SignIn
Kerala Kaumudi Online
Monday, 25 May 2026 6.29 PM IST

'ആരാണെന്ന് പോലും തിരിച്ചറിയാൻ സാധിക്കുന്നില്ല, സുഹൃത്തും കൂട്ടത്തിലുണ്ട്'; തൃശൂരിലേത് ഉഗ്രസ്‌ഫോടനം

thrissur

തൃശൂര്‍: തൃശൂർ പുരത്തിനുള്ള വെടിക്കെട്ട് നിർമ്മാണകേന്ദ്രത്തിൽ ഉണ്ടായത് ഉഗ്രസ്‌ഫോടനമെന്ന് നാട്ടുകാർ. ശബ്ദം കേട്ട് എല്ലാവരും പേടിച്ചെന്നും ഇപ്പോഴും അവിടെ സ്‌ഫോടനങ്ങള്‍ നടക്കുന്നുണ്ടെന്നും ഒരു യുവാവ് മാദ്ധ്യമളോട് പറഞ്ഞു. തൃശൂർ പൂരത്തിനായി തിരുവമ്പാടി വിഭാഗത്തിന്റെ വെടിക്കെട്ട് സാമഗ്രികൾ സൂക്ഷിച്ചിരിക്കുന്ന മുണ്ടത്തിക്കോട്ടെ വെടിക്കെട്ട് പുരയിലാണ് അപകടം ഉണ്ടായിരിക്കുന്നത്.

'പ്രദേശത്തേക്ക് അടുക്കാൻ സാധിക്കുന്നില്ല. ചിലരെ രക്ഷിക്കാൻ കഴിഞ്ഞു. ആരാണെന്ന് തിരിച്ചറിയാൻ കഴിയാത്ത രീതിയിലാണ് കൊണ്ടുപോയത്. ആരാണ് മരിച്ചതെന്ന് അറിയില്ല. 40 ഓളം പേർ അവിടെ ഉണ്ടായിരുന്നു. അടുത്തേക്ക് പോകാൻ പോലും പറ്റുന്നില്ല. എന്റെ സുഹൃത്ത് സതീശനും ഇക്കൂട്ടത്തിൽ ഉണ്ട്. അവനെ കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. ഈ വർഷം കൊണ്ട് ഈ വെടിക്കെട്ട് നിർത്തുമെന്ന് പറഞ്ഞ ആളാണ് സതീശൻ. എന്താണ് സംഭവിച്ചതെന്ന് അറിയില്ല. നല്ല വിഷമമുണ്ട്'- പൊട്ടിക്കരഞ്ഞ് കൊണ്ട് യുവാവ് പ്രതികരിച്ചു.

അപകടത്തിൽ അഞ്ച് മരണം സ്ഥിരീകരിച്ചു. നാൽപതിലധികം പേർക്ക് പരിക്കേറ്റതായാണ് വിവരം. കടുത്ത ചൂടാണ് സ്ഫോടനത്തിന് കാരണമായതെന്നാണ് പ്രാഥമിക നിഗമനം. ഒട്ടേറെ തൊഴിലാളികൾ ഇവിടെ ജോലിചെയ്‌തിരുന്നതായാണ് വിവരം. അപകടസ്ഥലത്ത് രക്ഷാപ്രവർത്തനങ്ങൾ പുരോഗമിക്കുകയാണ്. വെടിക്കെട്ടിന്റെ പ്രധാന ചുമതലക്കാരനായ സതീശൻ ഉൾപ്പടെയുള്ളവർക്കാണ് പൊള്ളലേറ്റത്. തിരുവമ്പാടി വെടിക്കെട്ട് ലൈസൻസുള്ളത് മുണ്ടത്തിക്കോട് സതീശന്റെ പേരിലാണ്. അപകടം നടന്ന സ്ഥലത്തേക്കുള്ള വഴി ചെറുതായതിനാൽ ഫയർഫോഴ്‌സിന് ഇവിടേയ്‌ക്കെത്തുന്നതിൽ ബുദ്ധിമുട്ടുണ്ടാക്കി. തുടർന്ന് സമീപത്തെ മതിൽ തകർത്താണ് ഫയർഫോഴ്‌സ് സംഘം സ്ഥലത്തെത്തിയത്.

വലിയൊരു പാഠശേഖരത്തിന്റെ കരയിലായാണ് വെടിക്കെട്ട് നിർമ്മാണശാല സ്ഥിതിചെയ്‌തിരുന്നത്. സ്‌ഫോടനത്തെ തുടർന്ന് ഈ പാടശേഖരത്തിലേക്ക് പടക്കങ്ങൾ തെറിച്ചുവീണ് പൊട്ടാൻ തുടങ്ങി. ഉഗ്രസ്‌ഫോടനത്തെ തുടർന്ന് അവശിഷ്‌ടങ്ങൾ ദൂരേക്ക് തെറിച്ചുവീണു പൊട്ടിത്തെറിക്കുന്ന ഭീകരസാഹചര്യമാണ് നിലവിലുള്ളത്. അതിനാൽ മറ്റാരെയും ഉള്ളിലേക്ക് കടത്തിവിടുന്നില്ല.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: THRISSUR, FIRE, EXPLOSION
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA