
തിരുവനന്തപുരം : സംസ്ഥാനത്ത് ദേശീയ ഐക്യത്തിന് വെല്ലുവിളിയാകുന്ന പ്രവണതകൾ ശക്തമാകുന്നുവെന്ന ആശങ്ക പ്രകടിപ്പിച്ച് ഭാരതീയ വിചാരകേന്ദ്രം സംസ്ഥാന സമിതി യോഗത്തിൽ പ്രമേയം അവതരിപ്പിച്ചു. തിരുവനന്തപുരത്തായിരുന്നു യോഗം. രാജ്യത്തിന്റെ ഐക്യത്തിനും ജനക്ഷേമത്തിനുമായി പ്രവർത്തിക്കുന്ന കേന്ദ്ര സർക്കാരിന്റെ നടപടികളെ സംസ്ഥാനത്ത് അധികാരത്തിലിരിക്കുന്ന എൽ.ഡി.എഫും പ്രതിപക്ഷമായ യു.ഡി.എഫും ഒരുപോലെ എതിർക്കുന്നു. ഇരുവരും ദേശവിരുദ്ധ ശക്തികളുടെ നാവായി മാറാൻ മത്സരിക്കുന്നു.
ജമ്മുകാശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കിയത് ഉൾപ്പെടെയുള്ള ദേശീയ വിഷയങ്ങളിൽ കേരളത്തിൽ അനാവശ്യമായ എതിർപ്പ് ഉയർന്നു. ഇത് ദേശീയ താൽപര്യങ്ങളെ ദുർബലപ്പെടുത്തുന്നതാണ്. പൗരത്വ ഭേദഗതി നിയമം, കേന്ദ്ര പദ്ധതികളുടെ നടപ്പാക്കൽ തുടങ്ങിയ വിഷയങ്ങളിലും സംസ്ഥാന സർക്കാർ വിമർശനമുയർത്തി.
സംസ്ഥാനത്ത് നടപ്പിലാക്കുന്ന ചില സാംസ്‌കാരിക, വിദ്യാഭ്യാസ, വികസന പദ്ധതികൾ ദേശീയ ബോധത്തെ ദുർബലപ്പെടുത്തുന്ന തരത്തിലുള്ളവയാണ്. കേന്ദ്രപദ്ധതികൾ പേരുമാറ്റിയും യഥാസമയം ഫണ്ട് ചെലവഴിക്കാതെയും നഷ്ടപ്പെടുത്താൻ ഇടത് സർക്കാർ ശ്രമിച്ചു.
കേരള എന്ന് ഇംഗ്ലീഷിൽ ഉപയോഗിക്കുന്നത് കേരളം എന്ന് മലയാളീകരിച്ചതും മലയാളം ഭരണ ഭാഷയാക്കിയതും പ്രത്യക്ഷത്തിൽ സ്വാഗതാർഹമാണെങ്കിലും അടിമുടി ദേശവിരുദ്ധമായി ചിന്തിക്കുന്ന കമ്മ്യൂണിസ്റ്റ്, കോൺഗ്രസ് മുന്നണികൾ ഇവയിലൂടെ ലക്ഷ്യം വയ്ക്കുന്ന വിഘടനവാദത്തിനെതിരെ ദേശീയചിന്താഗതിക്കാരും പ്രസ്ഥാനങ്ങളും
ജാഗ്രതപാലിക്കണം.
സംഘടനാ പ്രസിഡന്റ് ഡോ.സി.വി.ജയമണി അദ്ധ്യക്ഷത വഹിച്ചു. ഡയറക്ടർ ആർ.സഞ്ജയൻ, ജനറൽ സെക്രട്ടറി ഡോ.എൻ.സന്തോഷ് കുമാർ, ഡോ.എസ്.ഉമാദേവി, അരവിന്ദാക്ഷൻ നായർ, പി.ബാലഗോപാൽ, എസ്.രാജൻപിള്ള, കെ.വി.രാജശേഖരൻ, ഡോ.കെ.എൻ.മധുസൂദനൻ പിള്ള എന്നിവർ സംസാരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |