
തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ബീ ടീം പോലെയാണ് കേരള മുഖ്യമന്ത്രി പ്രവർത്തിക്കുന്നതെന്ന് കോൺഗ്രസ് നേതാവ് പ്രിയങ്കാഗാന്ധി. രാജ്യത്തെ എല്ലാ നേതാക്കളേയും കേന്ദ്ര ഏജൻസികൾ വേട്ടയാടുമ്പോൾ എൽ.ഡി.എഫിലെ ഒരുനേതാവും വേട്ടയാടപ്പെടുന്നില്ല. ശബരിമല സ്വർണ്ണക്കൊള്ളയിൽപോലും സർക്കാരിനെ സംരക്ഷിക്കുന്ന നിലപാടാണ് പ്രധാനമന്ത്രിയെടുത്തത്. ചിറയിൻകീഴ് മണ്ഡലത്തിലെ പുത്തൻതോപ്പിൽ യു.ഡി.എഫ് തിരഞ്ഞെടുപ്പ് പ്രചാരണയോഗത്തിൽ സംസാരിക്കുകയായിരുന്നു പ്രിയങ്ക.
കേരള സർക്കാർ ജനങ്ങളുടെ താത്പര്യം അവഗണിക്കുന്നു. യുവാക്കൾ തൊഴിൽ ലഭിക്കാതെ വിദേശത്തേക്ക് പോവുകയാണ്. ആരോഗ്യമേഖല ജീവനക്കാരുടെ കുറവടക്കം പ്രതിസന്ധിനേരിടുന്നു. ജനങ്ങളോടുള്ള ഉത്തരവാദിത്വം സർക്കാർ നിറവേറ്റണം. തുടർച്ചയായ ഇടതുഭരണത്തിൽ ദുരിതത്തിലായ ജനത്തിനു മെച്ചപ്പെട്ട ജീവിതമാണ് യു.ഡി.എഫ് തിരഞ്ഞെടുപ്പിൽ ഉറപ്പുതരുന്നതെന്നും പ്രിയങ്ക പറഞ്ഞു.
ബി.ജെ.പിയുമായി ഡീലുണ്ടാക്കി
കൊല്ലം: മുഖ്യമന്ത്രി പിണറായി വിജയൻ സ്വന്തം സുരക്ഷയ്ക്ക് പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി ഡീലുണ്ടാക്കിയെന്ന് കൊല്ലത്തെ യു.ഡി.എഫ് തിരഞ്ഞെടുപ്പ് കൺവെൻഷനിൽ പ്രിയങ്കാ ഗാന്ധി പറഞ്ഞു. പിണറായി, മോദിക്കെതിരെ പോരാടുന്നുവെന്ന് പറയുന്നത് കേൾക്കുമ്പോൾ തനിക്ക് ചിരിയാണ് വരുന്നത്. യു.ഡി.എഫ് പ്രഖ്യാപിച്ചിട്ടുള്ള കെ.എസ്.ആർ.ടി.സി ബസിൽ സ്ത്രീകൾക്കുള്ള സൗജന്യ യാത്ര കർണാടകയിലെ കോൺഗ്രസ് സർക്കാർ വിജയകരമായി നടപ്പാക്കി. ഒരുകുടുംബത്തിന് പ്രഖ്യാപിച്ച 25 ലക്ഷം രൂപയുടെ ആരോഗ്യ ഇൻഷ്വറൻസ് രാജസ്ഥാനിൽ കോൺഗ്രസ് നടപ്പാക്കി. ഇപ്പോഴുള്ള അവസ്ഥ മാറി ജനങ്ങളുടെ ചോദ്യത്തിന് ഉത്തരം നൽകുന്ന സർക്കാർ കേരളത്തിലുണ്ടാകണമെന്നും പോളിംഗ് ബൂത്തിലേക്ക് പോകുമ്പോൾ കഴിഞ്ഞ പത്തുവർഷക്കാലം അനുഭവിച്ച ദുരിതങ്ങൾ ഓർക്കണമെന്നും പ്രിയങ്കാ ഗാന്ധി പറഞ്ഞു.
ഡി.സി.സി പ്രസിഡന്റ് പി.രാജേന്ദ്രപ്രസാദ് അദ്ധ്യക്ഷത വഹിച്ചു. യു.ഡി.എഫ് സ്ഥാനാർത്ഥികളായ പി.സി.വിഷ്ണുനാഥ്, അഡ്വ. ബിന്ദുകൃഷ്ണ, ഷിബു ബേബിജോൺ, സൂരജ് രവി, എൻ.കെ.പ്രേമചന്ദ്രൻ എം.പി, മേയർ എ.കെ.ഹഫീസ്, അഡ്വ. കെ.ബേബിസൺ തുടങ്ങിയവർ സംസാരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |