
കാസർകോട്: അച്ഛനെയും പ്ലസ്‌ടു വിദ്യാർത്ഥിനിയായ മകളെയും വാടക വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കാണപ്പെട്ടു. കർണ്ണാടക സ്വദേശിയും കാസർകോട് മീപ്പുഗിരിയിൽ താമസക്കാരനുമായ ഗണേശൻ (55), പരവനടുക്കം ഗവ. ഹയർ സെക്കൻഡറി സ്‌കൂളിൽ പ്ലസ്‌ടു വിദ്യാർത്ഥിനിയായ മകൾ വൈഷ്‌ണവി (17) എന്നിവരെയാണ് ചെമ്മനാട്, കോളിയടുക്കം, ശിവപുരം ക്ഷേത്രത്തിനു സമീപത്തെ ഇരു നില വാടക വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കാണപ്പെട്ടത്.
ഹോം നഴ്സും കോഴിക്കോട് സ്വദേശിനിയുമായ ഭാര്യ ഓമന ജോലി സ്ഥലത്തും മകൻ വിഷ്ണു കാറ്ററിംഗ് ജോലിക്കും പോയതായിരുന്നു.
ശനിയാഴ്ച രാത്രി 11.10ഓടെ വിട്ടിൽ നിന്ന് പുറത്തിറങ്ങി അയൽവീട്ടിലെത്തിയ ഗണേശൻ മകളെ കാണാനില്ലെന്ന് പറഞ്ഞത്രെ. കേട്ടവർ ആദ്യം ഇതു വിശ്വസിച്ചില്ല. വീട്ടിലേയ്ക്ക് തിരിച്ചു പോയ ഗണേശൻ അകത്തു കയറി വാതിൽ കൊട്ടിയടച്ചു. ഇതോടെ സംശയം തോന്നിയ അയൽവാസികൾ വിവരം മേൽപ്പറമ്പ് പൊലീസിനെ അറിയിച്ചു. പൊലീസെത്തിയപ്പോൾ വീടിന്റെ വാതിൽ അകത്ത് നിന്ന് പൂട്ടിയ നിലയിലായിരുന്നു. ബലം പ്രയോഗിച്ച് അകത്ത് കയറി നോക്കിയപ്പോഴാണ് വൈഷ്‌ണവിയെയും ഗണേശനെയും ഒരേ ഫാനിന്റെ ഹുക്കിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടത്. തുടർന്ന് വീടിന് പൊലീസ് കാവൽ ഏർപ്പെടുത്തി. ഞായർ രാവിലെ പൊലീസെത്തി ഇൻക്വസ്റ്റ് നടത്തി.
ഏതാനും മാസങ്ങൾക്ക് മുമ്പാണ് ഗണേശനും കുടുംബവും ശിവപുരത്തെ വീട്ടിലേക്ക് താമസം മാറിയെത്തിയത്. പ്ലസ്ടു സയൻസ് വിദ്യാർത്ഥിനിയായ വൈഷ്‌ണവി പഠിക്കാൻ മിടുക്കിയായിരുന്നു. ആത്മഹത്യയുടെ കാരണം വ്യക്തമായിട്ടില്ല. മേൽപ്പറമ്പ് പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |