
തിരുവനന്തപുരം: ദുരന്തസാദ്ധ്യതകൾ മുന്നിൽ കണ്ട് എല്ലാ വകുപ്പുകളും കാലവർഷത്തിന് മുന്നോടിയായുള്ള പ്രവൃത്തികൾ അടിയന്തരമായി പൂർത്തിയാക്കണമെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ നിർദേശിച്ചു. ഇതിനായി മുഖ്യമന്ത്രിയുടെ കോൺഫറൻസ് ഹാളിൽ ചേർന്ന ഉന്നതതല യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ദുരന്ത നിവാരണ അതോറിട്ടിയുടെ ഓറഞ്ച് ബുക്കിലെ നിർദേശങ്ങൾ എല്ലാ വകുപ്പുകളും കൃത്യമായി പാലിക്കണം. കാലാവസ്ഥാ പ്രവചനങ്ങൾ കൂടുതൽ ശാസ്ത്രീയമാക്കാൻ കേന്ദ്ര ഏജൻസികളുമായും കാലാവസ്ഥാ നിരീക്ഷണ സംവിധാനങ്ങളുമായും ഏകോപനം ശക്തമാക്കണം.
ഡാമുകളുടെ സുരക്ഷ, മഴയുടെ ലഭ്യത, നീരൊഴുക്ക് എന്നിവ ശാസ്ത്രീയമായി നിരീക്ഷിക്കണം. കേന്ദ്ര ജല കമ്മിഷനും ഡാം സുരക്ഷാ അതോറിറ്റിയുമായും വകുപ്പുകൾ തുടർച്ചയായ ബന്ധം പുലർത്തണം. അണക്കെട്ടുകളിലെ ജലനിരപ്പ് റൂൾ കർവിന് മുകളിൽ എത്തുന്നില്ലെന്ന് ഉറപ്പാക്കണം. ദുരന്തസാദ്ധ്യതാ പ്രദേശങ്ങളിലെ ജനങ്ങളുടെ പട്ടിക തദ്ദേശസ്വയംഭരണ സ്ഥാപനം,വില്ലേജ് തലങ്ങളിൽ പുതുക്കണം. ഉരുൾപൊട്ടൽ സാദ്ധ്യതയുള്ള മേഖലകളിലെ കുടുംബങ്ങളുടെയും അന്യസംസ്ഥാന തൊഴിലാളികളുടെയും വിവരശേഖരണം നടത്തി മുന്നറിയിപ്പുകൾ എത്തിക്കണം.
മഴക്കാല പൂർവ ശുചീകരണം തദ്ദേശസ്ഥാപനങ്ങൾ അടിയന്തരമായി പൂർത്തീകരിക്കണം. ഓടകൾ, കൈത്തോടുകൾ, കനാലുകൾ എന്നിവയിലെ തടസ്സങ്ങൾ നീക്കുകയും മാലിന്യനിർമാർജനം വേഗത്തിലാക്കുകയും വേണം.
ദുരിതാശ്വാസ ക്യാമ്പുകളാക്കുന്ന കെട്ടിടങ്ങളിൽ ശുചിമുറി, വൈദ്യുതി, ലൈറ്റ്, ഫാൻ, അടുക്കള എന്നിവ ഉൾപ്പെടെയുള്ള അടിസ്ഥാന സൗകര്യങ്ങൾ ഉറപ്പാക്കണം.
ദേശീയപാത നിർമ്മാണം നടക്കുന്ന മേഖലകളിലെ വെള്ളക്കെട്ടിന് നാഷണൽ ഹൈവേ അതോറിറ്റിയുമായി ചേർന്ന് പരിഹാരം കാണണം. റോഡുകളിലെ കുഴികൾ അടയ്ക്കുകയും അപകടസാധ്യതയുള്ള സ്ഥലങ്ങളിൽ മുന്നറിയിപ്പ് ബോർഡുകൾ സ്ഥാപിക്കുകയും വേണം.
സ്‌കൂളുകളുടെ ചുറ്റുമതിൽ, മേൽക്കൂര, സമീപത്തെ മരങ്ങൾ എന്നിവ അപകടാവസ്ഥയിലല്ലെന്ന് ഉറപ്പാക്കണം. ആശുപത്രികളിൽ മരുന്നുകൾ ഉറപ്പാക്കണം. പാമ്പുകടിക്കുള്ള ചികിത്സാ സംവിധാനങ്ങൾ സജ്ജമാക്കണം. പകർച്ചവ്യാധി പ്രതിരോധ പ്രവർത്തനങ്ങൾ ശക്തമാക്കണം.
സംസ്ഥാനതലത്തിൽ ചീഫ് സെക്രട്ടറിയും ജില്ലാതലത്തിൽ കളക്ടർമാരും പ്രവർത്തനങ്ങൾ ഏകോപിക്കാൻ യോഗത്തിൽ തീരുമാനമായി.
മന്ത്രിമാരായ രമേശ് ചെന്നിത്തല, കെ. മുരളീധരൻ,എ.പി. അനിൽകുമാർ, ചീഫ് സെക്രട്ടറി ഡോ. എ. ജയതിലക്, വകുപ്പ് സെക്രട്ടറിമാർ, ജില്ലാകളക്ടർമാർ തുടങ്ങിയവർ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |