SignIn
Kerala Kaumudi Online
Saturday, 27 June 2026 12.42 PM IST

യുവതിയുടെ ആത്മഹത്യ: ഭർത്താവിനും ഭർതൃമാതാവിനും കഠിനതടവ്

aju-arun

പറവൂർ: സ്ത്രീധന പീ‌ഡനത്തെ തുടർന്ന് കളമശേരി ഞാലകം മൂലപ്പാടം റോഡിൽ കാഞ്ഞിരത്തിങ്കൽ സുനിത (25 ) ആത്മഹത്യ ചെയ്ത കേസിൽ ഭർത്താവ് യു.സി കോളേജ് കടേപ്പിള്ളി റോഡിൽ അറഫ വില്ലയിൽ അജു എന്ന അരുൺ (38), ഭർതൃമാതാവ് ലൈല ബീവി (72) എന്നിവരെ പറവൂർ അഡിഷണൽ സെഷൻസ് കോടതി കഠിനതടവിന് ശിക്ഷിച്ചു. അജുവിന് എട്ടും ലൈല ബീവിക്ക് രണ്ടും വർഷം കഠിനതടവും 25,000 രൂപ പിഴയുമാണ് വിധിച്ചത്. മൂന്നാം പ്രതി അജുവിന്റെ പിതാവ് അബ്ദുൽ റഹിമാനെ വെറുതെ വിട്ടു.

2018 സെപ്തംബർ 13നാണ് കേസിനാസ്പദമായ സംഭവം. 2014ലാണ് അജുവും സുനിതയും വിവാഹിതരാകുന്നത്. 101 പവൻ സ്വർണാഭരണങ്ങൾ സുനിതയ്ക്ക് മാതാപിതാക്കൾ നൽകിയിരുന്നു. കൂടുതൽ പണവും സ്വർണവും സ്വത്തും സ്ത്രീധനമായി ആവശ്യപ്പെട്ട് അജുവും മാതാപിതാക്കളും സുനിതയെ മാനസികമായി പീഡിപ്പിച്ചിരുന്നു. ഇതേ തുടർന്ന് സുനിതയുടെ മാതാപിതാക്കൾ കളമശേരിയിലെ ലക്ഷങ്ങൾ വിലമതിക്കുന്ന വീടുംപറമ്പും നൽകി. എന്നിട്ടും തൃപ്തരാകാത്ത ഭർതൃവീട്ടുകാരുടെ പീഡനം തുടർന്നതോടെയാണ് സുനിത ആത്മഹത്യ ചെയ്തത്. സംഭവത്തിന്‌ ശേഷം ഒളിവിൽ പോയ പ്രതികളെ പാലക്കാട്ട് നിന്നാണ് പൊലീസ് അറസ്റ്റ് ചെയ്തത്. കേസിൽ 29 സാക്ഷികളെ പ്രൊസിക്യൂഷൻ വിസ്തരിക്കുകയും 90 പ്രമാണങ്ങളും മൂന്ന് തൊണ്ടിമുതലും കോടതിയിൽ ഹാജരാക്കുകയും ചെയ്തു. കളമശേരി പൊലീസും എറണാകുളം സിറ്റി പോലീസ് കമ്മീഷണറും അന്വേഷിച്ച കേസ് പിന്നീട് ക്രൈംബ്രാഞ്ചിന് കൈമാറി. ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പി ബിജി ജോർജിന്റെ നേതൃത്വത്തിലാണ് അന്വേഷണം നടത്തി കുറ്റപത്രം സമർപ്പിച്ചത്. പ്രോസിക്യൂഷന് വേണ്ടി അഡീഷണൽ പബ്ലിക് പ്രോസിക്യൂട്ടർ എം.ബി. ഷാജി, എസ്. രാഖി എന്നിവർ ഹാജരായി.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ERNAKULAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN CASE DIARY
PHOTO GALLERY
TRENDING IN CASE DIARY