SignIn
Kerala Kaumudi Online
Friday, 15 May 2026 2.26 AM IST

നയിച്ചവൻ നായകൻ, വി.ഡി.സതീശൻ മുഖ്യമന്ത്രിയായി  തിങ്കളാഴ്ച സത്യപ്രതിജ്ഞ ചെയ്യും

s

ചടങ്ങ് രാവിലെ 10ന് സെൻട്രൽ സ്റ്റേഡിയത്തിൽ
സത്യപ്രതിജ്ഞ ചെയ്യുന്നത് സമ്പൂർണ മന്ത്രിസഭ
പ്രഖ്യാപിച്ചത് ഡൽഹിയിൽ
കെ.സിയെ അനുനയിപ്പിച്ചു
ചെന്നിത്തല അതൃപ്തിയിൽ,​ നിയമസഭാ കക്ഷിയോഗത്തിൽ പങ്കെടുത്തില്ല

ന്യൂഡൽഹി: പതിനൊന്നു ദിവസത്തെ തർക്കങ്ങൾക്കും അനിശ്ചിതത്വത്തിനും ഒടുവിൽ കേരളത്തിന്റെ മുഖ്യമന്ത്രിയായി വി.ഡി.സതീശന്റെ രംഗപ്രവേശം. ജനവികാരത്തെ അവഗണിച്ചാൽ ഭാവിയിൽ വലിയ വില കൊടുക്കേണ്ടിവരുമെന്ന് തിരിച്ചറിഞ്ഞ കോൺഗ്രസ് ഹൈക്കമാൻഡ് വി.ഡി.സതീശൻ എന്ന ഒറ്റപ്പേരിലേക്ക് എത്തുകയായിരുന്നു.

അവസാന നിമിഷംവരെ അവകാശവാദമുന്നയിച്ച കെ.സി. വേണുഗോപാലിനെ രാഹുൽ ഗാന്ധി അനുനയിപ്പിച്ചു. രമേശ് ചെന്നിത്തല വഴങ്ങിയെങ്കിലും അതൃപ്തിയിലാണ്. നിയമസഭാകക്ഷി യോഗത്തിൽ പങ്കെടുക്കാതെ ഗുരുവായൂർ ദർശനത്തിന് പോയി. എങ്കിലും,​ സതീശന് പിന്തുണ അറിയിച്ചുള്ള കത്ത് എം.എൽ.എമാർ വശം കൊടുത്തുവിട്ടു. ഹൈക്കമാൻഡ് അനുനയശ്രമം തുടരുകയാണ്.

തിങ്കളാഴ്ച രാവിലെ പത്തിന് സെൻട്രൽ സ്റ്റേഡിയത്തിൽ സത്യപ്രതിജ്ഞ നടക്കും. വിജയം നേടിയത് ടീം യു.ഡി.എഫ് ആയതിനാൽ മന്ത്രിസഭ ഒന്നടങ്കം സത്യപ്രതിജ്ഞ ചെയ്യണമെന്ന നിലപാടിലാണ് സതീശൻ. ഇന്നലെ രാത്രി ഏഴരയോടെ ഗവർണർ ആർ.വി. ആർലേക്കറെ കണ്ട് സർക്കാർ രൂപീകരിക്കാൻ സതീശൻ അവകാശവാദമുന്നയിച്ചു. 63 കോൺഗ്രസ് എം.എൽ.എമാരുടെയും ഘടകകക്ഷികളുടെയും പിന്തുണക്കത്തും കൈമാറി. മന്ത്രിമാരുടെ പട്ടിക പിന്നീട് എത്തിക്കാമെന്നും അറിയിച്ചു. പാർലമെന്ററി പാർട്ടി നേതാവായി സതീശനെ തിരഞ്ഞെടുത്തതിന്റെ കത്തും കൈമാറി. സർക്കാരുണ്ടാക്കാൻ സതീശനെ ഗവർണർ ക്ഷണിച്ചു.

രാഹുലിനു മുന്നിൽ

ഒടുവിൽ വഴങ്ങി

1 നാടകീയ രംഗങ്ങൾക്കാണ് ഇന്നലെയും ഡൽഹി സാക്ഷ്യം വഹിച്ചത്. സതീശന്റെ പേര് രാഹുലും ഖാർഗെയും ബുധനാഴ്‌ച തന്നെ തീരുമാനിച്ചെങ്കിലും കെ.സി അയഞ്ഞില്ല. കെ.സിയെ ഇന്നലെ രാവിലെ വസതിയിലേക്ക് വിളിച്ചുവരുത്തി രാഹുൽ രണ്ട് മണിക്കൂറോളം ചർച്ച നടത്തി. പ്രിയങ്കയും ഒപ്പമുണ്ടായിരുന്നു. ഒടുവിൽ സമ്മതിക്കേണ്ടിവന്നു. തുടർന്നാണ് എ.ഐ.സി.സി ഓഫീസിൽ ഉച്ചയ്‌ക്ക് 12ന് ദീപാദാസ് മുൻഷി വി.ഡിയുടെ പേര് പ്രഖ്യാപിച്ചത്

2 കെ.സി ഉടക്കിട്ടത് കാരണം ഇന്നലെ ഉച്ചയ്‌ക്ക് തിരുവനന്തപുരത്ത് നിശ്ചയിച്ചിരുന്ന നിയമസഭാകക്ഷി യോഗവും ദീപാദാസ് മുൻഷി, അജയ് മാക്കൻ, മുകുൾ വാസ്‌നിക് എന്നിവരുടെ യാത്രയും നീട്ടേണ്ടി വന്നു. വൈകിട്ട് ചാർട്ടേഡ് വിമാനത്തിൽ ഇവരെത്തിയ ശേഷം ചേർന്ന യോഗം സതീശനെ ഐകകണ്ഠ‌്യേന തിരഞ്ഞെടുത്തു

3 രമേശിനെ ഫോണിൽ ബന്ധപ്പെട്ട് രാഹുൽ പാർട്ടി തീരുമാനം അറിയിച്ചിരുന്നു. ഹൈക്കമാൻഡിന്റെ പിന്തുണയോടെ മുഖ്യമന്ത്രിപദം പിടിക്കാനിറങ്ങിയ വേണുഗോപാലിനു പോലും പിൻവാങ്ങേണ്ടിവന്ന പശ്ചാത്തലത്തിൽ രമേശിന്റെ എതിർപ്പും കെട്ടടങ്ങുമെന്നാണ് കരുതുന്നത്. ലീഗ് അടക്കം ഘടകകക്ഷികളെയും ഡൽഹിയിലെ പ്രഖ്യാപനത്തിന് മുൻപേ വിവരം അറിയിച്ചു

Add as a preferred source on Google
TAGS: S
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA