
കോഴിക്കോട്: സി.എം.ആർ.എൽ- എക്സാലോജിക് മാസപ്പടി കേസിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) കോഴിക്കോട്ടെ സി.പി.എം, ഡി.വെെ.എഫ്.ഐ നേതാക്കളുടെ വീടുകളിലും സ്ഥാപനങ്ങളിലും റെയ്ഡ് നടത്തി. മുൻ മന്ത്രി പി.എ. മുഹമ്മദ് റിയാസ് എം.എൽ.എയുടെ സുഹൃത്തുക്കളുടെ സ്ഥാപനങ്ങളിലും വീടുകളിലുമടക്കം ഒമ്പതിടത്താണ് ഇന്നലെ രാവിലെ നാലംഗ സംഘം പരിശോധന നടത്തിയത്.
നേരത്തെ വീണ വിജയന്റെ തിരുവനന്തപുരത്തെ വീട്ടിൽ നിന്ന് പിടിച്ചെടുത്ത ഡയറിയിൽ നിന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണിത്. സി.പി.എം ജില്ല സെക്രട്ടേറിയറ്റംഗം പി. നിഖിലിന്റെയും ഡി.വെെ.എഫ്.ഐ മേഖല സെക്രട്ടറി എൻ. നന്ദുലാലിന്റെയും വീട്ടിലും പന്തീരാങ്കാവിലെ നന്ദുലാലിന്റെ ക്യാപിറ്റൽ മാർബിൾസിലും പരിശോധന നടത്തി. നിഖിലിന്റെ ഫറോക്ക് കരുവൻതിരുത്തിയിലെ തറവാട്ട് വീട്ടിലും നേരത്തേ റെയ്ഡുണ്ടായി.
റെയ്ഡ് നടത്തുമ്പോൾ നിഖിൽ സ്ഥലത്തുണ്ടായിരുന്നില്ല. വിളിച്ചിട്ടും വരാത്തതിനെ തുടർന്ന് മൊബെെൽ ടവർ ലൊക്കേഷൻ പിന്തുടർന്നാണ് ഫ്ളാറ്റിലെത്തിയതെന്നാണ് വിവരം. ഇവിടെ നിന്ന് ഒന്നും കിട്ടിയില്ലെന്നാണ് സൂചന. കോഴിക്കോട് ജില്ല ടൂറിസം പ്രമോഷൻ കൗൺസിൽ (ഡി.ടി.പി.സി) ഡെസ്റ്റിനേഷൻ കോ ഓർഡിനേറ്ററായിരുന്നു നന്ദുലാൽ. മുഹമ്മദ് റിയാസിന്റെ സുഹൃത്തുക്കളെന്നു പറയുന്ന നിഖിലിന്റെ പരസ്യകമ്പനി പാർട്ണർ ഷെെജൽ, പ്രവാസിയായ ഫെെജാസ് എന്നിവരുടെ വീടുകളിലും സ്ഥാപനങ്ങളിലും റെയ്ഡുണ്ടായി.
മാസപ്പടി കേസിൽ പ്രതികളാക്കപ്പെട്ടവരുടെ സ്വത്തുക്കൾ അറ്റാച്ച് ചെയ്യുന്നതിനു മുന്നോടിയായാണ് അവസാനഘട്ട പരിശോധനയെന്നാണ് വിവരം. റെയ്ഡ് വിവരമറിഞ്ഞ് സി.പി.എം ജില്ല സെക്രട്ടറി എം. മെഹബൂബ് നിഖിലിന്റെ ഫ്ളാറ്റിലെത്തി. റെയ്ഡ് രാഷ്ട്രീയ പ്രേരിതമാണെന്നും ഇ.ഡിയെ കൊണ്ടുനടക്കുന്നത് ബി.ജെ.പി മാത്രമല്ല, കോൺഗ്രസുമാണെന്നും അദ്ദേഹം ആരോപിച്ചു. വീണയുടെ പാർട്ണറായ ലേക്കർ ഇന്ത്യ കോർപ്പറേഷനെന്ന കമ്പനിയുമായി ബന്ധപ്പെട്ടും പരിശോധനയുണ്ട്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |