
പെരിന്തൽമണ്ണ: മങ്കട വെള്ളില കുരങ്ങൻചോല വ്യൂ പോയിന്റിൽ ഇടിമിന്നലേറ്റ് മരിച്ച നാല് വിദ്യാർത്ഥികൾക്കും കണ്ണീരിൽ കുതിർന്ന യാത്രാമൊഴി. വെള്ളില ടസ്‌കർ ഓഡിറ്റോറിയത്തിൽ രാവിലെ 10 മുതൽ ഉച്ചയ്ക്ക് ഒന്നുവരെ മൃതദേഹങ്ങൾ പൊതുദർശത്തിനു വച്ചു. സഹപാഠികളടക്കം വൻ ജനാവലി ആദരാഞ്ജലിയർപ്പിച്ചു. പലരും കണ്ണീരടക്കാൻ പാടുപെട്ടു.
തുടർന്ന് മൃതദേഹങ്ങൾ അവരവരുടെ വീടുകളിൽ കൊണ്ടുപോയ ശേഷം ഉച്ചയ്ക്ക് 2.30ന് വെള്ളില മലയിൽ ജുമാമസ്ജിദിൽ അടുത്തടുത്തായി ഒരുക്കിയ ഖബറുകളിൽ കബറടക്കി.
മങ്കട വെള്ളില സ്വദേശികളായ പുതുക്കുടി മലയിൽ അലിയുടെ മകൻ റഹീസ് (20), കൂരിമണ്ണിൽ പുത്തൻവീട്ടിൽ മലയിൽ സെയ്തലവിയുടെ മകൻ ബഹാസ് (18), ആലിക്കാപറമ്പിൽ അസീസിന്റെ മകൻ മുഹമ്മദ് സിയാദ് (18), കറുത്താൻകുത്തിൽ നിസാറിന്റെ മകൻ ഫഹദ് (22) എന്നിവരാണ് കഴിഞ്ഞ ദിവസം ഇടിമിന്നലേറ്റ് മരിച്ചത്.
പരിക്കേറ്റ് ചികിത്സയിലുള്ള മൂന്നു പേരുടെയും ആരോഗ്യനിലയിൽ പുരോഗതിയുള്ളതായി ആശുപത്രി അധികൃതർ അറിയിച്ചു. വെള്ളില സ്വദേശി പുതുകുടി അലിയുടെ മകൻ സൽമാനുൽ ഫാരിസിനും (22), വെള്ളില പള്ളിപ്പറമ്പ് നിസാർ ബാബുവിന്റെ മകൻ മുഹമ്മദ് റോഷനും(20) കാര്യമായ ആരോഗ്യ പ്രശ്നങ്ങളില്ലെന്നും ഇരുവരും ഭക്ഷണം കഴിച്ച് തുടങ്ങിയതായും അധികൃതർ പറഞ്ഞു. മലയിൽ മുഷ്താഖിന്റെ മകൻ ഇഷ്ഹാതിനെ (19) വെന്റിലേറ്ററിൽ നിന്ന് മാറ്റി.
വെള്ളില വ്യൂ പോയിന്റ്
പ്രധാന വിനോദ കേന്ദ്രം
മങ്കടയിലും പരിസര പ്രദേശത്തുമുള്ളവർ സായാഹ്നം ചെലവഴിക്കാനെത്തുന്ന സ്ഥലമാണ്
വെള്ളില കുരങ്ങൻചോല വ്യൂ പോയിന്റ്. കൊടികുത്തിപ്പാറ ഉൾപ്പെടെ നിരവധി വ്യൂ പോയിന്റുകളുള്ള പന്തല്ലൂർ മലയുടെ ചരിവിലാണിത്. മദ്ധ്യവേനലവധിയും വേനൽമഴയുടെ നനുത്ത കുളിർമ്മയും കാരണം കഴിഞ്ഞ രണ്ടുദിവസമായി ഇവിടെ എത്തുന്നവരുടെ എണ്ണത്തിൽ വർദ്ധനയുണ്ടായിരുന്നു. മഴ സമയത്ത് കോട മൂടുന്ന അന്തരീക്ഷമാണ് ഇവിടത്തെ പ്രധാന ആകർഷണം. ഉയർന്ന സ്ഥലമായതിനാൽ ഇടിമിന്നലുണ്ടായാൽ അപകട സാദ്ധ്യതയേറെയാണ്. ടൂറിസം ഭൂപടത്തിൽ ഉൾപ്പെട്ട സ്ഥലം കൂടിയാണിത്. നേരത്തെ മഴക്കാലത്ത് മണ്ണിടിച്ചിൽ ഭീഷണിയടക്കം നിലനിന്നിരുന്നു. സമീപത്ത് വീടുകളൊന്നുമില്ലാത്ത ഒറ്റപ്പെട്ട പ്രദേശമാണിത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |