
തിരുവനന്തപുരം: മുഖ്യമന്ത്രി ചർച്ചയിൽ കെസി വേണുഗോപാലിനെ പിന്തുണച്ചെന്ന് തെളിയിക്കുന്ന ചിത്രം പുറത്തുവന്നതിൽ പ്രതികരിച്ച് കെപിസിസി അദ്ധ്യക്ഷൻ സണ്ണി ജോസഫ്. പുറത്തുവന്ന ചിത്രത്തിന് ആധികാരികത ഇല്ലെന്നും താൻ തീരുമാനം ഹൈക്കമാൻഡിന് വിടുകയായിരുന്നെന്നും സണ്ണി ജോസഫ് പ്രതികരിച്ചു. കോൺഗ്രസ് എംഎൽഎമാരുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം എഐസിസി നിരീക്ഷകൻ മുകുൾ വാസ്നിക്കിന്റെ കയ്യിലിരുന്ന രേഖയുടെ ചിത്രങ്ങൾ ന്യൂ ഇന്ത്യൻ എക്സ്പ്രസ് പുറത്തുവിട്ടിരുന്നു. ഇതിൽ കെപിസിസി അദ്ധ്യക്ഷൻ കെസിയെ പിന്തുണച്ചെന്നാണ് വ്യക്തമാകുന്നത്.
'എല്ലാവരെയും വിളിച്ച് സമന്വയത്തിൽ എത്തിക്കണമെന്നാണ് ആവശ്യപ്പെട്ടത്. രാഹുൽ ഗാന്ധിയുമായും ഖാർഗെയുമായും നിരീക്ഷകർ സംസാരിക്കും. ആവശ്യമെങ്കിൽ ഡൽഹിയിലേക്ക് ക്ഷണിക്കും. പ്രഖ്യാപനം എത്രയും വേഗത്തിലുണ്ടാകും'- സണ്ണി ജോസഫ് പറഞ്ഞു. പുറത്തുവന്ന ചിത്രത്തിൽ സന്ദീപ് വാര്യർ, സജീവ് ജോസഫ്, ടി ഒ മോഹൻ, ഉഷാ വിജയൻ തുടങ്ങിയ നേതാക്കളും കെസിയെ പിന്തുണച്ചവരിൽ ഉണ്ട്.
എന്നാൽ, രമേശ് ചെന്നിത്തലയ്ക്ക് എംഎൽഎമാരിൽ നിന്ന് വേണ്ട പിന്തുണ ലഭിച്ചിട്ടില്ല. അദ്ദേഹത്തിന്റെ വിശ്വസ്തനെന്ന് അറിയപ്പെടുന്ന ഐ സി ബാലകൃഷ്ണൻ പോലും വേണുഗോപാലിനെയും ചെന്നിത്തലയെയും ഒരുപോലെ പിന്തുണച്ചതായാണ് റിപ്പോർട്ട്. ചെന്നിത്തലയ്ക്ക് എട്ട് എംഎൽഎമാരുടെ പിന്തുണയാണ് ലഭിച്ചത്. ഇത് ഉറപ്പ് വരുത്തുന്ന രീതിയിൽ ഹൈക്കമാൻഡ് നിരീക്ഷകരുടെ കൈവശമുള്ള രേഖകളുടെ ചിത്രവും പുറത്തുവന്നിട്ടുണ്ട്.
തിരഞ്ഞെടുപ്പിൽ കോൺഗ്രസിന്റെ മുഖമായി കാണിച്ച പ്രതിപക്ഷ നേതാവ് വി ഡി സതീശന് വെറും ആറ് എംഎൽഎമാരുടെ പിന്തുണയാണ് ലഭിച്ചത്. സതീശനും ചെന്നിത്തലയും നിരീക്ഷകരെ കണ്ട് അവരുടെ അവകാശവാദങ്ങൾ ഉന്നയിച്ചപ്പോൾ കെ സി വേണുഗോപാൽ കൂടിക്കാഴ്ചയിൽ നിന്ന് വിട്ടുനിന്നു. മുഖ്യമന്ത്രിയെ നാമനിർദേശം ചെയ്യാൻ കോൺഗ്രസ് നിയമസഭാ കക്ഷിയോഗം എഐസിസി അദ്ധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയെ ചുമതലപ്പെടുത്തിയിട്ടുണ്ട്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |