
കൊച്ചി: പത്തുവർഷം മുമ്പ് യു.കെ.യിൽ വിവാഹം കഴിഞ്ഞെങ്കിലും ഗുരുവായൂരപ്പന് മുന്നിൽ വിവാഹിതയാകണമെന്നായിരുന്നു നിതിൻചന്ദിന്റെ മോഹം. ഒടുവിൽ കണ്ണന്റെ സന്നിധിയിൽ, സ്‌കോട്ട്‌ലൻഡ് പാർലമെന്റംഗം മാർട്ടിൻ ഡേ (55), പിറവം പാമ്പാക്കുട സ്വദേശിനി നിതിൻചന്ദിനെ(49) താലിചാർത്തി. വിവാഹത്തിന് നിതിന്റെ ആദ്യവിവാഹത്തിലുളള മകൻ വേദിക് ശങ്കറും (22) സാക്ഷിയായി.
പുഷ്പാഞ്ജലി ഓഡിറ്റോറിയത്തിലായിരുന്നു മറ്റുചടങ്ങുകൾ. പാമ്പാക്കുട കുന്നത്തോത്ത് കെ.എൻ. ചന്ദ്രന്റെയും രാജമ്മയുടെയും ഏകമകളായ നിതിൻ ബി.ടെക് കഴിഞ്ഞ് 2008ലാണ് യു.കെയിലെത്തിയത്. പിഎച്ച്.ഡിക്കിടെ യു.കെ സർക്കാർ നിയമങ്ങളിൽ മാറ്റം വരുത്തിയതോടെ വിസ റദ്ദായി.
മാർട്ടിൻ നേരത്തേ യു.കെ പാർലമെന്റംഗമായിരുന്നു. 2016ൽ യു.കെ പാർലമെന്റ് കമ്മിറ്റികൾക്കു മുന്നിൽ നിതിനും കൂട്ടുകാരും പോരാടുന്നതിനിടെയായിരുന്നു മാർട്ടിനുമായുള്ള കൂടിക്കാഴ്ച. മാർട്ടിനാണ് ആദ്യം ഇഷ്ടം പറഞ്ഞത്. താൻ വിവാഹമോചിതയും 12 വയസുള്ള മകന്റെ അമ്മയുമാണെന്ന് വെളിപ്പെടുത്തിയെങ്കിലും മാർട്ടിൻ പിന്മാറിയില്ല. മാർട്ടിന്റെ മാതാപിതാക്കളായ മാർഗരറ്റും റോണും പിന്തുണച്ചു. വിസ നടപടികൾ നീണ്ടതോടെ വിവാഹം അവിടെത്തന്നെ നടത്തി. വേദികിനെ മാർട്ടിന്റെ മാതാപിതാക്കളാണ് വളർത്തിയത്. എഡിൻബറോയിൽ സീനിയർ ഡേറ്റാബേസ് അഡ്മിനിസ്‌ട്രേറ്ററാണ് വേദിക്. മാനേജ്‌മെന്റ് കൺസൾട്ടന്റാണ് നിതിൻ. സ്‌കോട്ടിഷ് നാഷണൽ പാർട്ടിയിൽ ഭർത്താവിനൊപ്പം സജീവം. മൂന്നു തവണ കേരളത്തിൽ വന്നെങ്കിലും ഗുരുവായൂരിലെത്താനായില്ല. നാലാംവട്ടം ഗുരുവായൂരപ്പൻ ആഗ്രഹം നിറവേറ്റിയെന്ന് നിതിൻ പറയുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |