
തിരുവനന്തപുരം: മുഖ്യമന്ത്രി സ്ഥാനം ദൈവ നിയോഗമാണ്. വ്യക്തിപരമായി കിട്ടിയ കാര്യമായി കാണുന്നില്ലെന്ന് വി.ഡി. സതീശൻ. മുഖ്യമന്ത്രി പ്രഖ്യാപനത്തിന് പിന്നാലെ കന്റോൺമെന്റ് ഹൗസിൽ വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
കേരളത്തിന് നന്ദി. ഒരുപാട് പേർ യു.ഡി.എഫിന്റെ വിജയത്തിന് സഹായിച്ചിട്ടുണ്ട്. പ്രധാന പങ്കു വഹിച്ച എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാലിനും ക്യാമ്പയിൻ കമ്മിറ്റി ചെയർമാനും മുൻ പ്രതിപക്ഷ നേതാവുമായ രമേശ് ചെന്നിത്തലയ്ക്കും നന്ദി. രണ്ടു പേരും എന്റെ നേതാക്കൻമാരാണ്. അവരെ പൂർണ്ണ വിശ്വാസത്തിലെടുക്കും. മല്ലികാർജുൻ ഖാർഗെയ്ക്കും രാഹുൽ ഗാന്ധിക്കും സണ്ണി ജോസഫിനും ദീപാ ദാസ് മുൻഷിക്കും നന്ദി. ടീം യു.ഡി.എഫ് നേതാക്കളായ പാണക്കാട് സാദിഖലി തങ്ങൾ, പി.കെ.കുഞ്ഞാലിക്കുട്ടി, പി.ജെ.ജോസഫ്, ഷിബു ബേബി ജോൺ, രാജൻബാബു എന്നിവർക്കും നന്ദി.
വിജയത്തിനായി കഠിനാധ്വാനം ചെയ്ത പ്രവർത്തകരും യു.ഡി.എഫ് നേതാക്കളും ചേർന്ന ടീം യു.ഡി.എഫിന്റെ വിജയമാണിത്. രാഷ്ട്രീയപ്രവർത്തനവും പൊതുപ്രവർത്തനവും ജനങ്ങൾക്ക് വേണ്ടി നടത്തുന്ന കഠിനാദ്ധ്വാനമാണ്.
പ്രഖ്യാപനം വൈകിയതിൽ നാണക്കേടൊന്നുമില്ല. നേതൃത്വത്തിന് ഒരുപാട് കാര്യങ്ങൾ നോക്കേണ്ടതുണ്ട്. മുൻകാലങ്ങളിൽ ഇല്ലാത്ത വിധം എം.എൽ.എമാർ, എം.പിമാർ, മുതിർന്ന നേതാക്കൾ എന്നിവരുമായി ആശയവിനിമം നടത്തിയാണ് തീരുമാനം പ്രഖ്യാപിച്ചത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |