
തിരുവനന്തപുരം/കോഴിക്കോട്: തിരഞ്ഞെടുപ്പു ഫലം വരുംമുമ്പേ, മുഖ്യമന്ത്രിയെച്ചൊല്ലി കോൺഗ്രസ് നേതാക്കൾക്കിടയിലും അനുയായികൾക്കിടയിലുമുണ്ടാകുന്ന ചർച്ചകൾ ഒരു വിഭാഗം മുതിർന്ന നേതാക്കളെയും യു.ഡി.എഫ് ഘടകകക്ഷികളെയും അസ്വസ്ഥരാക്കുന്നു.
അനവസരത്തിൽ ഉയർന്ന സോഷ്യൽ മീഡിയ ചർച്ച സഹനേതാക്കൾകൂടി ഏറ്റുപിടിച്ചത് തീർത്തും അപക്വമായി എന്ന അഭിപ്രായമാണ് പലർക്കും.
വോട്ടുചെയ്ത ജനത്തെ കൊഞ്ഞനം കുത്തുന്നതാണ് ഇത്തരം നീക്കങ്ങളെന്നും സമൂഹമാദ്ധ്യമങ്ങളിൽ അഭിപ്രായം ഉയരുന്നുണ്ട്. ഇത്തരക്കാരെ നിയന്ത്രിക്കേണ്ടവർ മൗനംപാലിക്കുന്നതിൽ ഘടകകക്ഷികൾക്ക് നീരസമുണ്ട്. മഹാരാഷ്ട്രയിലെ നേതാക്കളുമായി സംഘടനാകാര്യങ്ങൾ ചർച്ചചെയ്യാൻ ഡൽഹിക്കുപോയ രമേശ് ചെന്നിത്തല എ.ഐ.സി.സി അദ്ധ്യക്ഷൻ മല്ലികാർജ്ജുൻ ഖർഗെയെയും രാഹുൽ ഗാന്ധിയെയും കണ്ട് വിവരങ്ങൾ ധരിപ്പിച്ചേക്കും.
സോഷ്യൽ മീഡിയയിൽ നടക്കുന്ന ചർച്ചയിലെ അതൃപ്തി അറിയിച്ചും ഇടപെടൽ ആവശ്യപ്പെട്ടും ബെന്നിബഹനാൻ കഴിഞ്ഞദിവസം ഹൈക്കമാൻഡിന് കത്തയച്ചിരുന്നു. മുഖ്യമന്ത്രി ആരാവണമെന്ന് തീരുമാനിക്കാൻ സംഘടനാപരമായ രീതികളുണ്ടെന്നും അന്തിമതീരുമാനം ഹൈക്കമാൻഡിന്റേത് ആയിരിക്കുമെന്നും കെ.പി.സി.സി അദ്ധ്യക്ഷൻ സണ്ണിജോസഫ് പറഞ്ഞിരുന്നു.
ആദ്യം വോട്ട് എണ്ണണം, യു.ഡി.എഫ് ജയിക്കണം. ബാക്കികാര്യങ്ങൾ ഹൈക്കമാൻഡാണ് തീരുമാനിക്കേണ്ടത്. വിവാദങ്ങൾ പ്രവർത്തകരുടെ മനോവീര്യം തകർക്കുമെന്ന് ചെന്നിത്തലയും പ്രതികരിച്ചിരുന്നു. അനാവശ്യ ചർച്ചയാണ് നടക്കുന്നതെന്ന് കൊടിക്കുന്നിൽ സുരേഷും ഫലംവരും മുമ്പെയുള്ള ചർച്ചകൾ പരിഹാസ്യമാണെന്ന് കെ.മുരളീധരനും അഭിപ്രായപ്പെട്ടു. എ.പി.അനിൽകുമാർ കഴിഞ്ഞ ദിവസം പാണക്കാട് സന്ദർശിച്ചതിനെ ഇപ്പോഴത്തെ വിവാദവുമായി ബന്ധപ്പെടുത്തിയും ചർച്ച നടക്കുന്നുണ്ട്.
കെ.സിക്കായി സുധാകരൻ
ഏതാനും ദിവസങ്ങൾക്ക് മുമ്പ് മുഖ്യമന്ത്രി സ്ഥാനത്തേക്ക് ചെന്നിത്തലയെ പിന്തുണയ്ക്കുമെന്ന് പറഞ്ഞ കെ.സുധാകരൻ കഴിഞ്ഞദിവസം കെ.സി.വേണുഗോപാലിന് പിന്തുണയുമായി പോസ്റ്റിട്ടതും ചർച്ചയായി. 'കേരളം കെ.സി നയിക്കട്ടെ' എന്നായിരുന്നു സുധാകരന്റെ ഫേസ്ബുക്ക് പോസ്റ്റ്. മാത്യു കുഴൽനാടൻ, റോജി.എം.ജോൺ, രമ്യഹരിദാസ്, കെ.എസ്.യു സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യർ തുടങ്ങിയവർ ഇതിന് ലൈക്കിട്ടതും ചർച്ചയായി. പോസ്റ്റ് വിവാദമായതോടെ ഫലംവന്നിട്ടല്ലേ മുഖ്യമന്ത്രിയുള്ളൂവെന്ന് ഇന്നലെ സുധാകരൻ തിരുത്തിയെങ്കിലും ചർച്ചകൾ കൊഴുക്കുകയാണ്. എന്നാൽ, തിരഞ്ഞെടുപ്പുകളിൽ ടീം യു.ഡി.എഫ് എന്ന വികാരമുണർത്തി ഏവരെയും ഒറ്റക്കെട്ടായി നിറുത്തിയ വി.ഡി.സതീശനെ ഒതുക്കാനുള്ള നീക്കമെന്നാണ് സതീശൻ പക്ഷത്തിന്റെ ആരോപണം.
പിന്തുണയ്ക്കാതെ ലീഗ്
മുഖ്യമന്ത്രി ചർച്ചകളിൽ ആരെയും പിന്തുണയ്ക്കേണ്ടെന്ന നിലപാടാണ് മുസ്ലിംലീഗിന്. യു.ഡി.എഫിന് ഭരണംകിട്ടിയാൽ തങ്ങളുടെ അഭിപ്രായം കോൺഗ്രസ് ഹൈക്കമാൻഡിനെ നേരിട്ട് അറിയിക്കാനാണ് അവരുടെ നീക്കം.
''കോൺഗ്രസ് ജനാധിപത്യ പാർട്ടിയാണ്. അഭിപ്രായം ആർക്കും പറയാം. കേരളത്തിലെ മുഖ്യമന്ത്രി ചർച്ചയിൽ എനിക്ക് താത്പര്യമില്ല. അവിടെ അതിനു കഴിവുള്ള നേതാക്കളുണ്ട്. വെയ്റ്റ് ഫോർ ദ റിസൾട്ട്.
-കെ.സി.വേണുഗോപാൽ,
എ.ഐ.സി.സി ജന. സെക്രട്ടറി
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |