
തൃശൂർ: പാമ്പ് കടിയേറ്റ് ഗുരുതരാവസ്ഥയിൽ ചികിത്സയിൽ കഴിയുന്ന കടമ്പോട് കാവുങ്ങൽ സിൽജോ - ജോൺസി ദമ്പതികളുടെ മകൻ അനോജിന്റെ (10) ആരോഗ്യനിലയിൽ പുരോഗതി. കുട്ടി കണ്ണുതുറന്നുവെന്നാണ് മെഡിക്കൽ ബുള്ളറ്റിനിൽ വ്യക്തമാക്കുന്നത്. നിർദേശങ്ങളോട് അനോജ് പ്രതികരിക്കുന്നതായും ആശുപത്രി അധികൃതർ അറിയിച്ചു. അനോജിനെ അങ്കമാലി അപ്പോളോ ആശുപത്രിയിൽ അടിയന്തര ശസ്ത്രക്രിയയ്‌ക്ക് വിധേയനാക്കിയിരുന്നു.
തലയിണയ്‌ക്കടിയിലെ പാമ്പിന്റെ കടിയേറ്റ് അനോജിന്റെ സഹോദരൻ ആൽജോ ഇന്നലെ മരണപ്പെട്ടിരുന്നു. സിൽജോ - ജോൺസി ദമ്പതികളുടെ ഇളയ മകനാണ് ആൽജോ. ആൽജോയുടെ കൈയിലും അനോജിന്റെ കാലിലുമാണ് കടിയേറ്റത്.
കുട്ടികൾ ഉറങ്ങിയ മുറിയിലെ തലയിണയ്ക്കടിയിൽ നിന്ന് വെള്ളിക്കെട്ടൻ ഇനത്തിൽപ്പെട്ട പാമ്പിനെ കണ്ടെത്തിയിരുന്നു. ഇന്നലെ പുലർച്ചെ രണ്ടിനാണ് കുട്ടികൾക്ക് ദേഹാസ്വാസ്ഥ്യമുണ്ടായത്. തലേദിവസം വീടിനടുത്ത് പുരോഹിതന്റ ജൂബിലി ആഘോഷത്തിന്റെ ഭാഗമായി വിരുന്നിൽ പങ്കെടുത്തിരുന്നു. തുടർന്ന് വീട്ടിലെത്തി ഉറങ്ങാൻ കിടക്കുന്നതിന് മുൻപ് അവക്കാഡോ ജ്യൂസും കുടിച്ചു. ഇതേത്തുടർന്ന് ഭക്ഷ്യവിഷബാധയാണെന്നാണ് രക്ഷിതാക്കൾ ആദ്യം കരുതിയത്. പിന്നാലെ കുട്ടികൾക്ക് ജീരകവെള്ളം കൊടുത്ത് വീണ്ടും ഉറങ്ങാൻ കിടത്തി.
പുലർച്ചെ നാലിന് അൽജോയുടെ വായിൽ നിന്ന് നുരയും പതയും വന്നു. ഉടൻ കോടാലിയിലെ ആശുപത്രിയിലും തുടർന്ന് ചാലക്കുടിയിലെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു. പരിശോധനയിൽ പാമ്പ് കടിയേറ്റിട്ടുണ്ടെന്ന് കണ്ടെത്തി. ദേഹത്ത് പാമ്പ് കടിയേറ്റതിന്റെ അടയാളങ്ങളും കണ്ടെത്തി. പിന്നാലെ ആൽജോ മരണപ്പെടുകയായിരുന്നു. തുടർന്നാണ് അനോജിനെ അങ്കമാലി അപ്പോളോ ആശുപത്രിയിലേക്ക് മാറ്റിയത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |