SignIn
Kerala Kaumudi Online
Sunday, 19 July 2026 9.17 PM IST

പൊളിച്ചു വിൽക്കാൻ ബൈക്ക് മോഷ്ടിക്കുന്ന സംഘം അറസ്റ്റിൽ

vishnu8

കൊച്ചി: പൊളിച്ചു വിൽക്കാൻ ബൈക്കുകൾ മോഷ്ടിക്കുന്ന സംഘത്തെ മലപ്പുറം പൊലീസിന്റെ സഹായത്തോടെ കൊച്ചി സിറ്റി പൊലീസ് അറസ്റ്റ് ചെയ്തു. എറണാകുളം നോർത്ത് റെയിൽവേ സ്റ്റേഷൻ റോഡിൽ പാർക്ക് ചെയ്ത 2.40 ലക്ഷം രൂപ വിലപിടിപ്പുള്ള ബൈക്ക് മോഷണം പോയ കേസിലാണ് പ്രതികൾ പിടിയിലായത്.

മോഷണ സംഘത്തിൽ നിന്ന് ബൈക്ക് വാങ്ങിയ പാലക്കാട് തൃത്താല ആനക്കര തച്ചാരവള്ളിൽ ടി.വി. മുഹമ്മദ് ജബീൽ (20), എറണാകുളത്ത് നിന്ന് ബൈക്ക് കടത്തിയ കുറ്റിപ്പുറം ചോലക്കൽ വീട്ടിൽ സി.കെ. വിഷ്ണു (21), മലപ്പുറം തവനൂർ കറുപ്പം വീട്ടിൽ റിജിൻദാസ് (22), കുറ്റിപ്പുറം ചിരട്ടക്കുന്ന് കുന്നത്തുവളപ്പിൽ നിതിൻ ദാസ് (21) എന്നിവരാണ് അറസ്റ്റിലായത്. മുഹമ്മദ് ജബീലിനെ എറണാകുളം നോർത്ത് പൊലീസും മറ്റുള്ളവരെ വളാഞ്ചേരി പൊലീസുമാണ് പിടികൂടിയത്.

തൃശൂർ കാട്ടുങ്കൽ കാവനാട് സ്വദേശി കെ.ജെ. അമൃത്‌രാജിന്റെ ബൈക്കാണ് 10ന് പുലർച്ചെ 2ന് കടത്തിക്കൊണ്ട് പോയത്. റെയിൽവേ സ്റ്റേഷൻ റോഡിലെ എ.സി.ഇ സ്യൂട്ട്സ് ഹോട്ടലിന് മുന്നിൽ പാ‌ർക്ക് ചെയ്തിരുന്ന ബൈക്കാണ് മോഷ്ടിച്ചത്.

മറ്റൊരു ബൈക്ക് മോഷണക്കേസിൽ വളാഞ്ചേരി പൊലീസിന്റെ അന്വേഷണമാണ് പ്രതികളിലേക്ക് നയിച്ചത്. മോഷ്ടിച്ച ബൈക്കിൽ ഹെൽമറ്റില്ലാതെ ഒരു പ്രതി സഞ്ചരിക്കുന്ന സി.സി ടിവി ദൃശ്യം പൊലീസിന് ലഭിച്ചിരുന്നു. ഇത് പിന്തുടർന്നുള്ള അന്വേഷണമാണ് അറസ്റ്റിൽ കലാശിച്ചത്. സംഘത്തിൽപ്പെട്ട മറ്റൊരു യുവാവിനെ ദിവസങ്ങൾക്ക് മുമ്പ് കൂത്താട്ടുകുളം പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.

റിജിൻദാസ് കുറ്റിപ്പുറം പൊലീസ് സ്റ്റേഷനിലെ നിരവധി ബൈക്ക് മോഷണക്കേസുകളിൽ പ്രതിയാണ്. വിഷ്ണുവിനും നിതിൻദാസിനും വളാഞ്ചേരി സ്റ്റേഷനിൽ സമാന കേസുകളുണ്ട്. ബൈക്കുകൾ ആക്രിക്കടകൾക്ക് കൈമാറുന്നത് മുഹമ്മദ് ജബീലാണ്. വിറ്റുകിട്ടുന്ന പണം മയക്കുമരുന്ന് വാങ്ങാനും ആഡംബര ജീവിതം നയിക്കാനും ഉപയോഗിക്കും. എറണാകുളം നോർത്ത് എസ്.എച്ച്.ഒ അനൂപ്, വളാഞ്ചേരി എസ്.എച്ച്.ഒ ആനന്ദ ബാബു എന്നിവരുടെ നേതൃത്വത്തിലാണ് അറസ്റ്റ്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: CRIME
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN CASE DIARY
PHOTO GALLERY
TRENDING IN CASE DIARY