SignIn
Kerala Kaumudi Online
Saturday, 22 August 2026 5.13 AM IST

മാസപ്പടി: വീണയുടെ കുറിപ്പിൽ ഇ.ഡി മുന്നോട്ട്

e

കൊച്ചി: മാസപ്പടിക്കേസിൽ വീണാ വിജയനിൽനിന്ന് പിടിച്ചെടുത്ത കുറിപ്പുകളും ലേക്കർ ഇന്ത്യ നടത്തിയ ഇടപാടുകളും കേന്ദ്രീകരിച്ച് എൻഫോഴ്സ്‌മെന്റ് ഡയറക്‌ടറേറ്റ് (ഇ.ഡി) അന്വേഷണം വിപുലീകരിക്കും. റെയ്ഡ് നടത്തിയ എട്ടിടങ്ങൾക്ക് പുറമെ കുറിപ്പിൽ പരാമർശിക്കുന്ന മറ്റുള്ളവരുമായുള്ള ഇടപാടുകളും അന്വേഷിക്കും.

വീണ എഴുതിയതെന്ന് ഇ.ഡി കണ്ടെത്തിയ കുറിപ്പുകളിലെ കൈപ്പട ഉൾപ്പെടെ ഉറപ്പിക്കാൻ ശാസ്ത്രീയപരിശോധനകളും നടത്തും. കുറിപ്പുകൾ തെളിവായി സ്ഥാപിക്കാൻ കൈപ്പട വീണയുടേതെന്ന് സ്ഥിരീകരിക്കണം. കഴിഞ്ഞദിവസം കോഴിക്കോട്ടെ എട്ടിടങ്ങളിൽ നടത്തിയ റെയ്ഡിൽ ലഭിച്ച വിവരങ്ങൾ വിശദമായി ഇ.ഡി വിലയിരുത്തുന്നു. ഇടപാടുകളുമായി ബന്ധപ്പെട്ട് ചില ബാങ്കുകളിൽനിന്ന് കൂടുതൽ രേഖകൾ ശേഖരിക്കുന്നുണ്ട്. വീണാവിജയന്റെ ഭർത്താവും സി.പി.എം നേതാവുമായ മുഹമ്മദ് റിയാസ് എം.എൽ.എയുമായി അടുപ്പമുള്ളവരും നിരീക്ഷണത്തിലാണ്. റിയാസിന്റെ മൊഴി രേഖപ്പെടുത്തുന്നത് സംബന്ധിച്ച നിയമോപദേശവും തേടിയതായി സൂചനകളുണ്ട്.

ഫെമ ലംഘനം: പിഴയും

തടവും കിട്ടാവുന്ന കുറ്റം

വിദേശത്തേക്ക് ഹവാലയായി വീണാ വിജയൻ 85 ലക്ഷം രൂപ കടത്തിയെന്ന കണ്ടെത്തലിൽ വിദേശനാണ്യ വിനിമയച്ചട്ടം (ഫെമ) ചുമത്തുന്നതിനും നടപടികൾ തുടരുകയാണ്. കടത്തിയ തുകയുടെ മൂന്നിരട്ടി പിഴയും പരമാവധി അഞ്ചുവർഷംവരെ തടവുശിക്ഷയും ലഭിക്കാവുന്നതാണ് ഫെമ ലംഘനക്കുറ്റമെന്ന് നിയമവൃത്തങ്ങൾ പറഞ്ഞു.

കടത്തിയതുക കൃത്യമായി നിർണയിക്കാൻ കഴിഞ്ഞാൽ മൂന്നിരട്ടി (300 ശതമാനം) പിഴ ഈടാക്കാൻ നിയമമുണ്ട്. തുക കൃത്യമായി കണക്കാക്കാൻ കഴിഞ്ഞില്ലെങ്കിൽ രണ്ടുലക്ഷം രൂപവരെ പിഴചുമത്താം. പിഴ 90 ദിവസത്തിനകം അടച്ചില്ലെങ്കിൽ പ്രതിയെ ജയിലിൽ അടയ്‌ക്കാനും വ്യവസ്ഥയുണ്ട്.

ഒരുകോടി രൂപയ്‌ക്ക് മുകളിൽ കടത്തുകയോ വിദേശത്ത് സൂക്ഷിക്കുകയോ ചെയ്‌താൽ അഞ്ചുവർഷം വരെ തടവുശിക്ഷ ലഭിക്കാം. കടത്തിയ തുകയ്‌‌ക്ക് തുല്യമായ മൂല്യമുള്ള സ്വത്തുക്കൾ കണ്ടുകെട്ടാനും ഫെമയിൽ വ്യവസ്ഥയുണ്ട്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: VEENA VIJAYAN
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA