
കസ്റ്റഡിമർദ്ദനവും ഇടിമുറികളും അനുവദിക്കില്ല
തിരുവനന്തപുരം: തല്ലിച്ചതച്ചും ചീത്തവിളിച്ചും കാക്കിയുടെ ബലത്തിൽ ജനങ്ങളോട് കുതിരകയറുന്ന പൊലീസ്‌നയം യു.ഡി.എഫ് തിരുത്തും. പെരുമാറ്റം മാന്യമല്ലെങ്കിൽ തൊപ്പിതെറിക്കുമെന്ന് മുഖ്യമന്ത്രി പത്തുവർഷം ആവർത്തിച്ച് പറഞ്ഞിട്ടും പൊലീസ് കേട്ടിരുന്നില്ല. സേനയുടെ മനോവീര്യത്തേക്കാൾ പ്രധാനമാണ് ജനങ്ങളുടെ അന്തസും അവകാശവും എന്ന് പ്രഖ്യാപിക്കുന്നതാവും പുതിയ നയം.
സേനയിലെ ക്രിമിനലുകളെ വാഴിക്കില്ല. കസ്റ്റഡിമർദ്ദനവും ഇടിമുറികളും അനുവദിക്കില്ല. കളങ്കിതരായ ഉദ്യോഗസ്ഥർക്ക് ക്രമസമാധാനചുമതല നൽകില്ല. ഗുരുതര കുറ്റവാളികളെ പിരിച്ചുവിടും. ക്രിമിനലുകളോടും ഗുണ്ടകളോടും മാഫിയകളോടും സൗഹൃദമുണ്ടാക്കിയാൽ തൊപ്പിതെറിക്കും.
അന്വേഷണങ്ങൾ ഒതുക്കിതീർക്കൽ, സിവിൽകേസുകളിലും പണമിടപാടുകളിലും തീർപ്പുണ്ടാക്കൽ എന്നിവയിലും ശക്തമായ നടപടിയുണ്ടാവും. ഗുണ്ടാലിസ്റ്റ് അടിക്കടി പുതുക്കണമെന്നും ഗുണ്ടകളെ അമർച്ചചെയ്യണമെന്നും നയത്തിലുണ്ടാവും.
ജനങ്ങളുടെ ആദരവും വിശ്വാസവും നേടുന്ന തരത്തിൽ പൊലീസ് പ്രവർത്തിക്കണം. മനുഷ്യാവകാശവും പൗരാവകാശവും ലംഘിക്കരുത്. സേനയുടെ സൽപ്പേര് കളയുന്നവരെ പുറത്താക്കുമെന്നും നയത്തിലുണ്ടാവും. ജനങ്ങളുടെ മേൽ ബലപ്രയോഗത്തിലൂടെ അമിതാധികാരം പ്രയോഗിക്കുന്നവർക്കെതിരേ കടുത്ത നടപടികളുണ്ടാവും. പരാതികൾ അവഗണിക്കരുത്, സാധാരണക്കാരുടെ ദുഃഖവും വേദനയും മനസിലാക്കണം, സഭ്യേതര പദപ്രയോഗങ്ങൾ പാടില്ല, ജനങ്ങൾക്ക് പൊലീസിനോട് വെറുപ്പും അവജ്ഞയുമുണ്ടാക്കരുത്- എന്നിങ്ങനെയുള്ള നിർദ്ദേശങ്ങളും നയത്തിലുണ്ടാവും. രാഷ്ട്രീയനേതൃത്വത്തിന്റെ നിർദ്ദേശപ്രകാരം നയത്തിന്റെ കരട് തയ്യാറാക്കിത്തുടങ്ങി.
നിലവിൽ രാഷ്ട്രീയശുപാർശയിലാണ് പൊലീസിലെ നിയമനങ്ങൾ. ഇത് മെരിറ്റടിസ്ഥാനത്തിലാക്കും. മേലുദ്യോഗസ്ഥരുടെ നിർദ്ദേശങ്ങൾ ലംഘിക്കുന്നത് അനുവദിക്കില്ല.
ധാർഷ്‌ട്യം കാട്ടുകയും പരാതികൾ അവഗണിക്കുകയും ചെയ്യുന്ന പൊലീസുകാരെ പിരിച്ചുവിടാൻ നിയമമുണ്ടെങ്കിലും പ്രയോഗിക്കാറേയില്ല. കേസിൽപ്പെട്ടാൽ ആറുമാസത്തെ സസ്‌പെൻഷനും വകുപ്പുതല അന്വേഷണവുമാണ് നടത്തുന്നത്. അന്വേഷണം തീരാൻ 15വർഷമെങ്കിലുമെടുക്കും. അപ്പോഴേക്കും സ്ഥാനക്കയറ്റത്തോടെ വിരമിക്കാൻ വഴിയൊരുക്കും.
പൊലീസിൽ നിന്ന്
ജനത്തിന് വേണ്ടത്
സ്ത്രീസുരക്ഷ ഉറപ്പാക്കണം, ലഹരിവ്യാപനം തടയണം
സൈബർ, സാമ്പത്തിക കേസന്വേഷണം മികച്ചതാക്കണം
രാഷ്ട്രീയ-സാമുദായിക-പണ സ്വാധീനത്തിന് വഴങ്ങരുത്
പാവപ്പെട്ടവർക്കും സമ്പന്നർക്കും ഇരട്ടനീതി പാടില്ല
കേസന്വേഷണം ശാസ്ത്രീയവും കാര്യക്ഷമവുമാക്കണം
സുരക്ഷാകമ്മിഷൻ ശക്തിപ്പെടുത്തും
പൊലീസിന്റെ അധികാരദുർവിനിയോഗവും നിയമവിരുദ്ധ നടപടികളുമടക്കം പരിശോധിക്കാനും പ്രവർത്തനത്തിന് മാനദണ്ഡം നിശ്ചയിക്കാനുമുള്ള സംസ്ഥാന സുരക്ഷാകമ്മിഷൻ ശക്തിപ്പെടുത്തും. സുപ്രീംകോടതി ഉത്തരവുപ്രകാരം 2011ൽകമ്മിഷൻ രൂപീകരിച്ചെങ്കിലും ഇതുവരെ നിർജീവമായിരുന്നു. കമ്മിഷന്റെ നിർദ്ദേശങ്ങൾ അനുസരിക്കാൻ പൊലീസ് ബാധ്യസ്ഥരാണ്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |