SignIn
Kerala Kaumudi Online
Monday, 17 August 2026 2.26 AM IST

കെ.പി.സി.സിക്ക് നാഥനെത്താൻ ഓണം കഴിഞ്ഞേക്കും

1

തിരുവനന്തപുരം: യു.ഡി.എഫ് സർക്കാർ അധികാരത്തിലെത്തി മൂന്ന് മാസം തികയുമ്പോഴും കെ.പി.സി.സിക്ക് നാഥനായില്ല. ബോർഡ്, കോർപ്പറേഷൻ വിഭജനം നീളുന്നതിൽ ഘടകകക്ഷികൾക്ക് നീരസം. കോൺഗ്രസിലും യു.ഡി.എഫിലും അത്ര സുഖകരമല്ല അന്തരീക്ഷം. കെ.പി.സി.സി അദ്ധ്യക്ഷ പദവിക്കുള്ള ഉടുപ്പും തയ്പിച്ച് അര ഡസൻ നേതാക്കൾ രംഗത്തുണ്ട്. ഓണം കഴിയാതെ പുതിയ അദ്ധ്യക്ഷൻ വരാനിടയില്ല. ബുധനാഴ്ച ഡൽഹിയിൽ ചേരുന്ന വിപുലമായ കോൺഗ്രസ് പ്രവർത്തക സമിതി യോഗത്തിലേക്ക് പാർലമെന്ററി പാർട്ടി നേതാവെന്ന നിലയ്ക്ക് മുഖ്യമന്ത്രി വി.ഡി.സതീശനെ വിളിച്ചിട്ടുണ്ട്. ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാൽ, മന്ത്രി രമേശ് ചെന്നിത്തല, എം.പിമാരായ കൊടിക്കുന്നിൽ സുരേഷ്, കെ.സുധാകരൻ, ശശി തരൂർ എന്നിവരും പങ്കെടുത്തേക്കും.

കെ.പി.സി.സി അദ്ധ്യക്ഷൻ സണ്ണി ജോസഫ് മന്ത്രി പദത്തിലെത്തിയതോടെ, സംഘടനാ ചുമതലയുള്ള ജനറൽ സെക്രട്ടറി നെയ്യാറ്റിൻകര സനലാണ് ദൈനംദിന കാര്യങ്ങൾ നോക്കുന്നത്. പത്ത് വർഷത്തെ ഇടവേള കഴിഞ്ഞ് അധികാരം കിട്ടിയപ്പോൾ നേതാക്കൾ പാർട്ടിയെ മറക്കുന്നുവെന്ന വികാരം ശക്തമാണ്. അഞ്ച് ഡി.സി.സി അദ്ധ്യക്ഷന്മാർ എം.എൽ.എമാരാണ്. രണ്ട് ജില്ലകളിലെ അദ്ധ്യക്ഷന്മാർ മത്സരിച്ചു പരാജയപ്പെട്ടു. ഈ ജില്ലകളിലെല്ലാം അഴിച്ചുപണി വേണ്ടതാണ്. കേരളത്തിലെ സംഘടനാ കാര്യങ്ങളിൽ കോൺഗ്രസ് നേതൃത്വം താത്പര്യം കാട്ടുന്നില്ലെന്ന പരിഭവം പരക്കെയുണ്ട്. മലപ്പുറത്തെ യോഗത്തിൽ മന്ത്രി എ.പി.അനിൽകുമാറും കോൺഗ്രസ് എം.എൽ.എമാരായ ആര്യാടൻ ഷൗക്കത്തും വി.എസ്.ജോയിയും മുഖ്യമന്ത്രിയുടെ പേരു പരാമർശിക്കാതെ കെ.സി.വേണുഗോപാലിനെ പ്രശംസിച്ചത് സംസാരമായിട്ടുണ്ട്. വി.ഡി.സതീശനെ പ്രശംസിച്ച കെ.പി.നൗഷാദ് അലി എം.എൽ.എ, കെ.സിയുടെ പേര് മിണ്ടിയതുമില്ല.

ബോർഡുമില്ല, കോർപ്പറേഷനും

യു.ഡി.എഫ് ചേർന്ന് ചില തീരുമാനങ്ങളെടുത്തിട്ട് ആഴ്ച മൂന്ന് കഴിഞ്ഞു. ബോർഡ്, കോർപ്പറേഷൻ വീതം വയ്പിൽ ചർച്ചയില്ല. ക്യാബിനറ്റ് പദവികളുടെ കാര്യത്തിലും അനക്കമില്ല. ക്യാബിനറ്റുണ്ടായിരുന്ന വ്യാഴാഴ്ച ചില ഘടകകക്ഷി നേതാക്കൾ മുഖ്യമന്ത്രിയെ കണ്ടു. ഉടനെന്ന മറുപടി മാത്രം ലഭിച്ചു. ഈ ആഴ്ച മുഖ്യമന്ത്രിക്ക് തിരക്കോട് തിരക്ക്. 19 ന് ഡൽഹിയിൽ. 20 ന് ചെന്നൈ മഹാബലിപുരത്ത് മുഖ്യമന്ത്രിമാരുടെ യോഗം. മറ്റു ദിവസങ്ങളിൽ വിവിധ ജില്ലകളിലെ പരിപാടികൾ. ചർച്ചയ്ക്കും സമയമില്ല.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: KPCC
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA