
കൊച്ചി: പോക്സോ കേസിൽ ജാമ്യത്തിൽ കഴിയുന്ന പ്രതിയും കൂട്ടാളിയും മോഷ്ടിച്ച ബൈക്കുമായി പൊലീസിന്റെ രാത്രികാല വാഹനപരിശോധനയിൽ കുടുങ്ങി. കൊടുങ്ങല്ലൂർ എസ്.എൻ പുരം സ്വദേശികളായ കൃഷ്ണഘോഷ് (19), കെ.എസ്. അഭയ് (20) എന്നിവരെയാണ് ബൈക്ക് മോഷണക്കേസിൽ ചേരാനല്ലൂർ പൊലീസ് അറസ്റ്റുചെയ്തത്.
ചേരാനല്ലൂർ കുന്നുംപുറം സ്മാർട്ട് ഇന്ത്യ ഹോട്ടൽ വില്ലയിൽ പുതിയതായി നിർമ്മാണം നടക്കുന്ന കെട്ടിടവളപ്പിൽ നിന്നാണ് ബൈക്ക് കടത്തിയത്. കെട്ടിടത്തിന് പെയിന്റ് അടിക്കാനെത്തിയ പാലക്കാട് ചിറ്റൂർ സ്വദേശി ശിവദാസന്റെ ബൈക്കാണ് മോഷ്ടിച്ചത്. ഹോട്ടൽവളപ്പിൽ കെട്ടിടനിർമ്മാണ തൊഴിലാളികൾ തങ്ങുന്ന ഷെഡിൽ രാത്രി ആരുമില്ലാത്തനേരം അതിക്രമിച്ച് കടന്ന് ബൈക്കിന്റെ താക്കോൽ കൈവശപ്പെടുത്തിയാണ് കടത്തിയത്.
രാത്രി പാലാരിവട്ടം പൊലീസാണ് ബൈക്ക് തടഞ്ഞുനിറുത്തി പരിശോധിച്ചത്. മോഷണംപോയ ബൈക്കാണെന്ന് തിരിച്ചറിഞ്ഞതോടെ ചേരാനല്ലൂർ പൊലീസിന് കൈമാറി. മതിലകം പൊലീസ് സ്റ്റേഷനിൽ പോക്സോ കേസിലും കൊടുങ്ങല്ലൂർ, മതിലകം പൊലീസ് സ്റ്റേഷനുകളിൽ മയക്കുമരുന്ന് കേസുകളിലും പ്രതിയാണ് കൃഷ്ണഘോഷ്. കൊടുങ്ങല്ലൂർ സ്റ്റേഷനിൽ അടിപിടി കേസുകളിലെ പ്രതിയാണ് അഭയ്. ഇരുവരും മുമ്പ് ബൈക്ക് മോഷണത്തിന് പിടിലായിട്ടുണ്ടോ എന്ന് പൊലീസ് പരിശോധിക്കുന്നു.
എസ്.എച്ച്.ഒ ജയശങ്കർ, എസ്.ഐ സച്ചിൻ എന്നിവരുടെ നേതൃത്വത്തിലാണ് അന്വേഷണം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |