
തിരുവനന്തപുരം: ഓണക്കാലത്ത് സംസ്ഥാനത്തേക്ക് എത്തുന്ന ഭക്ഷ്യവസ്തുക്കളുടെ ഗുണനിലവാരവും സുരക്ഷിതത്വവും ഉറപ്പാക്കാൻ അതിർത്തി ചെക്ക്പോസ്റ്റുകളിൽ 24 മണിക്കൂർ നിരീക്ഷണവും പരിശോധനയും ഏർപ്പെടുത്തി ഭക്ഷ്യസുരക്ഷാ വകുപ്പ്.
ആര്യങ്കാവ്, കുമളി, വാളയാർ, മീനാക്ഷിപുരം, കാറാളി എന്നീ അഞ്ച് ചെക്ക്പോസ്റ്റുകളിലാണ് മൊബൈൽ ഫുഡ് ടെസ്റ്റിംഗ് ലാബുകളുടെ സേവനം ഉപയോഗിച്ചുളള പ്രത്യേക പരിശോധന. ഓണക്കാലത്ത് കേരളത്തിലേക്ക് വൻതോതിൽ എത്തുന്ന പഴങ്ങൾ, പച്ചക്കറികൾ, പാൽ, പാലുൽപ്പന്നങ്ങൾ, ഭക്ഷ്യഎണ്ണകൾ, ശർക്കര തുടങ്ങിയവയുടെ ഗുണനിലവാരം പരിശോധിക്കുന്നതിനാണ് പ്രത്യേകനിരീക്ഷണ സംവിധാനം. ഭക്ഷ്യസുരക്ഷാ ഉദ്യോഗസ്ഥരും മൊബൈൽ ഫുഡ് ടെസ്റ്റിംഗ് ലാബ് വിദഗ്ധരും വാഹനങ്ങൾ പരിശോധിച്ച് ഭക്ഷ്യവസ്തുക്കളിൽ തത്സമയ പരിശോധനകൾ നടത്തുന്നുണ്ട്. സേഫ് ഓണം പ്രവർത്തനങ്ങളുടെ ഭാഗമായാണ് ചെക്ക്പോസ്റ്റ് നിരീക്ഷണങ്ങൾ ശക്തമാക്കിയത്.
ഓൺലൈൻ ഓണവിപണിയും സജീവമായിരിക്കെ ഓൺലൈൻ വിപണന കേന്ദ്രങ്ങളുടെ ഗോഡൗണുകളിലും പരിശോധന കർശനമാക്കി.
ഫ്‌ലിപ്കാർട്ട്, ബിഗ് ബാസ്‌ക്കറ്റ്, ബ്ലിങ്കിറ്റ് തുടങ്ങിയ വിപണനകേന്ദ്രങ്ങളുടെ ഗോഡൗണുകളിലാണ് (ഇ-കൊമേഴ്‌സ് ഡാർക്ക് സ്റ്റോറുകൾ) പ്രത്യേക പരിശോധന നടത്തിയത്. ഓണം സ്‌പെഷ്യൽ സ്‌ക്വാഡിൻ്റെ ഭാഗമായി ഡാർക്ക് സ്റ്റോറുകളിലായി 80 പരിശോധനകൾ പൂർത്തിയാക്കി. ഗോഡൗണുകളിൽ നിന്ന് നെയ്യ്, ശർക്കര, പായസം മിക്‌സ്, വെളിച്ചെണ്ണ എന്നിവയുൾപ്പെടെ ഓണക്കാലത്ത് ഏറ്റവുമധികം ഉപയോഗിക്കപ്പെടുന്ന ഭക്ഷ്യവസ്തുക്കളുടെ സാമ്പിളുകൾ പരിശോധനയ്ക്ക് അയച്ചു.
ക്രമക്കേടുകളിൽ കർശന നടപടി: മന്ത്രി കെ.മുരളീധരൻ
പരിശോധനയിൽ ക്രമക്കേടുകൾ കണ്ടെത്തുന്ന സ്ഥാപനങ്ങൾക്കെതിരെ ഭക്ഷ്യസുരക്ഷാ നിയമപ്രകാരം കർശന നടപടി സ്വീകരിക്കുമെന്ന് മന്ത്രി കെ.മുരളീധരൻ. ഓണക്കാലത്ത് പലരും ഓൺലൈനായി ഭക്ഷ്യവസ്തുക്കൾ വാങ്ങുന്ന സാഹചര്യത്തിലാണ് ഈ മേഖലയിലേക്ക് കൂടി ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ പരിശോധന വ്യാപിപ്പിച്ചതെന്ന് മന്ത്രി പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |