
പിന്നെ മലക്കം മറിച്ചിൽ
കോട്ടയം : പാർട്ടിയുടെ തിരഞ്ഞെടുപ്പ് ഫണ്ടിൽ നിന്ന് നാലരക്കോടി തട്ടിയെന്ന് ബി.ജെ.പി യോഗത്തിൽ പി.സി.ജോർജിന്റെ വെളിപ്പെടുത്തൽ. സംഭവം വാർത്തയായതോടെ പറഞ്ഞത് വിഴുങ്ങിയെങ്കിലും ,പരാമർശം പാർട്ടിയെ വെട്ടിലാക്കി. എരുമേലിയിൽ നടന്ന പ്രാദേശിക നേതൃയോഗത്തിൽ വിശ്വസ്തൻ സജി കുരിക്കാടിനെ കുറ്റപ്പെടുത്തിയായിരുന്നു സംസാരം. ചെലവാക്കിയതിന്റെ കണക്ക് താൻ നോക്കിയാൽ ബി.ജെ.പി പ്രവർത്തകർക്ക് നാണക്കേടുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.
''ഈ തിരഞ്ഞെടുപ്പിൽ നാലരക്കോടി ചെലവഴിച്ചിട്ടുണ്ട്. നിങ്ങൾ ആരൊക്കെ വീതം പറ്റിയിട്ടുണ്ടെന്ന് എനിക്കറിയില്ല. ആ പണത്തിൽ നിന്ന് ആരെങ്കിലും എടുത്തോ, പാർട്ടിക്കായി എന്തെങ്കിലും ചെയ്‌തോയെന്ന് നിങ്ങൾ തന്നെ ചിന്തിക്കണം. സാമ്പത്തിക കാര്യങ്ങളിൽ ഇടപെടാറില്ല. തിരഞ്ഞെടുപ്പ് ഫണ്ടിൽ നിന്ന് ഒരു രൂപ പോലും കൈപ്പറ്റിയിട്ടില്ല. മുഴുവൻ തുകയും സജിയെ ഏൽപ്പിക്കുകയായിരുന്നു. എല്ലാ ബൂത്തിലും 31,000 രൂപ വീതം നൽകണമെന്ന നിർദ്ദേശം പാലിക്കപ്പെട്ടില്ല. ആ പണം എവിടെപ്പോയി. എല്ലാവരും പുതിയ കാർ വാങ്ങുകയാണ്, ബി.ജെ.പിയുടെ കാശ് കൊണ്ട് കാർ മേടിച്ചാൽ കാറിടിച്ചു പോകും. കണക്കിൽ ഉൾപ്പെട്ടിരുന്ന പലരെയും താൻ നേരിട്ട് വിളിച്ചപ്പോൾ പണം ലഭിച്ചതിനെക്കുറിച്ച് അവർക്ക് അറിവില്ലായിരുന്നു- ജോർജ് പറഞ്ഞു. പ്രസംഗം വിവാദമായതിന് പിന്നാലെ ,ആരും ഒരു പൈസയും തിരഞ്ഞെടുപ്പ് ഫണ്ടിൽ നിന്ന് മോഷ്ടിച്ചിട്ടില്ലെന്ന് ജോർജ് മലക്കം മറിഞ്ഞു. എരുമേലിയിൽ പറഞ്ഞത് തെറ്റിദ്ധാരണ മൂലമാണ്. വിരമിച്ച അദ്ധ്യാപകനായ സജി അങ്ങനെ ചെയ്യില്ലെന്നും ജോർജ് പറഞ്ഞു.
പാടാത്തത് ഭരണഘടനാ പ്രശ്നം:രാജീവ് ചന്ദ്രശേഖർ
തിരുവനന്തപുരം: സ്വാതന്ത്ര്യ ദിനാഘോഷത്തിന് കേരളത്തിൽ വന്ദേമാതരം ആലപിക്കാതിരുന്നത് ഗുരുതരമായ ഭരണഘടനാ നിയമ പ്രശ്നമാണെന്ന് ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ എം.എൽ.എ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. ദേശീയ ഗീതം ആലപിക്കുന്നതിനെ മതത്തിന്റെ പേരിൽ രാഷ്ട്രീയ വിവാദമാക്കുന്നത് അംഗീകരിക്കാനാവില്ല. വിഘടന രാഷ്ട്രീയത്തിന്റെ പ്രതിധ്വനി വീണ്ടും കേരളത്തിൽ ഉയരുകയാണ്. ജിന്നയുടെ സ്ഥാനത്ത് ചിലർ മുസ്ലിം ലീഗിനെയും ജമാഅത്തെ ഇസ്ലാമിയെയും നിറുത്തുകയാണ്. അധികാരത്തിനും രാഷ്ട്രീയ ലാഭത്തിനുമായി കോൺഗ്രസ് ആരുടെ മുന്നിലും കീഴടങ്ങാനും തയ്യാറാവുന്നു. കോൺഗ്രസ് ഭരിക്കുന്ന മറ്റ് സംസ്ഥാനങ്ങളിൽ വന്ദേമാതരം പാടിയിട്ടും കേരളത്തിൽ പാടാതിരുന്നതിന് എതിരെ, ബി ജെ പി സംസ്ഥാന വ്യാപകമായി പ്രചാരണം നടത്തും.
ഫണ്ട് വിവാദം മാദ്ധ്യമസൃഷ്ടി
ബി.ജെ.പിയിൽ ഫണ്ട് തട്ടിപ്പ് നടന്നുവെന്ന ആരോപണം മാദ്ധ്യമ സൃഷ്ടി മാത്രമാണ്. കാരണം കാണിക്കൽ നോട്ടീസും അച്ചടക്ക നടപടികളും ബി.ജെ.പിയുടെ ആഭ്യന്തര കാര്യങ്ങളാണ്. പാർട്ടിയിൽ യാതൊരു സാമ്പത്തിക ക്രമക്കേടും നടന്നിട്ടില്ലെന്നും രാജീവ് ചന്ദ്രശേഖർ പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |