
കാസർകോട്/ കൊച്ചി: പത്തു വർഷമായി കുടുംബശ്രീയിൽ ജോലി ചെയ്യുന്ന ഇടതുമുന്നണി അനുകൂലികളായ മുഴുവൻ കരാർ ജീവനക്കാരെയും പിരിച്ചുവിടാൻ സാദ്ധ്യത. സംസ്ഥാന, ജില്ലാ മിഷനുകളിലെ 2624 കരാർ ജീവനക്കാരുടെ കാലാവധി ധൃതിപിടിച്ചു പുതുക്കാനുള്ള നീക്കം കുടുംബശ്രീ എക്‌സിക്യൂട്ടീവ് ഡയറക്‌ടർ തടഞ്ഞു.
പുതിയ സർക്കാർ അധികാരമേറ്റശേഷം
ജൂൺ ഒന്നിനു ശേഷമുള്ള അറിയിപ്പനുസരിച്ചു നിയമനം മതിയെന്നും ആർക്കെങ്കിലും നിയമനം നൽകിയിട്ടുണ്ടെങ്കിൽ റദ്ദാക്കാനും നിർദേശം നല്കിയിട്ടുണ്ട്.
ഓരോ വർഷവും മാർച്ച് 31ന് അവസാനിക്കുന്ന കരാർ, ഏപ്രിലിൽ പുതുക്കിവരുകയായിരുന്നു.
ഇക്കുറി തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലവിൽ വന്നതിനാൽ മേയ് 31വരെ നീട്ടിനൽകുകയാണ് ചെയ്തത്. പെരുമാറ്റച്ചട്ടം അവസാനിച്ച മേയ് ആറിന് പുനർനിയമനത്തിലേക്ക് കടക്കാൻ ജില്ലാ മിഷനുകൾക്ക് സംസ്ഥാന മിഷൻ നിർദേശം നൽകിയതിനു പിന്നാലെയാണ് പുതിയ ഉത്തരവ്. മുസ്ലിംലീഗ് നേതാവിന്റെ പി.എയുടെ നിർദേശ പ്രകാരമാണ് ഉത്തരവെന്ന് ഇടതുപക്ഷം ആരോപിക്കുന്നു.
2011ലെ യു.ഡി.എഫ് സർക്കാരിന്റെ കാലത്ത് നിയമിക്കപ്പെട്ടവരുൾപ്പെടെ പത്തും പതിനഞ്ചും വർഷമായി ജോലി ചെയ്‌തുവരുന്നവർ കൂട്ടത്തിലുണ്ട്.
കുടുംബശ്രീ പ്രതിസന്ധിയിലാവുമെന്നും ആശങ്കയുണ്ട്. സംഘടനാ ശാക്തീകരണം മുതൽ മൈക്രോഫിനാൻസ് വരെയുള്ള കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ വിവിധ പദ്ധതികളുടെ നടത്തിപ്പ് ചുമതല കരാർ ജീവനക്കാർക്കാണ്.
പദ്ധതികളെ ബാധിച്ചേക്കും
#കേന്ദ്രസർക്കാർ സഹായത്തോടെയുള്ള നാഷണൽ അർബൻ ലൈവ്‌ലിഹുഡ് മിഷൻ, ഗ്രാമീണ സംരംഭകത്വ വികസനത്തിനായുള്ള എസ്.വി.പി തുടങ്ങിയ പദ്ധതികളുടെ പ്രവർത്തനങ്ങളെ ഈ തീരുമാനം ബാധിക്കുമെന്നാണ് പറയുന്നത്.
# മൈക്രോഫിനാൻസ് ഇടപാടുകൾ, വിവിധ സബ്സിഡികളുടെ വിതരണം, അർഹരായവർക്ക് ധനസഹായം നൽകൽ തുടങ്ങിയവ മന്ദഗതിയിലാകും. കാർഷിക, സൂക്ഷ്മസംരംഭങ്ങളുടെ ഏകോപനം, സാമൂഹ്യമേഖലയിലെ പ്രവർത്തനങ്ങൾ, പട്ടികവർഗ മേഖലയിലെ പ്രത്യേക പ്രോജക്ടുകൾ (അട്ടപ്പാടി, ട്രൈബൽ സ്പെഷ്യൽ പ്രോജക്ട് തുടങ്ങിയവ) എന്നിവയെയും ബാധിക്കുമെന്നാണ് ആക്ഷേപം.
പുറത്താവുന്നവർ
ജില്ലാ പ്രോഗ്രാം മാനേജർമാർ.......................... 154
ബ്ലോക്ക് കോ-ഓർഡിനേറ്റർമാർ..................... 608
സി.ഡി.എസ് അക്കൗണ്ടന്റുമാർ..................... 1070
കമ്മ്യൂണിറ്റി കൗൺസിലർമാർ.......................... 535
സിറ്റിമിഷൻ മാനേജർമാർ..................................... 45
സോഷ്യൽ ഡെവലപ്മെന്റ്
സ്പെഷ്യലിസ്റ്റുകൾ.......................................................45
ജില്ലാ അക്കൗണ്ടന്റുമാർ........................................ 28
എസ്.വി.ഇ.പി ജില്ലാ അക്കൗണ്ടന്റുമാർ.......... 43
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |