SignIn
Kerala Kaumudi Online
Tuesday, 12 May 2026 9.18 PM IST

കഷ്ടപ്പാടിന്റെ കനൽവഴി താണ്ടി: എൽ.ഐ.സി ഏജന്റിൽ നിന്ന് വി.ടി സൂരജ് എം.എൽ.എയിലേക്ക്

Increase Font Size Decrease Font Size Print Page
sooraj

കോഴിക്കോട്: 'പാർട്ടി കളിച്ചു നടക്കുമ്പോൾ അമ്മ പറയാറുണ്ടായിരുന്നു, വല്ല പണിക്കും പോടാ, പൊര (വീട്) നോക്കണ്ടേ, അച്ഛനെക്കൊണ്ട് കൂട്ടിയാൽ കൂടുമോ..! എന്നിട്ടും പാർട്ടിക്കൊടിക്കുള്ളിൽ ഒളിച്ചുനടന്നു. ഒടുക്കം ഒട്ടും പ്രതീക്ഷിക്കാതെ ഇപ്പോൾ എം.എൽ.എയായപ്പോൾ പറഞ്ഞറിയിക്കാനാവാത്ത സന്തോഷം...'

ഇടതുകോട്ടയായ ബാലുശ്ശേരിയിൽ നിന്ന് വിജയിച്ച കോൺഗ്രസ് സ്ഥാനാർത്ഥി വി.ടി സൂരജിന്റെ കണ്ഠമിടറി. 'ആദ്യം ആശങ്കയുണ്ടായിരുന്നു. എന്നാൽ പ്രചാരണത്തിനിറങ്ങി ഒന്നരയാഴ്ച പിന്നിട്ടപ്പോൾ ജനങ്ങൾ എന്നെ ഇഷ്ടപ്പെടുന്നുണ്ടെന്ന് മനസിലായി. അപ്പോഴുണ്ടായ വിജയപ്രതീക്ഷ യാഥാർത്ഥ്യമായി' സൂരജ് പറഞ്ഞു. കൂലിപ്പണിക്കാരനായ നാരായണന്റെ മകനാണ് പേരാമ്പ്ര എരവട്ടൂർ സ്വദേശിയായ ഈ മുപ്പതുകാരൻ. അമ്മ പുഷ്പ സഹകരണ സംഘത്തിൽ കളക്ഷൻ ഏജന്റാണ്. പഠനം പ്ലസ്ടുവിലെത്തിയപ്പോൾ വരുമാനം സ്വന്തമായുണ്ടാക്കാൻ തോന്നി. അങ്ങനെ എൽ.ഐ.സി ഏജന്റായി. കുട്ടിക്കാലത്ത് സൂരജ് ജവഹർ ബാലജനവേദി രൂപീകരണത്തിലും ക്യാമ്പുകളിലും പങ്കെടുത്തിരുന്നു. വാകയാട് സ്‌കൂളിൽ കെ.എസ്.യു യൂണിറ്റ് ഭാരവാഹിയായി. ചേളന്നൂർ എസ്.എൻ കോളേജിലായിരിക്കെ കെ.എസ്.യു ജില്ലാ വൈസ്‌പ്രസിഡന്റും തുടർന്ന് ജില്ലാ പ്രസിഡന്റുമായി. '2024ൽ എട്ടാം ക്ലാസ് മുതൽ പ്ലസ്ടു വരെയുള്ള ചോദ്യപേപ്പർ ചോർന്നതിനെതിരെ ശക്തമായ സമരം നടത്തി. പൊലീസ് മർദ്ദനവും അറസ്റ്റും ജയിൽവാസവുമുണ്ടായി. വിദ്യാഭ്യാസ വകുപ്പ് ഇടപെട്ട് ചോദ്യപേപ്പർ വിതരണരീതി മാറ്റി. ഇത് വലിയ സമരനേട്ടമായിരുന്നു''വാക്കുകളിൽ ചോരാത്ത സമരവീര്യം.

എസ്.എസ്.എൽ.സിക്ക് ഫുൾ എ പ്ലസ് കിട്ടിയ കുട്ടികൾക്ക് പോലും പ്ലസ് വൺ സീറ്റ് കിട്ടാത്തതിൽ പ്രതിഷേധിച്ച് നിരന്തര സമരം നടത്തി. ഫുൾ എ പ്ലസ് കിട്ടിയ കുട്ടികളെ അണിനിരത്തി നടത്തിയ സമരത്തിന്റെ സിരാകേന്ദ്രമായി കോഴിക്കോട് മാറി. അതോടെ എല്ലാവർക്കും പ്രവേശനം കിട്ടി.

പൊളിച്ചത് ഇടതുകോട്ട

സമരവീര്യമാണ് സൂരജിനെ ശ്രദ്ധേയനാക്കിയത്. നാലര പതിറ്റാണ്ടായി ഇടതുകോട്ടയായ ബാലുശ്ശേരി പിടിക്കാൻ സൂരജിനാകുമെന്ന് പാർട്ടി വിലയിരുത്തി. കഴിഞ്ഞ നിയമസഭയിലെ ഏറ്റവും പ്രായം കുറഞ്ഞ എം.എൽ.എ സച്ചിൻദേവിനെയാണ് 16,980 വോട്ടിന് തോൽപ്പിച്ചത്. 33കാരനായ സച്ചിൻദേവിനേക്കാൾ മൂന്ന് വയസ് കുറവാണ് സൂരജിന്. അവിവാഹിതനാണ്.

TAGS: SOORAJ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA