SignIn
Kerala Kaumudi Online
Friday, 15 May 2026 3.57 AM IST

തീരുമാനം അംഗീകരിച്ചെങ്കിലും ചെന്നിത്തലയ്ക്ക് കടുത്ത അതൃപ്തി

ramesh-chennithala

തിരുവനന്തപുരം: അവസാന നിമിഷം വരെ പ്രതീക്ഷയുണ്ടായിരുന്ന മുഖ്യമന്ത്രി പദത്തിൽ നിന്ന് ഒഴിവാക്കിയതിലുള്ള അതൃപ്തി പ്രകടിപ്പിച്ച് മുതിർന്ന നേതാവ് രമേശ് ചെന്നിത്തല. അസംതൃപ്തി രാഹുൽ ഗാന്ധിയെ അറിയിച്ചതായാണ് സൂചന. പാർലമെന്ററി പാർട്ടി യോഗത്തിൽ പങ്കെടുത്തില്ല. എന്നാൽ വി.ഡി.സതീശനെ പിന്തുണച്ച് കത്തു നൽകി. ഗുരുവായൂരിലേക്ക് പോയെന്നാണ് അടുപ്പക്കാർ പറഞ്ഞത്.

മന്ത്രിസഭയിൽ സുപ്രധാന സ്ഥാനം ഉറപ്പാണ്. സ്വീകരിക്കാൻ തയ്യാറായേക്കുമോ എന്നതാണ് പ്രധാനം. തന്നേക്കാൾ ജൂനിയറായ മുഖ്യമന്ത്രിക്ക് കീഴിൽ പ്രവർത്തിക്കേണ്ടി വരുമെന്നത് അലോസരപ്പെടുത്തുന്നു. മന്ത്രിസഭയിലേക്ക് ഇല്ലെന്ന് അടുപ്പക്കാരോട് പറഞ്ഞതായും കേൾക്കുന്നു.

ചെന്നിത്തലയെ ഒഴിവാക്കി മന്ത്രിസഭ രൂപീകരിച്ചാൽ വലിയൊരു വിഭാഗം കോൺഗ്രസ് പ്രവർത്തകർക്കും നേതാക്കൾക്കും നിരാശയാവും. ഇപ്പോഴത്തെ സ്ഥിതിയിൽ മറ്റെന്തെങ്കിലും പദവി പ്രായോഗികവുമല്ല. അനുനയിപ്പിച്ച് ഒപ്പം നിർത്തുക എന്നതാണ് പരിഹാരം. അതിന് വി.ഡി.സതീശൻ തന്നെ മുൻകൈ എടുക്കേണ്ടിയും വരും.

രാവിലെ മുതൽ വഴുതക്കാട്ടുള്ള അദ്ദേഹത്തിന്റെ വീട്ടിലും പരിസരത്തുമായി എം.എൽ.എമാരുൾപ്പെടെ വലിയ ജനക്കൂട്ടം എത്തിയിരുന്നു. മുൻ മന്ത്രിയും സീനിയർ നേതാവുമെന്ന നിലയ്ക്ക് ഹൈക്കമാൻഡ് തീരുമാനം അനുകൂലമാകുമെന്നാണ് ആർ.സി ക്യാമ്പ് വിശ്വസിച്ചിരുന്നത്. സമൂഹ മാദ്ധ്യമങ്ങളിൽ ചർച്ചകൾ മുറുകുമ്പോഴും തികഞ്ഞ മൗനം പാലിക്കാനും ചെന്നിത്തല ശ്രദ്ധിച്ചു. പ്രഖ്യാപനം നടത്തും മുമ്പ് രാഹുൽഗാന്ധി അനുനയിപ്പിക്കാൻ ചെന്നിത്തലയെ വിളിച്ചിരുന്നതായും കേൾക്കുന്നു.

പ്രതീക്ഷക്കൊടുവിൽ

നിരാശയിൽ 'ദേവദത്തം'

തിരുവനന്തപുരം: വഴുതക്കാട് കൃഷ്ണവിലാസം റോഡിലെ 'ദേവദത്തം' വീട്ടിലേക്ക് രാവിലെ കോൺഗ്രസ് പ്രവർത്തകർ എത്തുമ്പോൾ നിറപുഞ്ചിരിയോടെയാണ് രമേശ് ചെന്നിത്തല പുറത്തേക്ക് വന്നത്. മാദ്ധ്യമപ്രവർത്തകർ വന്നപ്പോഴും സന്തോഷത്തോടെ കുശലാന്വേഷണം. 'ചായവേണോ' എന്ന് ചോദ്യം. കാമറകൾ ദൃശ്യങ്ങൾ പകർത്തിയപ്പോഴും ചിരിയോടെ നിന്നു. ജ്യോതികുമാർ ചാമക്കല ഉൾപ്പെടെ അടുപ്പമുള്ള നേതാക്കളും പ്രവർത്തകരും ചുറ്റുമുണ്ടായിരുന്നു. മുഖ്യമന്ത്രി സ്ഥാനത്തേക്ക് സീനിയോറിറ്റി പരിഗണിക്കുമെന്ന് എല്ലാവരും കരുതി. ശുഭവാർത്തക്കായി അവർ കാത്തിരുന്നു.
എന്നാൽ ആകാംക്ഷയും പ്രതീക്ഷയും പൊടുന്നനെ നിരാശയിലേക്ക് കൂപ്പുകുത്തി. മുഖ്യമന്ത്രി സ്ഥാനത്തേക്ക് വി.ഡി സതീശൻ വരുന്നുവെന്ന ഡൽഹി പ്രഖ്യാപനം

എല്ലാവരെയും നിരാശയിലാക്കി. വീട്ടിനുള്ളിൽ കഴിച്ചുകൂട്ടിയ ചെന്നിത്തല, ഫോണിൽ പലരുമായും സംസാരിക്കുന്നുണ്ടായിരുന്നു. മാദ്ധ്യമങ്ങൾ പ്രതികരണം പ്രതീക്ഷിച്ച് പുറത്ത് കാത്തുനിന്നെങ്കിലും അദ്ദേഹം വന്നില്ല. കുറേക്കഴിഞ്ഞ് പുറത്തേക്ക് വന്ന ജ്യോതികുമാർ ചാമക്കല രമേശ് ചെന്നിത്തല ഗുരുവായൂരിലേക്ക് പോകാനായി വീട്ടിൽനിന്നു ഇറങ്ങിയതായി അറിയിച്ചു. വീടിന് മുന്നിൽ മാദ്ധ്യമപ്രവർത്തകരുടെ തിരക്കായതിനാൽ പിന്നിലെ വഴിയിലൂടെയാണ് പോയതെന്നും ജ്യോതികുമാർ വിശദീകരിച്ചു. ആ വഴിയേ പോയതെന്തെന്ന മാദ്ധ്യമപ്രവർത്തകരുടെ ചോദ്യത്തിന് 'ആ വഴിയും അദ്ദേഹം ഉപയോഗിക്കാറുണ്ടെന്നും അദ്ദേഹത്തിന്റെ വീട്ടിലെ വഴിയല്ലേ ഉപയോഗിക്കുന്നത്' എന്നുമായിരുന്നു ജ്യോതികുമാറിന്റെ പ്രതികരണം.
ചെന്നിത്തല പോയെങ്കിലും പ്രവർത്തകരിൽ ഒരുവിഭാഗം ഉച്ചകഴിഞ്ഞും 'ദേവദത്തം' വീടിന്റെ വരാന്തയിൽ തുടർന്നു. ആഭ്യന്തര മന്ത്രി പദവിയെങ്കിലും ലഭിക്കുമെന്ന പ്രതീക്ഷ അവരിൽ പലരും പങ്കുവച്ചു. ഹൈക്കമാൻഡ് തീരുമാനത്തിൽ ചെന്നിത്തലക്കുള്ള അതൃപ്തിയുടെ തുടർച്ച എന്താവുമെന്ന ആശങ്കയും അവരിൽ ചിലർക്കുണ്ടായിരുന്നു.

Add as a preferred source on Google
TAGS: DD
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA