ്യാഴാഴ്ച പുലർച്ചെ രണ്ടോടെയായിരുന്നു കൊലപാതകം. ദുബായിലെ കമ്പനിയിൽ ഇലക്ട്രീഷ്യനായിരുന്ന രാജു കഴിഞ്ഞ ശനിയാഴ്ചയാണ് രണ്ടാഴ്ചത്തെ അവധിക്ക് വീട്ടിലെത്തിയത്.
രാജുവിന്റെ വീടിന് പിറകിൽ ക്ലോക്ക് നിർമ്മാണത്തിനായുള്ള ഔട്ട് ഹൗസിൽ വച്ചായിരുന്നു കൊലപാതകം. രാജുവും പ്രിന്റോ ഫ്രാൻസിസും മറ്റ് നാല് സുഹൃത്തുക്കളും ഒന്നിച്ച് മദ്യപിച്ചു. പുലർച്ചെ രണ്ടിന് മുമ്പ് നാല് സുഹൃത്തുക്കൾ മടങ്ങിപ്പോയി. പിന്നീട് രാജുവും പ്രിന്റോയും തമ്മിലുണ്ടായ വാക്കുതർക്കം മർദ്ദനത്തിൽ കലാശിക്കുകയായിരുന്നു.
നിലവിളി കേട്ട് ഓടിയെത്തിയ വീട്ടുകാരും നാട്ടുകാരും ചേർന്നാണ് ചേർപ്പ് പൊലീസിനെ വിവരമറിയിച്ചത്. മർദ്ദനത്തിൽ ഗുരുതരമായി പരിക്കേറ്റ രാജു സംഭവസ്ഥലത്ത് തന്നെ മരിച്ചു. പൊലീസ് രാജുവിനെ കൂർക്കഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവമറിഞ്ഞെത്തിയ രാജുവിന്റെ ഭാര്യ സിജിയെയും പ്രതി ആക്രമിച്ചതായി പറയുന്നു.
ചേർപ്പ് പൊലീസും ഫോറൻസിക് വിദഗ്ദ്ധരും സ്ഥലത്ത് പരിശോധന നടത്തി. മക്കൾ : ഹെൽന റോസ്, എൽന മറിയ. സംസ്‌കാരം ഇന്ന് രാവിലെ പത്തിന് വെങ്ങിണിശേരി സെന്റ് മേരീസ് പള്ളിയിൽ.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |