SignIn
Kerala Kaumudi Online
Sunday, 31 May 2026 12.54 PM IST

വിധിയെഴുതിയ പേന കുത്തിയൊടിച്ച് ജഡ്ജി

court

തിരുവനന്തപുരം: വിനീത കൊലക്കേസിൽ പ്രതി രാജേന്ദ്രന് വധശിക്ഷാ വിധിയെഴുതിയ പേന ജഡ്ജി പ്രസൂൺ മോഹൻ കുത്തിയൊടിച്ച് ഉപേക്ഷിച്ചു. വധശിക്ഷ വിധിക്കുന്ന ഉത്തരവുകളെഴുതിയ പേന ജഡ്ജിമാർ പലപ്പോഴും കുത്തിയൊടിക്കാറുണ്ട്. ഒരിക്കൽ വധശിക്ഷ വിധിച്ച് വിധിന്യായത്തിൽ ഒപ്പിട്ടാൽ ജഡ്ജി അതു പുനഃപരിശോധിക്കുന്നതിനെക്കുറിച്ച് ആലോചിക്കുന്നത് ഒഴിവാക്കാൻ വേണ്ടിയാണിതെന്നാണ് വിശ്വാസം. ഒരു വ്യക്തിയുടെ ജീവൻ അപഹരിക്കുകയാണ് വധശിക്ഷാ വിധിയിലൂടെ പേന ചെയ്യുന്നത്. ഈ പേന ഇനിയൊരിക്കലും മറ്റ് ആവശ്യങ്ങൾക്കായി ഉപയോഗിക്കരുത് എന്ന വിശ്വാസവുമുണ്ട്.

യുവമോർച്ച സംസ്ഥാന വൈസ് പ്രസിഡന്റായിരുന്ന കെ.ടി.ജയകൃഷ്ണനെ ക്ലാസ് മുറിയിൽ, കുട്ടികളുടെ മുന്നിലിട്ടു വെട്ടിക്കൊന്ന കേസിലെ സി.പി.എമ്മുകാരായ 5 പ്രതികൾക്കു 2003 ഓഗസ്റ്റിൽ വധശിക്ഷ വിധിച്ച തലശേരി അഡിഷണൽ സെഷൻസ് ജഡ്ജി കെ.കെ.ചന്ദ്രദാസ് പേനയുടെ മുന കുത്തിയൊടിച്ചിരുന്നു. ആലുവയിൽ അതിഥിത്തൊഴിലാളിയുടെ 5 വയസുള്ള കുഞ്ഞിനെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചു കൊലപ്പെടുത്തിയ കേസിലെ പ്രതി ബിഹാർ സ്വദേശി അസഫാക് ആലത്തിനെ തൂക്കിലേറ്റാൻ വിധിച്ചശേഷം ജഡ്ജി കെ.സോമനും പേനയുടെ മുന മേശപ്പുറത്ത് കുത്തിയൊടിച്ചു.

വിഴിഞ്ഞം ശാന്തകുമാരി കൊലക്കേസിൽ, 3 പ്രതികൾക്കു വധശിക്ഷ വിധിച്ച നെയ്യാറ്റിൻകര അഡിഷണൽ ജില്ലാ സെഷൻസ് കോടതി ജഡ്ജി എ.എം.ബഷീറും വിധിന്യായം വായിച്ചശേഷം പേനയുടെ നിബ് ഒടിച്ചു. അതേസമയം, ഷാരോൺ കേസിൽ പ്രതി ഗ്രീഷ്‌മയ‌്ക്ക് വധശിക്ഷ വിധിച്ചപ്പോൾ അദ്ദേഹം അത് ചെയ്തിരുന്നില്ല. ജസ്‌റ്റിസ് ബി.കെമാൽ പാഷ സെഷൻസ് ജഡ്‌ജിയായിരിക്കെ 13 കൊലക്കേസുകളിലായി 14 പ്രതികൾക്കു വധശിക്ഷ നൽകി. വിധി പ്രഖ്യാപിച്ച ഉടൻ ആ പേനകളുടെ മുന കുത്തിയൊടിച്ചു.

കാശ്മീർ സംഭവത്തിൽ

മൗനാചരണം

വിനീത കൊലക്കേസിൽ വിധിന്യായം വായിക്കും മുൻപ് കാശ്മീരിലെ പെഹൽഗാമിൽ ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ടവരോടുള്ള ആദരസൂചകമായി കോടതിയിൽ രണ്ട് മിനിറ്റ് മൗനമാചരിച്ചു. ജഡ്ജി പ്രസൂൺ മോഹനന്റെ അഭ്യർത്ഥന പ്രകാരം കോടതി ജീവനക്കാരും അഭിഭാഷകരുമടക്കം എഴുന്നേറ്റ് നിന്ന് മൗനാചരണം നടത്തി.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: COURT
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA