SignIn
Kerala Kaumudi Online
Wednesday, 19 August 2026 4.59 AM IST

മെസി തട്ടിപ്പിൽ എസ്.ഐ.ടി പിടിമുറുക്കി ഇന്റലിജൻസ് ഉദ്യോഗസ്ഥനെ ക്രൂശിച്ചതിലും അന്വേഷണം

READ ENGLISH VERSION
a

തിരുവനന്തപുരം: മെസ്സിയെ കൊണ്ടുവരുന്നതുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാടിൽ ജി.എസ്.ടി അടച്ചില്ലെന്ന റിപ്പോർട്ട് നൽകിയ ഉദ്യോഗസ്ഥനെതിരെ പ്രതികാര നടപടിയെടുത്ത സംഭവത്തിലും എസ്.ഐ.ടി അന്വേഷണം നടത്തും.

നികുതി വീഴ്ച ചൂണ്ടിക്കാട്ടി ആദ്യം ചോദ്യമുയർത്തിയത് അന്നത്തെ കാഞ്ഞങ്ങാട് ഇന്റലിജൻസ് ഓഫീസറായ പി.വി.രത്നാകരൻ ആണ്. 2025 ഓഗസ്റ്റ് ഒന്നിന് അദ്ദേഹം ഡെപ്യൂട്ടി കമ്മിഷണർക്ക് സമർപ്പിച്ച റിപ്പോർട്ടിലാണ് ഇക്കാര്യം രേഖപ്പെടുത്തിയത് എന്നാണ് വിവരം. വലിയ നികുതി വെട്ടിപ്പ് നടന്നതായി ചൂണ്ടിക്കാട്ടിയ ഈ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് കേസ് കൂടുതൽ ഗൗരവമുള്ളതാണെന്ന് വെളിപ്പെട്ടത്. തുടർന്ന് കമ്പനി മാനേജിംഗ് ഡയറക്ടർക്ക് നോട്ടീസ് നൽകിയെങ്കിലും, അതിനു പിന്നാലെ അന്വേഷണം നിലച്ചു. സർക്കാരിനുണ്ടായ നഷ്ടം കണ്ടെത്തിയ ഉദ്യോഗസ്ഥനെ അഭിനന്ദിക്കേണ്ടതിനു പകരം പ്രതികാരനടപടിയെടുക്കുകയാണ് അന്നത്തെ സർക്കാർ ചെയ്തത്. സ്ഥലം മാറ്റുക മാത്രമല്ല ഇൻക്രിമെന്റ് തടയുകയും ചെയ്തു. ഇതെല്ലാം എസ്.ഐ.ടി പ്രത്യേകം അന്വേഷിക്കുമെന്നാണ് സൂചന.

ചുമ്മാ ഒരു നോട്ടീസ്

മെസ്സി വരുന്നതിനാവശ്യമായ സ്‌പോൺസർഷിപ്പ് ഇടപാടുമായി ബന്ധപ്പെട്ട് 22.68 കോടിയുടെ സേവന നികുതി വെട്ടിപ്പാണ് കണ്ടെത്തിയത്. ഇതു സംബന്ധിച്ച് കമ്പനി പ്രതിനിധികൾക്ക് സമൻസും നോട്ടീസും നൽകിയിരുന്നു. പക്ഷേ,​ നികുതി ഈടാക്കുന്നതിനുള്ള നടപടികൾ സ്വീകരിച്ചില്ല. ഇതിൽ പ്രഥമദൃഷ്ട്യാ കുഴപ്പമുണ്ടെന്ന് കണ്ടെത്തിയതിനെത്തുടർന്നാണ് കോഴിക്കോട് ജി.എസ്.ടി ഇന്റലിജൻസ് ആൻഡ് എൻഫോഴ്സ്‌മെന്റ് വിഭാഗം ജോയിന്റ് കമ്മിഷണർ ശ്രീവത്സല, കാസർകോട് ഡെപ്യൂട്ടി കമ്മിഷണർ വി.സജിത്,കാഞ്ഞങ്ങാട് ഇന്റലിജൻസ് ഓഫീസർ കെ.എസ്.സജിനി എന്നിവർക്കെതിരെ ചാർജ് മെമ്മോ നൽകിയത്. അച്ചടക്ക നടപടികൾക്ക് മുന്നോടിയായുള്ള നടപടിയാണിത്. മറ്റ് ആറ് ഉദ്യോഗസ്ഥരിൽ നിന്നു കൂടി എസ്.ഐ.ടി കഴിഞ്ഞദിവസം മൊഴിയെടുത്തു.

മറ്റ് കേസുകളിലും സമഗ്ര അന്വേഷണം

കഴിഞ്ഞ വർഷങ്ങളിൽ ജി.എസ്.ടി ഇന്റലിജൻസ് വിഭാഗം കൈകാര്യം ചെയ്ത മറ്റ് പ്രധാന കേസുകളിലും സമഗ്രഅന്വേഷണം വേണമെന്ന നിർദ്ദേശം ഉയർന്നിട്ടുണ്ട്. നികുതിവീഴ്ച കണ്ടെത്തിയിട്ടും തീർപ്പാക്കാതെ കിടക്കുന്ന ഇന്റലിജൻസ് കേസുകൾ, പരിശോധനകൾ പൂർത്തിയായിട്ടും തുടർനടപടികൾ സ്വീകരിക്കാത്ത ഫയലുകൾ,ഗുരുതര തർക്കങ്ങൾ നിലനിൽക്കെ റീഫണ്ടുകൾ അനുവദിച്ച കേസുകൾ, സ്വർണവ്യാപാര മേഖലയുമായി ബന്ധപ്പെട്ട വൻ നികുതി കേസുകളിൽ പിരിവ് ഉറപ്പാക്കാൻ കഴിയാതിരുന്ന സംഭവങ്ങൾ തുടങ്ങിയവയും എസ്.ഐ.ടി പരിശോധിച്ചേക്കും.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: SIT
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA