SignIn
Kerala Kaumudi Online
Wednesday, 22 April 2026 4.25 AM IST

ജീവിത പ്രരാബ്ദം സൃഷ്ടിച്ച പ്രതിഭ

Increase Font Size Decrease Font Size Print Page
s

പിതാവ് പണ്ഡിറ്റ് ദീനനാഥ് മങ്കേഷ്കറുടെ അപ്രതീക്ഷിത വിയോഗമാണ് ആശാ ഭോസ്‌ലയെ തന്റെ 10-ാം വയസിൽ സംഗീതത്തിന്റെ ലോകത്തേക്കെത്തിച്ചത്. സാമ്പത്തികമായി തകർന്ന കുടുംബത്തെ കരകയറ്റാൻ ഇറങ്ങിത്തിരിച്ച സഹോദരി ലതാ മങ്കേഷ്ക്ർക്ക് കൂട്ടായി ആഷാ ജീയും സംഗീതത്തിന്റെ വഴി തിരഞ്ഞെടുത്തു. 1943ൽ പുറത്തിറങ്ങിയ 'മജ്ജ ബാൽ" എന്ന ചിത്രത്തിലെ 'ചല ചല നാവ് ബല" എന്ന മറാത്തി ഗാനമായിരുന്നു ആദ്യമായി ആലപിച്ചത്.

 ഗിന്നസ് ഗായിക

20 ഭാഷകൾ,​ 11,​000ഓളം ഗാനങ്ങൾ! ഈ റെക്കാഡാണ് ഗിന്നസിൽ മുത്തമിടിയിച്ച ആഷാ ഭോസ്‌ലെ വിസ്മയം. ഏറ്റവും കൂടുതൽ ഗാനങ്ങൾ ആലപിച്ച പിന്നണി ഗായിക എന്ന ഖ്യാതി ഗിന്നസിലേക്ക് എത്തിച്ചു.

 ഗ്രാമിയിലെ ഇന്ത്യൻ തിളക്കം

ഗ്രാമി അവാർഡിനു നോമിനേറ്റ് ചെയ്യപ്പെടുന്ന ആദ്യ ഇന്ത്യൻ ഗായികയാണ് ആഷാജീ. ഒന്നല്ല,​ രണ്ടുവട്ടം. 1997ൽ സരോദ് വിദ്വാൻ ഉസ്താദ് അലി അക്ബർ ഖാനൊപ്പം പുറത്തിറക്കിയ 'ലെഗസി" എന്ന ആൽബം ഗാനത്തിനായിരുന്നു ആദ്യത്തേത്. 2006ൽ 'ക്രോണോസ് ക്വാർടെറ്റ്" എന്ന അമേരിക്കൻ മ്യൂസിക്ക് ബാൻഡിനൊപ്പം ചേർന്ന് പുറത്തിറക്കിയ 'യു ഹാവ് സ്റ്റോളൻ മൈ ഹാർട്ട്" എന്ന ഗാനത്തിലൂടെ രണ്ടാം ഗ്രാമി നോമിനേഷനും തേടിയെത്തി.

പാചക പ്രേമി,​ റെസ്റ്റാറന്റ് ഉടമ

ലോകത്തെ പ്രമുഖ ഹോട്ടൽ ശൃംഖലയായ ആശാസ് റെസ്റ്റോറന്റിന്റെ ഉടമ കൂടിയാണ് ആശാ ഭോസ്‌ലെ. പാചകത്തോടുള്ള ഇഷ്ടവും താത്പര്യവുമാണ് ഈ മേഖലയിലേക്ക് ആശാജീയെ എത്തിച്ചത്. യു.എ.ഇ,​ കുവൈറ്റ്,​ ബഹ്റൈൻ,​ യു.കെയിലെ ബിർമിംഗാം,​ മാജസ്റ്റർ എന്നിവിടങ്ങളിൽ ആശാസ് റെസ്റ്റോറന്റുണ്ട്. നോർത്ത് ഇന്ത്യൻ മെനുവാണ് ഇവിടത്തെ സ്പെഷ്യൽ.

ആദ്യ വിവാഹത്തിൽ ഗാർഹിക പീഡനം

ഗാർഹിക പീഡനത്തെത്തുടർന്ന് ആദ്യ ഭർത്താവുമായുള്ള ബന്ധം ഉപേക്ഷിക്കേണ്ടി വന്നതിന്റെ തിക്താനുഭവവും ആശാ ഭോസ്‌ലെയുടെ ജീവിത്തിലുണ്ടായി. 16-ാം വയസിൽ 31-കാരനായ ഗണപത്‌റാവു ഭോസ്‌ലയെ പ്രണയിച്ച് വിവാഹം കഴിച്ചത് കുടുംബത്തിന് അകത്ത് നിന്ന് എതിർപ്പുണ്ടായി. ലത മങ്കേഷ്കറുടെ പേഴ്സണൽ സെക്രട്ടറിയായിരുന്നു ഗണപത്‌റാവു. തുടർന്ന് കടുത്ത മാനസിക പീഡനം ഇയാളിൽ നിന്ന് നേരിടേണ്ടിവന്നു. 11 വർഷത്തിനുശേഷം ബന്ധം വേർപിരിഞ്ഞു. ഈ ബന്ധത്തിൽ മൂന്നു മക്കളുണ്ട്. തുടർന്ന് 1980ലാണ് സംഗീത സംവിധായകനും ഗായകനുമായ ആർ.ഡി. ബർമനുമായുള്ള രണ്ടാം വിവാഹം. ബന്ധം വേർപിരിഞ്ഞെങ്കിലും ആദ്യ ഭർത്താവ് ഗണപത്‌റാവു ഭോസ്‌ലെയുടെ പേര് തന്റെ പേരിൽ നിന്ന് നീക്കാൻ ആശാജീ തയ്യാറായില്ല.

 മക്കളുടെ മരണം തളർത്തി

ആശാ ഭോസ്‌ലെക്ക് മൂന്ന് മക്കളായിരുന്നു. ഇതിൽ മൂത്ത മകൻ ഹേമന്ത് ഭോസ്‌ലെ 2015ൽ കാൻസർ ബാധിച്ച് മരിച്ചു. ജേണലിസ്റ്റും കോളമിസ്റ്റുമായ മകൾ വർഷ ഭോസ്‌ലെ 2012ൽ ആശയുടെ വീട്ടിൽവച്ച് ആത്മഹത്യ ചെയ്തു. ഇളയ മകൻ ആനന്ദ് ഭോസ്‌ലെ സിനിമ മേഖലയിലാണ്. തന്റെ മക്കളുടെ മരണം ആശയെ മാനസികമായി തളർത്തിയിരുന്നു.

 പരസ്യത്തിലേയും താരം

ഇന്ത്യൻ പരസ്യകലയുടെ 'സൗണ്ട് ഐഡന്റിറ്റി' രൂപപ്പെടുത്തുന്നതിൽ ആശ ഭോസ്‌ലെ നൽകിയ സംഭാവനകൾ സമാനതകളില്ലാത്തതാണ്. റേഡിയോയുടെയും ടെലിവിഷൻ ജിംഗിൾസിന്റെയും സുവർണകാലത്ത്, വിവരശേഖരണം എന്നതിലുപരി പരസ്യങ്ങളെ സംഗീതസാന്ദ്രമായ അനുഭവമാക്കാൻ ആശയ്ക്ക് കഴിഞ്ഞു. ഹിന്ദുസ്ഥാൻ ലിവറിന് വേണ്ടി ആലപിച്ച പരസ്യഗാനങ്ങൾ ഇന്നും ശ്രദ്ധേയമാണ്. ഹിമാലയ ബൊക്കെ ടോയ്‌ലറ്റ് സോപ്പിനും ടാൽകം പൗഡറിനും വേണ്ടിയുള്ള ‘ഫൂൽ കെ സമ്മാൻ ഹേ’ എന്ന ഗാനം. ജനപ്രിയ കവി ജാൻ നിസാർ അക്തർ വരികളെഴുതി, സംഗീത സംവിധായകൻ രവി ഈണം നൽകിയ ഈ ഗാനം വലിയ ജനപ്രീതി നേടി. 2002ൽ രസീല റോസാന ഉത്സവ് എന്ന ക്യാമ്പയിനിലൂടെ അവർ പരസ്യരംഗത്തേക്ക് വീണ്ടും ചുവടുവച്ചു.

 നായികയും ഗായികയും

'ഛം ഛാമ ഛാം' എന്ന പടത്തിൽ നായികയായി അഭിനയിച്ച ആശ ആ സിനിമയിലെ 11 പാട്ടുകളിൽ 10 എണ്ണവും പാടി റെക്കാർഡ് സൃഷ്ടിച്ചു. ബിമൽ റോയിയുടെ പരിണിത പോലുള്ള പടങ്ങളിൽ ആശയ്ക്ക് അവസരം ലഭിച്ചു. 'ബൂട്ട്‌പോളിഷ്' എന്ന സിനിമയിലേക്ക് രാജ്കപൂർ ആശയെ ക്ഷണിച്ചു. അതിലെ എല്ലാ ഗാനങ്ങളും പാടിയത് ആശയാണ്. ഒരു പിന്നണി ഗായികയ്ക്ക് ലഭിക്കാവുന്ന അപൂർവമായ അവസരം. 2013ൽ മായി എന്ന ചിത്രത്തിലും അഭിനയിച്ചു.

 ലതയും ആശയും 92-ാം വയസിൽ

ലതാ മങ്കേഷ്‌കറിന്റെയും ആശാ ഭോസ്‌ലെയുടെയും ജീവിതം പരസ്പരം സാമ്യമുള്ളതാണ്. സഹോദരിമാരായി മാത്രമല്ല, സംഗീത ലോകം കണ്ട മികച്ച രണ്ട് ശബ്ദങ്ങൾ എന്ന നിലയിലും അവരുടെ വിയോഗത്തിലും അത് സംഭവിച്ചു. 1929ൽ ലതാ മങ്കേഷ്‌കറും 1933ൽ ആശാ ഭോസ്‌ലെയും നാല് വർഷത്തെ വ്യത്യാസത്തിൽ ജനിച്ചു. അവരുടെ അവസാന അദ്ധ്യായങ്ങളിലും ഇതേ സമാനതയുണ്ട്. 2022ൽ ലതാ മങ്കേഷ്‌കർ അന്തരിച്ചു, 2026ൽ ആശാ ഭോസ്‌ലെയും കൃത്യം നാല് വർഷത്തെ ഇടവേളയിൽ. രണ്ടു പേരും അന്തരിച്ചത് 92-ാം വയസിലും ഒരു ഞായറാഴ്ച എന്നതും യാദൃശ്ചികം. സമാനതകൾ അവിടെയും അവസാനിക്കുന്നില്ല. രണ്ട് പേരും തങ്ങളുടെ അവസാന നിമിഷങ്ങൾ ചെലവഴിച്ചത് മുംബയിലെ ബ്രീച്ച് കാൻഡി ആശുപത്രിയിൽ.

TAGS: S
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.