
തിരുവനന്തപുരം: അമ്മയോടൊപ്പം ചേർന്ന് നടത്തിയ പശുവളർത്തലിന്റെയും കോളേജ് കാലത്തെ പോക്കറ്റ് മണിയുടെയും അനുഭവങ്ങൾ പങ്കുവച്ച് മുഖ്യമന്ത്രി വി.ഡി.സതീശൻ. ലോകക്ഷീര ദിനാഘോഷത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം തിരുവനന്തപുരം ജവഹർ സഹകരണ ഭവനിൽ നിർവഹിക്കുകയായിരുന്നു അദ്ദേഹം. 'കുട്ടിക്കാലത്ത് വീട്ടിൽ പശുക്കളുണ്ടായിരുന്നു. അമ്മയ്ക്കായിരുന്നു മേൽനോട്ടം. അമ്മയെ സഹായിക്കാൻ, തൊഴുത്ത് കഴുകലും പുല്ലും വയ്‌ക്കോലും എത്തിക്കലും പതിവായിരുന്നു.
പാൽ വിറ്റുള്ള വരുമാനം അമ്മയുടെ സ്വകാര്യ സമ്പാദ്യമായിരുന്നു. കോളേജ് പഠനകാലത്ത് ഉൾപ്പെടെ ഇതിൽ നിന്ന് പണം, അമ്മ ചെലവിന് നൽകി. നെയിൽ പോളിഷ് ഇട്ടുനടക്കുന്നവരെ പോലെയല്ല ക്ഷീരകർഷകരായ സ്ത്രീകളുടെ വിരലുകൾ. കുഴിനഖം ബാധിച്ച അവരുടെ വിരലുകൾ കഷ്ടപ്പാടിന്റെ അടയാളമാണ്. അതുകൊണ്ട് കൃത്യമായ വരുമാനം ലഭ്യമാക്കണമെന്നാണ് ആഗ്രഹം. ക്ഷീരവകുപ്പിൽ നോട്ടമുണ്ടായിരുന്നു. എന്നാൽ ബിന്ദുകൃഷ്ണ അത് ഭംഗിയായി കൈകാര്യം ചെയ്യുമെന്നതിനാൽ നൽകി. പാലിൽ മായം ചേർക്കുന്നത് കണ്ടുപിടിക്കാൻ, പുതിയ സാങ്കേതികവിദ്യകൾ ഉപയോഗിക്കും"- അദ്ദേഹം പറഞ്ഞു. മന്ത്രി ബിന്ദു കൃഷ്ണ അദ്ധ്യക്ഷത വഹിച്ചു. മിൽമ ചെയർമാന്മാരായ കെ.എസ്.മണി, മണി വിശ്വനാഥ്, സി.എൻ.വൽസലൻപിള്ള, അഡീഷണൽ ചീഫ് സെക്രട്ടറി മിൻഹാജ് ആലം തുടങ്ങിയവർ പങ്കെടുത്തു.
വിപണിയിൽ കാലിത്തീറ്റയ്ക്ക് വിലനിർണ്ണയം നടത്തുന്നതിൽ സർക്കാർ നിയന്ത്രണം ഏർപ്പെടുത്തും. പാൽവില വർദ്ധിപ്പിക്കുന്നതിന് സമാന്തരമായി കാലിത്തീറ്റയുടെ വിലയും വർദ്ധിക്കുന്നു. ഇതോടെ വില വർദ്ധനവിന്റെ ഗുണം കർഷകർക്ക് ലഭിക്കാതാകുന്നു.
വി.ഡി.സതീശൻ
മുഖ്യമന്ത്രി
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |