
കൊച്ചി: ലഹരിമരുന്ന് ആവശ്യക്കാർക്ക് എത്തിച്ചുനൽകുന്ന 'ഡ്രോപ്പിംഗ്' രീതി പിന്തുടരുന്ന കഞ്ചാവ് ഇടപാടുകാരനും ടൂറിസ്റ്റ് ബസിൽ കടത്തുകയായിരുന്ന 20 കിലോ കഞ്ചാവുമായി മൂന്ന് അന്യസംസ്ഥാന തൊഴിലാളികളും പിടിയിലായി. പശ്ചിമബംഗാൾ സ്വദേശി ഷാരൂഖാനെയാണ് എക്സൈസ് സ്പെഷ്യൽ സ്ക്വാഡ് പിടികൂടിയത്. ഇയാളിൽ നിന്ന് 1.058 കിലോ കഞ്ചാവും വാഹനവും കസ്റ്റഡിയിലെടുത്തു.ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി നടത്തിയ പൊലീസ് പരിശോധനയിലാണ് അന്യസംസ്ഥാനതൊഴിലാളികൾ അത്താണിയിൽ നിന്ന് പിടിയിലായത്. പശ്ചിമബംഗാൾ മൂർഷിദാബാദ് സ്വദേശികളായ ഫിറോജ് മിയ (44), ബാബർ അലി (32), മണിപ്പൂർ സ്വദേശി നരേഷ് ദാസ് (72) എന്നിവരെയാണ് റൂറൽ ജില്ലാ ഡാൻസാഫ് ടീമും നെടുമ്പാശേരി പൊലീസും ചേർന്ന് പിടികൂടിയത്.
കേസ് 1
എറണാകുളം ചളിക്കവട്ടം ഭാഗത്ത് ലഹരികൈമാറ്റം നടക്കാൻ സാദ്ധ്യതയുണ്ടെന്ന വിവരത്തെത്തുടർന്ന് എക്സൈസ് നിരീക്ഷണം ശക്തമാക്കിയിരുന്നു. ആളൊഴിഞ്ഞ പറമ്പിൽ കഞ്ചാവ് നിക്ഷേപിക്കാനെത്തിയ ഷാരൂഖാനെ കൈയോടെ പിടികൂടുകയായിരുന്നു. സ്പെഷ്യൽ സ്ക്വാഡ് സർക്കിൾ ഇൻസ്പെക്ടർ എം. രഞ്ജിത് കുമാറിന്റെ നേതൃത്വത്തിലായിരുന്നു പരിശോധന. ലഹരി വില്പനക്കാരും ആവശ്യക്കാരും തമ്മിലുള്ള നേരിട്ടുള്ള കൈമാറ്റം ഒഴിവാക്കുന്ന രീതിയാണിത്. ആവശ്യക്കാരിൽ നിന്ന് മുൻകൂട്ടി പണം അക്കൗണ്ട് വഴി കൈപ്പറ്റിയ ശേഷം, പാഴ്സലുകൾ വിജനമായ സ്ഥലങ്ങളിൽ നിക്ഷേപിക്കും. തുടർന്ന് ഇതിന്റെ ഫോട്ടോയും ലൊക്കേഷനും അയച്ചുകൊടുക്കും. മെട്രോപില്ലറുകൾ, ഷോപ്പിംഗ് മാളുകൾ, ഇലക്ട്രിക്പോസ്റ്റ്, റസിഡന്റ്സ് അസോസിയേഷനുകൾ എന്നിവ കേന്ദ്രീകരിച്ചാണ് പ്രധാനമായും ഡ്രോപ്പിംഗ്.
കേസ് 2
രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ അത്താണി സിഗ്‌നൽ ജംഗ്ഷനിൽ നടന്ന പരിശോധനയിലാണ് കടത്ത് സംഘം കുടുങ്ങിയത്. ബാഗുകളിൽ തുണികൾക്കിടയിൽ പാക്ക് ചെയ്ത നിലയിലായിരുന്നു കഞ്ചാവ്. ഒഡിഷയിൽ നിന്ന് ട്രെയിൻ മാർഗം ബംഗളൂരുവിലെത്തിച്ച ശേഷം അവിടെ നിന്ന് ടൂറിസ്റ്റ് ബസിലാണ് കേരളത്തിലേക്ക് കടത്തിയത്. കൊച്ചി സിറ്റിയിലേക്കാണ് ലഹരിമരുന്ന് കൊണ്ടുവന്നതെന്ന് പ്രതികൾ സമ്മതിച്ചു. അറസ്റ്റിലായ ഫിറോജ് മിയ കഞ്ചാവ് കടത്തിലെ മുഖ്യകണ്ണിയാണെന്ന് പൊലീസ് പറഞ്ഞു. ഡി.വൈ.എസ്.പിമാരായ ജെ. ഉമേഷ് കുമാർ, എൻ. ബാബുക്കുട്ടൻ, നെടുമ്പാശേരി ഇൻസ്‌പെക്ടർ ബി.കെ. അരുൺ, സബ് ഇൻസ്‌പെക്ടർ അരുൺ ദേവ് എന്നിവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു. ജില്ലയിൽ എക്സൈസ് നിരീക്ഷണവും പട്രോളിംഗും ശക്തമാക്കിയതായി അധികൃതർ അറിയിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |