SignIn
Kerala Kaumudi Online
Tuesday, 02 June 2026 4.38 AM IST

'യോദ്ധ' കണ്ട് നേപ്പാളിലെത്തി യോദ്ധാവായി ബ്യൂട്ടീഷൻ

rahul

തൊടുപുഴ: മോഹൻലാൽ തകർത്തഭിനയിച്ച 'യോദ്ധ" കണ്ട ആവേശത്തിൽ നേപ്പാളിലേക്ക് പോയതാണ് ബ്യൂട്ടീഷ്യൻ രാഹുൽ. അവിടത്തെ ആയോധനകല പഠിക്കണം. അതായിരുന്നു ലക്ഷ്യം. ആകെയുണ്ടായിരുന്ന ബൈക്ക് വിറ്റായിരുന്നു 19-ാംവയസിലെ യാത്ര. ബ്യൂട്ടിപാ‌ർലറിൽ സഹപ്രവ‌ർത്തകനായിരുന്ന നേപ്പാളി ഭാഷ വശമുള്ള ബംഗാൾ സ്വദേശിയെയും കൂട്ടിയാണ് പോയത്. അവിടെ ചെന്നപ്പോൾ അയാൾ കൈവിട്ടു. അതോടെ നാട്ടിലേക്ക് തിരിച്ചുവരേണ്ടി വന്നെങ്കിലും രാഹുൽ നിരാശനായില്ല. ബ്യൂട്ടിപാർലറിൽനിന്നുകിട്ടുന്ന വരുമാനം കൂട്ടിവച്ചും ചിട്ടിപിടിച്ചും വീണ്ടും പോയി. ഭൂട്ടാൻ, ഫിലിപ്പീൻസ്, തായ്ലാൻഡ് എന്നീ രാജ്യങ്ങളിലും പോയി പരിശീലിച്ചു. മുതലക്കോടം പുത്തൻപറമ്പിൽ പരേതനായ പി.ടി. ശശിയുടെയും ശോഭന കുമാരിയുടെയും മകനാണ് രാഹുൽ.

ഫിലിപ്പിനോ മാർഷൽ ആർട്സായ കാലി, ഷാവോലിൻ കുങ്ഫു, ചൈനീസ് യോഗയായ തായ്ചി, ചൈനീസ് ബോക്സിംഗ് സാൻഡ, തായ് ബോക്സിംഗ് മുയ്ത്തായ് തുടങ്ങിയവ രാഹുലിന് വഴങ്ങും. ഫിലിപ്പിനോ ആയോധനകലയായ സാന്റാ കമാവയുടെ ഇന്ത്യയിലെ ആദ്യത്തെ ഇൻസ്ട്രക്ടറും അംബാസഡറുമാണ്‌ രാഹുൽ. ഫരീദാബാദ് മാജിക് ആൻഡ് ആർട്ട് യൂണിവേഴ്സിറ്റിയിൽ നിന്ന് ഹോണററി ഡോക്ടറേറ്റും കിട്ടിയിട്ടുണ്ട്. സകല അഭ്യാസവും വശമാണെങ്കിലും ഒരാളോടും വഴക്കിട്ടിട്ടില്ല ഈ 37 കാരൻ. തൊടുപുഴയിൽ ആയോധനകല അക്കാഡമിയും ബ്യൂട്ടിപാർലറും നടത്തി ഒതുങ്ങി ജീവിക്കുന്നു.

ആയോധനകല പഠിക്കാൻ അന്യസംസ്ഥാനങ്ങളിൽ നിന്നും യുവാക്കൾ എത്തുന്നുണ്ട്. പൊലീസ് ഓഫീസർമാർ, ഡോക്ടർമാർ തുടങ്ങി സമൂഹത്തിന്റെ വിവിധ മേഖലകളിലുള്ളവർ രാഹുലിന് കീഴിൽ അഭ്യസിക്കുന്നു. അവിവാഹിതനാണ്.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: KERALA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA