പത്തനംതിട്ട: ശബരിമല സന്നിധാനത്ത് തിരുവോണ സദ്യ മുടങ്ങിയെന്ന ആരോപണത്തിൽ ദേവസ്വം മന്ത്രി കെ മുരളീധരനെ തള്ളി തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് കെ ജയകുമാർ. സദ്യ കൊടുക്കുന്നതിൽ വീഴ്‌ചയുണ്ടായില്ല. മന്ത്രിയെ ആരെങ്കിലും തെറ്റിദ്ധരിപ്പിച്ചതാകാമെന്നും കെ ജയകുമാർ പറഞ്ഞു.
'സദ്യ നടത്തുന്നത് വേണ്ടായെന്ന് ഞങ്ങളും തീരുമാനിച്ചിരുന്നു. പിന്നീട് ദേവസ്വം ബോർഡ് നേരിട്ട് ജീവനക്കാരുടെ മെസിൽ ജീവനക്കാർക്ക് സദ്യ കൊടുക്കാനും അന്ന് അവിടെനിന്ന് ഭക്ഷണം കഴിക്കുന്ന തീർത്ഥാടകർക്ക് ആ സദ്യ കൊടുക്കാനുമാണ് തീരുമാനിച്ചത്. മെസിലെ സദ്യ മൂവായിരം ഭക്തർക്ക് കൊടുത്തു. എല്ലാ പൊലീസുകാർക്കും ഡ്യൂട്ടിയിലുണ്ടായിരുന്ന ജീവനക്കാർക്കും കൊടുത്തു.
മൂവായിരം ഭക്തർ കഴിച്ചുവെന്നതിന്റെ രേഖ കൃത്യമായി ചോദിച്ചിട്ടുണ്ട്. വിഷയത്തിൽ വ്യാപകമായി പരാതിയുണ്ടെന്നതിനെക്കുറിച്ച് ഞങ്ങൾക്കറിയില്ല. വലിയൊരു വീഴ്‌ചയുണ്ടായെന്ന് ചിത്രീകരിക്കുന്നത് സത്യത്തിന് വിരുദ്ധമാണ്. മന്ത്രിക്ക് ലഭിച്ച വിവരം ശരിയല്ലായിരിക്കാം. അത് ഞങ്ങൾ അദ്ദേഹത്തിന് വ്യക്തമാക്കും. സദ്യയെക്കുറിച്ച് ആവശ്യമില്ലാത്ത ദുരൂഹത പരത്തുകയാണ്'- കെ ജയകുമാർ വ്യക്തമാക്കി.
സദ്യ മുടങ്ങിയെന്ന ആരോപണം അടിയന്തരമായി അന്വേഷിക്കാൻ തിരുവിതാംകൂർ ദേവസ്വം ബോർഡിന് മന്ത്രി കെ.മുരളീധരൻ നിർദ്ദേശം നൽകിയിരിക്കുകയാണ്. മുൻ സംവിധാനങ്ങളിൽ മാറ്റം വരുത്തിയപ്പോൾ ഏകോപനം കുറഞ്ഞോയെന്ന് പരിശോധിക്കണം. വീഴ്ച കണ്ടെത്തിയാൽ കർശന നടപടി സ്വീകരിക്കണമെന്നും നിർദ്ദേശമുണ്ട്. അന്നദാനം ഉൾപ്പെടെയുള്ളവയ്ക്ക് നടപടിക്രമങ്ങൾ ഉണ്ടാക്കണമെന്നും മന്ത്രി നിർദേശിച്ചിട്ടുണ്ട്.
ഉത്രാടദിവസം മേൽശാന്തി, തിരുവോണ ദിവസം ദേവസ്വം ജീവനക്കാർ, അവിട്ടത്തിന് പൊലീസ് ഉദ്യോഗസ്ഥർ എന്നിങ്ങനെയാണ് സദ്യ നടത്തിയിരുന്നത്. സദ്യ നടത്തുന്നവർ രാവിലെയും വൈകിട്ടുമുള്ള ആഹാരം കൂടി ഏർപ്പെടുത്തണമെന്ന് ബോർഡ് നിബന്ധന വച്ചു. എന്നാൽ മാത്രമേ മെസിലെ ആ ദിവസങ്ങളിലെ ബിൽ കരാറുകാരന് കുറച്ചു നൽകാനാകൂ. ഇതോടെ മേൽശാന്തിയും പൊലീസും സദ്യയിൽ നിന്ന് ഒഴിഞ്ഞു. പിന്നാലെ ദേവസ്വം ജീവനക്കാരുടെ സദ്യ ബോർഡ് ഏറ്റെടുക്കുകയായിരുന്നു.
ശബരിമലയിൽ എത്തുന്ന വ്യവസായികളിൽ നിന്നടക്കം പണം പിരിച്ചാണ് ജീവനക്കാർ സദ്യ നടത്തിയിരുന്നത്. പിരിവ് വേണ്ടെന്ന് നിർദ്ദേശിച്ചാണ് സദ്യ ബോർഡ് ഏറ്റെടുത്തത്. തിരുവോണത്തിന് മെസിൽ സദ്യയും അന്നദാനമണ്ഡപത്തിൽ പുലാവുമാണ് നൽകിയത്.
Travancore Devaswom Board President K. Jayakumar rejected allegations that the Thiruvonam feast at Sabarimala was disrupted. He said the feast was provided to around 3,000 pilgrims, police personnel and staff. Jayakumar suggested that Devaswom Minister K. Muraleedharan may have been misinformed and stated that claims of a major failure were untrue.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |