
തൃശൂർ: 'ബേബി എവിടെ, അവിടെ ബെറ്റിയുമുണ്ട്..." തൃശൂരിലെ ഇടത് പ്രചാരണ വേദികളിൽ സ്ഥിരസാന്നിദ്ധ്യമാവുകയാണ് സി.പി.എം ദേശീയ സെക്രട്ടറി എം.എ. ബേബിയുടെ ഭാര്യ ബെറ്റി ലൂയിസ്. ആദ്യം പ്രസ് ക്ലബിലെ മുഖാമുഖം വേദി, പിന്നീട് സാഹിത്യ അക്കാഡമിയിലെ സാസ്‌കാരിക സംഗമം... മാദ്ധ്യമപ്രവർത്തകരുടെ ചോദ്യങ്ങൾക്കായി ബേബി വസ്തുതകളും പേരും തെരയുമ്പോൾ ബെറ്റിയുടെ കണ്ണുകളിലും ചുണ്ടിലുമുണ്ട് ഉത്തരം.
വനിതാ പ്രാതിനിധ്യത്തെക്കുറിച്ച് ചോദ്യമെറിഞ്ഞ മാദ്ധ്യമ പ്രവർത്തകർക്ക് മറുപടിയായി മഹാരാഷ്ട്രയിലെ മുൻ സി.പി.എം സംസ്ഥാന സെക്രട്ടറിയെക്കുറിച്ച് സഖാവ് പറഞ്ഞുതുടങ്ങി. പേര് വിട്ടുപോയപ്പോൾ സദസിലെ ബെറ്റിയുടെ ചുണ്ടുകൾ മന്ത്രിച്ചു, 'അഹില്യ രംഗ്‌നേക്കർ".
കണ്ണൂർ, കാസർകോട്, കോഴിക്കോട്, വയനാട് പര്യടനത്തിന് ശേഷം കൊച്ചി, തൃശൂർ, വെള്ളിയാഴ്ച മലപ്പുറം, ഇനി കോട്ടയം, തിരുവനന്തപുരം, കൊല്ലം... ഈ തിരഞ്ഞെടുപ്പ് വേളയിൽ ബേബിയും ബെറ്റിയും യാത്ര തുടരുകയാണ്.
'പിണറായി സഖാവിനെക്കുറിച്ച് പറയുമ്പോഴെല്ലാം വലിയ ആവേശമാണ് പ്രവർത്തകർക്ക്. തീരുമാനം പറയാനും എടുക്കാനും എല്ലാം എളുപ്പമാണ്. പക്ഷെ, അത് നിർവഹിക്കാൻ എളുപ്പമല്ലല്ലോ. വിജയേട്ടൻ, നല്ലൊരു ഭരണകർത്താവാണ്. ഈ നാട്ടിലെ റോഡുകൾ കണ്ടാൽ മനസിലാകും." ഈ തിരഞ്ഞെടുപ്പ് ഇടതുപക്ഷത്തിന് മുഖ്യമാണെന്ന് അവർ പറയുന്നു.
... 'ഒരു ഹോട്ടലിൽ അടുത്തിരുന്ന് ഭക്ഷണം കഴിച്ചവർ പറഞ്ഞത് ക്ഷേമപെൻഷനും ഇൻഷ്വറൻസും എല്ലാം കേന്ദ്രസർക്കാരാണ് തരുന്നതെന്നാണ്. മറ്റ് മുന്നണികൾ എത്രത്തോളം തെറ്റിദ്ധരിപ്പിക്കുന്നു." എ.കെ.ബാലന്റെ ഭാര്യ ഡോ.ജമീലയെ വിളിച്ചാണ് ഇക്കാര്യത്തിൽ വ്യക്തത വരുത്തിയതെന്ന് ബെറ്റി പറയുന്നു.
കെ.കെ.ശൈലജ, പി.കെ.ശ്രീമതി, സുകന്യ, കോടിയേരിയുടെ ഭാര്യ വിനോദിനി, മുഖ്യമന്ത്രി പിണറായി വിജയന്റെ ഭാര്യ കമല എന്നിവരുമായെല്ലാം നല്ല ബന്ധം. വിളിക്കും, വിശേഷങ്ങൾ പങ്കുവയ്ക്കും. നായനാരുടെ ഭാര്യ ശാരദ ടീച്ചർ മാതൃവാത്സല്യത്തോടെയാണ് പെരുമാറുന്ന്. വയലാർ രവിയുടെ ഭാര്യ 'മെഴ്‌സിച്ചേച്ചി"യുമായും അടുപ്പമായിരുന്നു.
അടുത്ത് എന്നുമുണ്ടാകാറുള്ള ബേബിയെ, ദേശീയ സെക്രട്ടറിയായതോടെ കാണാനില്ലെന്ന പരിഭവം ബെറ്റിക്കുണ്ട്. 'ബേബി ഒരു ഫാമിലിമാനാണ്, ഞങ്ങളെക്കാളേറെ കുടുംബത്തെ മിസ് ചെയ്യുക അദ്ദേഹമാണ്. എങ്കിലും വലിയൊരു ദൗത്യത്തിനാണല്ലോ, പ്രതീക്ഷയാണത്." അന്നും ഇന്നും പ്രണയത്തെക്കാളേറെ ആരാധനയോടെ ബേബിയെ നോക്കുന്ന ബെറ്റി ഹാപ്പിയാണ്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |