SignIn
Kerala Kaumudi Online
Sunday, 31 May 2026 2.54 AM IST

ബസ് ജീവനക്കാർ തമ്മിൽ തർക്കം; കണ്ടക്ടറുടെ വീട് കയറി ആക്രമിച്ചതായി പരാതി

private-bus

കൊല്ലം: ബസ് സമയക്രമത്തെച്ചൊല്ലിയുള്ള തർക്കത്തെ തുടർന്ന് സ്വകാര്യ ബസ് കണ്ടക്ടറുടെ വീട്ടിൽ അതിക്രമിച്ചു കയറി കണ്ടക്ടറെയും ഭാര്യയെയും ഭാര്യാപിതാവിനെയും മറ്റൊരു ബസിലെ ഡ്രൈവർ ക്രൂരമായി മർദ്ദിച്ചതായി പരാതി. ശൂരനാട് തെക്ക് കിടങ്ങയം കന്നിമേൽ ജയഭവനിൽ സിദ്ധാർത്ഥ്, ഭാര്യ ഗ്രീഷ്മ (26) എന്നിവർക്കാണ് മർദ്ദനമേറ്റത്. മർദ്ദനത്തിൽ വലതു കൈയ്ക്ക് സാരമായി പരിക്കേറ്റ ഗ്രീഷ്മ താലൂക്കാശുപത്രിയിൽ ചികിത്സയിലാണ്. കൊട്ടാരക്കര - ചവറ റൂട്ടിൽ സർവീസ് നടത്തുന്ന 'സൊസൈറ്റി' ബസിലെ ഡ്രൈവറായ അജേഷിനെതിരെയാണ് ശൂരനാട് പൊലീസിൽ പരാതി നൽകിയത്. കഴിഞ്ഞ ദിവസം രാത്രി 9.30-ഓടെ സിദ്ധാർത്ഥിന്റെ വീട്ടിൽ അതിക്രമിച്ചു കയറിയ പ്രതി, പിഞ്ചുകുഞ്ഞിന്റെ മുന്നിലിട്ടാണ് ഇവരെ മർദ്ദിച്ചത്. തടയാൻ ചെന്ന ഭാര്യാപിതാവിനെ ഹെൽമറ്റ് കൊണ്ട് അടിച്ചു വീഴ്ത്തിയതായും പരാതിയിൽ പറയുന്നു.

കൊട്ടാരക്കര - കരുനാഗപ്പള്ളി റൂട്ടിലോടുന്ന 'സ്വാതി' ബസിലെ കണ്ടക്ടറാണ് സിദ്ധാർത്ഥ്. കഴിഞ്ഞ ബുധനാഴ്ച കൊട്ടാരക്കരയിൽ നിന്നും ഭരണിക്കാവിലേക്ക് വരുന്നതിനിടെ പുത്തൂരിലുണ്ടായ ഗതാഗതക്കുരുക്കിൽ സിദ്ധാർത്ഥിന്റെ ബസ് അകപ്പെട്ടിരുന്നു. ഇതിന് പിന്നാലെ വന്ന ബസിന്റെ ഡ്രൈവറായ അജേഷ് സമയക്രമം തെറ്റിയെന്ന കാരണത്താൽ പ്രകോപിതനാകുകയും അന്ന് രാത്രി 7.30-ഓടെ ഭരണിക്കാവ് സ്റ്റാൻഡിൽ വെച്ച് സിദ്ധാർത്ഥിനെയും മറ്റ് ജീവനക്കാരെയും അസഭ്യം പറഞ്ഞ് ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയും ചെയ്തിരുന്നു. ഇതിന്റെ തുടർച്ചയായാണ് രാത്രി വീട്ടിൽ കയറിയുള്ള ആക്രമണം. അതേസമയം, സംഭവത്തിൽ ശാസ്താംകോട്ട ഡിവൈ.എസ്.പി നിർദ്ദേശം നൽകിയിട്ടും പ്രതിക്കെതിരെ നടപടിയെടുക്കാൻ ശൂരനാട് പൊലീസ് തയ്യാറാകുന്നില്ലെന്ന് ആക്ഷേപമുണ്ട്. രാഷ്ട്രീയപ്രേരണയാൽ പൊലീസ് പ്രതിക്ക് അനുകൂല നിലപാടാണ് സ്വീകരിക്കുന്നതെന്നും കേസ് ഒത്തുതീർപ്പാക്കാൻ പരാതിക്കാരെ ഭീഷണിപ്പെടുത്തുന്നതായും സിദ്ധാർത്ഥും കുടുംബവും ആരോപിക്കുന്നു.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: KOLLAM, CASE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN CASE DIARY
PHOTO GALLERY
TRENDING IN CASE DIARY