SignIn
Kerala Kaumudi Online
Sunday, 31 May 2026 5.58 AM IST

വ്യാജരേഖ ചമച്ച് അനധികൃത അവയവദാനം: അഞ്ചുപേർ അറസ്റ്റിൽ 

crime

കിഴക്കമ്പലം: വ്യാജരേഖകൾ ചമച്ച് അനധികൃത അവയവദാനം നടത്തിയ സംഭവത്തിൽ അഞ്ചുപേരെ പൊലീസ് അറസ്റ്റുചെയ്തു. കുന്നത്തുനാട് കുമാരപുരം മോറക്കാല തടിയൻവീട്ടിൽ സണ്ണി വർഗീസ് (56), ഭാര്യ സിനി വർഗീസ് (50), ചേലക്കുളം കവുങ്ങപ്പറമ്പ് കുഴിക്കാടൻവീട്ടിൽ സനോജ് (32) എന്നിവരെ എറണാകുളം റൂറൽ ജില്ലയിലും, ശ്രീജ, സുധീർ എന്നിവരെ കൊല്ലം കിളികൊല്ലൂർ പൊലീസ് സ്റ്റേഷൻ പരിധിയിലുമാണ് അറസ്റ്റ് ചെയ്തത്.

റൂറൽ ജില്ലാ പൊലീസ് മേധാവി കെ.എസ്. സുദർശന്റെ നേതൃത്വത്തിൽ ആറ് ടീമുകളായി തിരിഞ്ഞ് പെരുമ്പാവൂർ, ആലുവ, പുത്തൻകുരിശ്, മുനമ്പം സബ് ഡിവിഷൻ പരിധികളിലാണ് റെയ്ഡ് നടത്തിയത്.

കുന്നത്തുനാട് പൊലീസ് സ്റ്റേഷൻ പരിധിയിലെ പള്ളിക്കര കമ്മ്യൂണിക്കേഷൻ എന്ന സ്ഥാപനത്തിൽ നടത്തിയ പരിശോധനയിൽ എം.പി, എം.എൽ.എ എന്നിവരുടെ വ്യാജ ലെറ്റർപാഡുകൾ, വിവിധ മെഡിക്കൽ ലാബുകളുടെ വ്യാജരേഖകൾ എന്നിവ കണ്ടെടുത്തു. ജില്ലയിലെ പ്രധാന ആശുപത്രികളിലെ വ്യാജ ലെറ്റർപാഡുകളിൽ ഡോക്ടറുടെ പേരും സീലും ഒപ്പും കൃത്രിമമായി പതിപ്പിച്ച രേഖകളും പി.സി.സി ലഭിക്കുന്നതിനായി പൊലീസിന്റേതെന്ന് തോന്നിപ്പിക്കുന്ന തരത്തിലുള്ള കത്തുകളും ഇവിടെനിന്ന് പിടിച്ചെടുത്തു. ഈ കേസിലാണ് സണ്ണി വർഗീസ്, സിനി വർഗീസ് എന്നിവരെ അറസ്റ്റ് ചെയ്തത്.

ചിത്രപ്പുഴ - പോഞ്ഞാശേരി റോഡിൽ പ്രവർത്തിക്കുന്ന സൈൻ എച്ച്.ഡി ഡിജിറ്റൽ സ്റ്റുഡിയോയിൽ നടത്തിയ റെയ്ഡിൽ വ്യാജരേഖകൾ, ലെറ്റർപാഡുകൾ, സീലുകൾ നിർമ്മിക്കുന്നതിന് ഉപയോഗിക്കുന്ന കമ്പ്യൂട്ടറുകൾ എന്നിവ കണ്ടെടുത്തു. ഈ കേസിലാണ് സനോജിനെ അറസ്റ്റ് ചെയ്തത്.

വടക്കേക്കരയിലെ ഒരു വീട്ടിൽ പൊലീസ് നടത്തിയ പരിശോധനയിൽ എറണാകുളത്തെ പ്രധാന ആശുപത്രിയിൽ നിന്നുള്ള വൃക്കദാതാവിന്റെ സമ്മതപത്രവും മറ്റ് വ്യാജരേഖകളും സ്മാർട്ട് ഫോണുകളും കണ്ടെത്തി. തുടർന്ന് അമ്പലമേട് പൊലീസ് സ്റ്റേഷൻ പരിധിയിലെ പെരിങ്ങാലയിലുള്ള അപ്പാർട്ട്മെന്റിൽ നടത്തിയ പരിശോധനയിൽ വ്യാജരേഖകളും മുദ്രകളും ഹാർഡ് ഡിസ്കുകളും കണ്ടെടുത്തു. ഇതിന്റെ തുടർച്ചയായാണ് കിളികൊല്ലൂർ പൊലീസ് സ്റ്റേഷൻ പരിധിയിൽ ശ്രീജ, സുധീർ എന്നിവരുടെ വീട്ടിൽ പരിശോധന നടത്തിയത്. ഇവിടെനിന്ന് അവയവക്കച്ചവടത്തിനായി ഉപയോഗിക്കുന്ന വ്യാജരേഖകൾ കണ്ടെത്തി. റാക്കറ്റിലെ മുഴുവൻ പേരെയും പിടികൂടുന്നതിനായി പൊലീസ് അന്വേഷണം വ്യാപിപ്പിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: CASE DIARY, CC
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN CASE DIARY
PHOTO GALLERY
TRENDING IN CASE DIARY