SignIn
Kerala Kaumudi Online
Friday, 15 May 2026 12.52 AM IST

സ്കൂൾ തുറപ്പും കാലവർഷവും വിളിപ്പുറത്ത്, എങ്ങുമെത്താതെ സ്ഥലം മാറ്റം

l

ആലപ്പുഴ : സ്കൂൾ തുറപ്പും കാലവർഷവും പടിവാതിൽക്കലെത്തിയിട്ടും റവന്യൂ- പൊലീസ്- വിദ്യാഭ്യാസമുൾപ്പെടെ സുപ്രധാന വകുപ്പുകളിൽ സ്ഥലം മാറ്റ നടപടികൾ പൂർത്തിയാക്കാത്തത് ഉദ്യോഗസ്ഥർക്ക് തിരിച്ചടിയാകുന്നു. മക്കളുടെ സ്കൂൾ മാറ്റമുൾപ്പെടെ പ്രതിസന്ധിയിലാകുന്ന സ്ഥിതിയാണ്.

പെരുമാറ്റച്ചട്ടത്തിന്റെ ഭാഗമായി തിരഞ്ഞെടുപ്പിന് മുമ്പ് ജില്ലയ്ക്ക് പുറത്തുനിന്ന് നിയമിക്കപ്പെട്ട ഉദ്യോഗസ്ഥരാണ് പൊലീസ് സ്റ്റേഷനുകളിൽ ക്രമസമാധാനപാലന ചുമതലയിലുള്ളത്. ഫലപ്രഖ്യാപനത്തിന് ശേഷം പഴയ ലാവണങ്ങളിലേക്ക് മടങ്ങേണ്ടവരാണ് ഇവരിൽ പലരും. കഴിഞ്ഞ പത്തുവർഷമായി ഇടതുസർക്കാരിന്റെ ഭാഗമായി ക്രമസമാധാന പാലനം നിർവഹിച്ചിരുന്ന മിക്കവരും ഇടത് ആഭിമുഖ്യമുള്ളവരാണ്. ഭരണമാറ്റം ഉണ്ടായ സാഹചര്യത്തിൽ ഇവർക്കൊക്കെ മാറ്റമുണ്ടാകും. പുതിയ സർക്കാരിന്റെ സത്യപ്രതിജ്ഞ കഴിഞ്ഞാലേ സ്ഥലം മാറ്റനടപടികളിലേക്ക് കടക്കുകയുള്ളൂ.

റവന്യൂ വകുപ്പിൽ കളക്ടറേറ്റുകളിലുൾപ്പെടെ എസ്റ്റാബ്ളിഷ്മെന്റ് വിഭാഗങ്ങളിൽ ചില്ലറ അഴിച്ചുപണികൾ കഴിഞ്ഞദിവസങ്ങളിൽ നടത്തിയെങ്കിലും പൂർത്തിയായിട്ടില്ല. ജില്ലാ മെഡിക്കൽ ഓഫീസ്, റവന്യൂ വകുപ്പ്, ട്രഷറി തുടങ്ങിയ വകുപ്പുകളിൽ നാമമാത്രമായ മാറ്രമാണുണ്ടായത്. കാലവർഷം വരാനിരിക്കെ ദുരന്തനിവാരണ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിന് റവന്യൂ, ഇറിഗേഷനുൾപ്പെടെ വകുപ്പുകളുടെ സഹകരണം അനിവാര്യമാണ്.

ഒന്നും രണ്ടും പിണറായി സർക്കാരുടെ കാലത്ത് താക്കോൽ സ്ഥാനങ്ങളിലിരുന്ന ഇടത് ആഭിമുഖ്യമുള്ള ജീവനക്കാരെല്ലാവരും ഏത് നിമിഷവും തങ്ങൾ സ്ഥലം മാറ്റപ്പെട്ടേക്കാമെന്നതിനാൽ പ്രധാന കാര്യങ്ങളിലൊന്നും യാതൊരു ഇടപെടലും നടത്തിയിട്ടില്ല. മൺസൂണിന് മുന്നോടിയായി പൂർത്തിയാക്കേണ്ട പ്രവർത്തനങ്ങൾക്ക് ആവശ്യമായ ഫണ്ട് കണ്ടെത്താനും നടപടികൾക്കും ജീവനക്കാരുടെ പുനർവിന്യാസം അനിവാര്യമാണ്.

വിദ്യാഭ്യാസ വകുപ്പുൾപ്പെടെ പ്രധാന വകുപ്പുകളിലെ സ്ഥലംമാറ്റ നടപടികൾ ഉടൻ പൂർത്തിയാക്കേണ്ടതുണ്ട്

- എൻ.ജി.ഒ അസോസിയേഷൻ. ആലപ്പുഴ ജില്ലാ കമ്മിറ്റി

പുതിയ മന്ത്രിസഭ വരാത്തത് വിദ്യാഭ്യാസ വകുപ്പിന്റെ പ്രവർത്തനങ്ങളെ സാരമായി ബാധിച്ചിട്ടുണ്ട്. എസ്.എസ്.എൽ.സി ഫലപ്രഖ്യാപനത്തിൽ വലിയ ആശയക്കുഴപ്പങ്ങളാണുള്ളത്. സ്കൂളുകളുടെ ഫിറ്റ്നസ്,അദ്ധ്യാപക പരിശീലനം, എസ്.എസ്.കെ ഫണ്ട് തുടങ്ങിയ കാര്യങ്ങളും അവതാളത്തിലാണ്

-വി.ശിവൻ കുട്ടി,മുൻ വിദ്യാഭ്യാസ മന്ത്രി

Add as a preferred source on Google
TAGS: EDU
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA