SignIn
Kerala Kaumudi Online
Monday, 18 May 2026 2.32 AM IST

ട്രെയിനിൽ മയക്കുമരുന്ന് നൽകി കവ‌ർച്ച: പ്രതി വിജയവാഡയ്ക്ക് സമീപം അറസ്റ്റിൽ

munavar-alam

കൊച്ചി: ട്രെയിൻ യാത്രയ്ക്കിടെ അന്യസംസ്ഥാന തൊഴിലാളിയെ ശീതളപാനീയത്തിൽ മയക്കുമരുന്ന് കലർ‌ത്തി കവർച്ച ചെയ്ത ബിഹാർ സ്വദേശി മറ്റൊരു ട്രെയിനിൽ നാട്ടിലേക്ക് കടക്കുന്നതിനിടെ പിടിയിൽ. കോട്ടയത്ത് നിന്ന് അങ്കമാലിയിലേക്കും തിരുപ്പൂരിലേക്കും രക്ഷപ്പെട്ട പ്രതിയെ ട്രെയിൻ വിജയവാഡയ്ക്ക് 65 കിലോമീറ്റർ അകലെ ഏലൂർ റെയിൽവേ സ്റ്റേഷനിലെത്തിയപ്പോഴാണ് കേരളത്തിൽ നിന്ന് പിന്തുടർന്ന ആർ.പി.എഫ്, റെയിൽവേ പൊലീസ് സംഘം കസ്റ്റഡിയിലെടുത്തത്.

മയക്കുമരുന്ന് നൽകി കവ‌ർച്ച പതിവാക്കിയ കുപ്രസിദ്ധ മോഷ്ടാവ് ബിഹാർ ചക്കിയാഹട്ട് ചക്കായി ഹോസ്പിറ്റൽ ടോളയിൽ മുനവർ ആലമാണ് (25) പൊലീസിന്റെ മിന്നൽ നീക്കത്തിൽ പിടിയിലായത്. ഇയാളുടെ കാമുകി അസാം സ്വദേശി സംഗീത താന്തി ഗോവാലയെ (27) സഹയാത്രികർ തടഞ്ഞുവച്ച് പൊലീസിന് കൈമാറിയിരുന്നു.

തിരുവനന്തപുരത്ത് നിന്ന് അസമിലെ സിൽച്ചാറിലേക്ക് പോയ അരോണൈ എക്സ്‌പ്രസ് ട്രെയിനിലെ ജനറൽ കോച്ചിലെ യാത്രക്കാരൻ ബിഹാർ കിഷൻഗഞ്ച് സ്വദേശി ആസിഫ് ആലമാണ് (18) കവർച്ചയ്ക്ക് ഇരയായത്. 12ന് രാത്രി 7ന് ട്രെയിൻ കായംകുളം റെയിൽവേ സ്റ്റേഷൻ വിട്ടപ്പോഴാണ് ആസിഫിനെ അബോധാവസ്ഥയിൽ കണ്ടത്. ഇതേ ട്രെയിനിൽ കാമുകിക്ക് ഒപ്പം സഞ്ചരിച്ച പ്രതി യാത്രക്കാരനുമായി സൗഹൃദം സ്ഥാപിച്ചാണ് മയക്കുമരുന്ന് കലർത്തിയ ശീതളപാനിയവും ബിസ്ക്കറ്റും നൽകി 20000 രൂപയുടെ മൊബൈൽ ഫോൺ തട്ടിയെടുത്തത്.

കോട്ടയത്ത് മുങ്ങി,

തിരുപ്പൂരിൽ പൊങ്ങി

ആസിഫ് ആലം ബോധരഹിതനായി കിടക്കുന്നത് കണ്ട് അന്യസംസ്ഥാനക്കാരായ യാത്രക്കാർ ബഹളം കൂട്ടുന്നതിനിടെ കാമുകിയെ ഉപേക്ഷിച്ച് മറ്റൊരു കോച്ചിലേക്ക് മാറിയ പ്രതി കോട്ടയം റെയിൽവേ സ്റ്റേഷനിലിറങ്ങി. രാത്രി ബസ് മാർഗം അങ്കമാലി റെയിൽവേ സ്റ്റേഷനിലെത്തി ട്രെയിനിൽ തിരുപ്പൂരിലേക്ക് കടന്നു. തിരുപ്പൂരിലെത്തിയ അന്വേഷണസംഘം 3 ദിവസം തെരച്ചിൽ നടത്തിയെങ്കിലും കിട്ടിയില്ല. ഇയാൾ ദിബ്രുഗഢ് ട്രെയിനിൽ കയറുന്ന ദൃശ്യങ്ങൾ കിട്ടിയത് നിർണായകമായി. വസ്ത്രം മാറി മാസ്ക് ധരിച്ചായിരുന്നു യാത്ര. ഇടയ്ക്കിടെ മാത്രമാണ് ഫോൺ ഓണാക്കിയിരുന്നത്. ട്രെയിൻ ഏലൂർ സ്റ്റേഷനിൽ എത്തിയപ്പോഴാണ് ജനറൽ കോച്ചിൽ നിന്ന് കസ്റ്റഡിയിലെടുത്തത്. ഇന്നലെ രാത്രിയോടെ കേരളത്തിലെത്തിച്ചു. ഐ ഫോൺ ഉൾപ്പെടെ കണ്ടെത്തിയിട്ടുണ്ട്. തിരുപ്പൂരിലും മയക്കുമരുന്ന് നൽകി കവ‌ച്ച നടത്തിയതിന് ഇയാൾക്കെതിരെ കേസുണ്ട്.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, ERNAKULAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN CASE DIARY
PHOTO GALLERY
TRENDING IN CASE DIARY