SignIn
Kerala Kaumudi Online
Sunday, 31 May 2026 12.53 AM IST

ഗുരുദേവൻ ബാപ്പുജി​ക്ക് പകർന്നത് പ്രത്യേക ഊർജം, സമാഗമ ശതാബ്ദി ഉദ്ഘാടനം ചെയ്ത് തുഷാർഗാന്ധി

READ ENGLISH VERSION

thushar

ശിവഗിരി: ജനങ്ങൾക്കിടിയിലെ ഭിന്നതകൾ രാഷ്ട്രീയമുതലെടുപ്പിനുള്ള അവസരമായി ഉപയോഗിക്കുന്നതാണ് രാജ്യം നേരിടുന്ന ഏറ്റവും വലിയ പ്രതിസന്ധിയെന്ന് മഹാത്മാഗാന്ധിയുടെ പൗത്രൻ തുഷാർ ഗാന്ധി പറഞ്ഞു. ഈ അപകടം നാം തിരിച്ചറിയണം. ഭിന്നതകളില്ലാതാക്കി അവരെ യോജിപ്പിക്കുന്നതിന് പകരം സ്വാർത്ഥമതികൾ മറ്രുവിധത്തിൽ നേട്ടമുണ്ടാക്കാനാണ് ശ്രമിക്കുന്നത്. എല്ലാ ജനവിഭാഗങ്ങളെയും ഒന്നിപ്പിച്ചു നിറുത്താൻ പഠിപ്പിച്ചവരാണ് ശ്രീനാരായണഗുരുവും മഹാത്മാഗാന്ധിയുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ശ്രീനാരായണ ഗുരുവിനെ മഹാത്മാഗാന്ധി ശിവഗിരിയിൽ സന്ദർശിച്ചതിന്റെ ശതാബ്ദിയോടനുബന്ധിച്ച് ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച സമാഗമ ശതാബ്ദി ആഘോഷം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ശിവഗിരിയിൽ ശ്രീനാരായണഗുരുവിനെ സന്ദർശിച്ചശേഷം ബാപ്പുജിക്ക് പ്രത്യേക ഊർജ്ജമാണ് കൈവന്നത്. സ്വാതന്ത്ര്യസമര പ്രവർത്തനങ്ങളിൽ ഈ ഊർജ്ജം സഹായകമായി. ഗാന്ധിജി കർമ്മയോഗിയും ശ്രീനാരായണഗുരു ധർമ്മയോഗിയുമായിരുന്നു. ഇവർ തമ്മിലുണ്ടായിരുന്നത് വൈരുദ്ധ്യമല്ല, പരസ്പര പൂരകത്വമാണ്. മതത്തെക്കുറിച്ച് നാം എപ്പോഴും ബാഹ്യാർത്ഥത്തിലാണ് പറയാറുള്ളത്. മതപരമായ ചിഹ്നങ്ങളും ആചാരങ്ങളുമൊക്കെയാണ് ശ്രദ്ധിക്കാറുള്ളത്. മതങ്ങളുടെ അന്തസത്ത ആദ്ധ്യാത്മികതയാണ്. സേവനത്തിൽക്കൂടിയാണ് ഇത് സഫലമാവേണ്ടത്. ശ്രീനാരായണ ഗുരുവും ഗാന്ധിജിയും പ്രാധാന്യം നൽകിയതും സേവനങ്ങൾക്കാണ്. സ്വാതന്ത്ര്യസമരകാലത്ത് കലാപം നടന്ന സ്ഥലത്തേക്കുള്ള ഗാന്ധിജിയുടെ യാത്ര തടയാൻ വഴിയിൽ മാലിന്യം വിതറി. അവിടെ നിന്ന് ഒരു ചൂൽ സംഘടിപ്പിച്ച് മാലിന്യം നീക്കം ചെയ്ത് ഗാന്ധിജി യാത്ര തുടർന്നു.

ആദ്ധ്യാത്മികതയിലൂടെ നമുക്ക് ശുദ്ധീകരണം നടത്താം. സമസ്തമേഖലകളിലെയും മാലിന്യം നീക്കം ചെയ്യപ്പെടുമ്പോഴാണ് ജീവിതം സാർത്ഥകമാവുന്നത്. അധഃസ്ഥിതരായവരെ സേവിക്കുന്നതിലൂടെയാണ് ധാർമ്മികതയും ആദ്ധ്യാത്മികതയും സാക്ഷാത്കരിക്കപ്പെടുന്നത്. ഈ സന്ദേശം മുന്നോട്ടു കൊണ്ടുപോകാൻ ശിവഗിരി മഠം നടത്തുന്ന പരിശ്രമങ്ങളിൽ താനും പങ്കാളിയാവുമെന്നും അദ്ദേഹം പറഞ്ഞു.

ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്ര് പ്രസിഡന്റ് സ്വാമി സച്ചിദാനന്ദ അദ്ധ്യക്ഷത വഹിച്ചു. കെ.പി.സി.സി മുൻ പ്രസിഡന്റ് വി.എം.സുധീരൻ മുഖ്യാതിഥിയായി. ട്രസ്റ്ര് ജനറൽ സെക്രട്ടറി ശ്വാമി ശുഭാംഗാനന്ദ അനുഗ്രഹ പ്രഭാഷണം നടത്തി. ചാണ്ടി ഉമ്മൻ എം.എൽ.എ, ശിവഗിരിമഠം ഉപദേശക സമിതി അംഗം കെ.ജി.ബാബുരാജ് തുടങ്ങിയവർ പങ്കെടുത്തു. ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്ര് ട്രഷറർ സ്വാമി ശാരദാനന്ദ സ്വാഗതവും ഗുരുധർമ്മപ്രചരണ സഭ സെക്രട്ടറി സ്വാമി അസംഗാനന്ദഗിരി നന്ദിയും പറഞ്ഞു.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: THUSAR GANDHI
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA