SignIn
Kerala Kaumudi Online
Tuesday, 02 June 2026 4.37 AM IST

പറമ്പുകളിലെ പാമ്പ് ഭീഷണി: ഉടമയെ നോക്കണ്ട, തദ്ദേശസ്ഥാപനം വെട്ടിത്തെളിക്കണം: ഹൈക്കോടതി

READ ENGLISH VERSION
1

കൊച്ചി: പറമ്പുകൾ കാടുപിടിച്ച് വിഷപ്പാമ്പുകളുടെ താവളമാകുമ്പോൾ തദ്ദേശ സ്ഥാപനങ്ങൾ കാഴ്ചക്കാരാകരുതെന്ന് ഹൈക്കോടതി. സ്ഥലത്തിന്റെ ഉടമയെ കണ്ടെത്താൻ കാത്തുനിൽക്കാതെ നടപടിയെടുക്കണം. ഇതിനുള്ള അധികാരം തദ്ദേശ സ്ഥാപനങ്ങൾക്കുണ്ടെന്നും കോടതി വ്യക്തമാക്കി. അയൽപക്കത്തെ കാടുപിടിച്ച പറമ്പിൽ നിന്ന് വിഷജന്തുക്കളുടെ ഭീഷണിയുണ്ടെന്ന് ചൂണ്ടിക്കാട്ടി മാവേലിക്കര തെക്കേക്കര സ്വദേശി ജിജി വർഗീസ് നൽകിയ ഹർജിയിലാണ് ജസ്റ്റിസ് പി.വി. കുഞ്ഞികൃഷ്ണന്റെ ഉത്തരവ്. ഉത്തരവ് എല്ലാ തദ്ദേശ സ്ഥാപനങ്ങൾക്കും ബാധകമാണ്.

അപകടകരമായ സാഹചര്യമുണ്ടായാൽ,​ ഉടമയ്ക്ക് നോട്ടീസ് നൽകി കാത്തിരിക്കേണ്ടതില്ലെന്നാണ് വ്യക്തമാക്കിയത്. കേരള പഞ്ചായത്ത് രാജ് ആക്ട് 238, 239 വകുപ്പുകൾ പ്രകാരം ഇത്തരം ശല്യം നീക്കം ചെയ്യാൻ തദ്ദേശസ്ഥാപനത്തിന് അധികാരമുണ്ട്. ഉടമയെ അറിയില്ലെങ്കിൽപോലും പഞ്ചായത്ത് സ്വന്തം നിലയ്ക്ക് കാട് വെട്ടിത്തെളിക്കണം. ചെലവ് ഉടമയെ കണ്ടെത്തുമ്പോൾ ഈടാക്കാമെന്നും ഉത്തരവിൽ പറയുന്നു. പ്രായമായ രക്ഷിതാക്കൾക്കൊപ്പം താമസിക്കുന്ന ഹർജിക്കാരൻ

വീടിനോട് ചേർന്ന് കാടുപിടിച്ചു കിടക്കുന്ന പറമ്പിലെ പാമ്പുശല്യം പരിഹരിക്കാൻ മുഖ്യമന്ത്രിയുടെ പോർട്ടലിൽ പരാതി നൽകിയിരുന്നു. തുടർന്ന് വില്ലേജ് ഓഫീസിൽ നിന്ന് വിവരം തേടിയെങ്കിലും പറമ്പിന്റെ ഉടമയെ കണ്ടെത്താനായില്ലെന്നും നോട്ടീസ് നൽകാൻ കഴിഞ്ഞില്ലെന്നുമായിരുന്നു മാവേലിക്കര തെക്കേക്കര പഞ്ചായത്തിന്റെ നിലപാട്. ഈ വാദം കോടതി തള്ളി. പത്ത് ദിവസത്തിനകം വെട്ടിത്തെളിക്കാൻ പ‌ഞ്ചായത്തിന് നിർദ്ദേശം നൽകി.

'വേണ്ടത് സാമാന്യബുദ്ധി"

സ്കൂൾ തുറക്കുന്ന ജൂൺ മാസത്തിൽ പാമ്പുകടിയേറ്റുള്ള മരണവാർത്ത പതിവാകുന്നത് ഹൃദയഭേദകമാണെന്ന് കോടതി പറഞ്ഞു. ജനവാസ മേഖലകളിൽ കാടുമൂടിക്കിടക്കുന്ന പറമ്പുകൾ പാമ്പുകളുടെ പ്രജനന കേന്ദ്രങ്ങളാകുകയാണ്. ഇത് വെറുമൊരു ശല്യമല്ല, മറിച്ച് ജനജീവന് ഭീഷണിയായ അടിയന്തര സാഹചര്യമാണ്. നിയമത്തിന്റെ സങ്കീർണതയേക്കാൾ സാമാന്യ ബുദ്ധിക്കാണ് ഇവിടെ മുൻഗണനയെന്നും നിരീക്ഷിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: SNAKE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA