
അടൂർ: എം.സി റോഡിൽ കാറും ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ സിനിമ, സീരിയൽതാരം ഗുരുവായൂർ ഇരിങ്ങപ്പുറം അനന്തപുരിയിൽ സന്തോഷ് കെ. നായർ(66) മരിച്ചു. ഒപ്പമുണ്ടായിരുന്ന സ്ത്രീയ്‌ക്കും ലോറി ഡ്രൈവർ തിരുവനന്തപുരം സ്വദേശി സുധീഷിനും (37) പരിക്കേറ്റു.
ഇന്നലെ രാവിലെ 6.15ന് പുതുശേരി ഭാഗം എം.ജി ജംഗ്ഷനിലായിരുന്നു അപകടം. സന്തോഷ് ഓടിച്ച ഇന്നോവ കാർ പാഴ്സൽ സർവീസ് നടത്തുന്ന മിനിലോറിയുമായി കൂട്ടിയിടിക്കുകയായിരുന്നു. തിരുവനന്തപുരത്തു നിന്ന് കോട്ടയം ഭാഗത്തേക്ക് പോവുകയായിരുന്നു സന്തോഷ്. അടൂരിൽ നിന്ന് തിരുവനന്തപുരത്തേക്ക് പോവുകയായിരുന്നു ലോറി. ഓടിക്കൂടിയ നാട്ടുകാർ കാർ വെട്ടിപ്പൊളിച്ചാണ് ഇരുവരെയും പുറത്തെടുത്തത്. ഉടൻ അടൂരിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. അപകടത്തെത്തുടർന്നുണ്ടായ ഹൃദയാഘാതമാണ് മരണകാരണമായത്.
സിനിമകളിൽ വില്ലൻ വേഷങ്ങളിലൂടെ ശ്രദ്ധേയനായ സന്തോഷ് നൂറിലേറെ ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. അടുത്തിടെ പുറത്തിറങ്ങിയ മോഹിനിയാട്ടം സിനിമയിൽ പ്രധാന വേഷത്തിലെത്തിയിരുന്നു. ഇത് ഞങ്ങളുടെ കഥ എന്ന സിനിമയിലൂടെയാണ് ചലച്ചിത്ര രംഗത്തെത്തിയത്. നടൻ മോഹൻലാലിനൊപ്പം എം.ജി കോളേജിൽ പ്രീഡിഗ്രിക്ക് പഠിച്ചിരുന്നു. ഗുരുവായൂർ ശ്രീകൃഷ്ണ സ്‌കൂളിലെ റിട്ട. അദ്ധ്യാപിക ശുഭശ്രീയാണ് ഭാര്യ. മകൾ: ഡോ. രാജശ്രീ. മരുമകൻ: ഡോ. ആഷിക് മേനോൻ.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |