
തിരുവനന്തപുരം: യു.ജി.സി കരടു നയത്തിനെതിരെ സർക്കാർ നടത്തിയ കൺവെൻഷനിൽ ഗവർണർക്കുണ്ടായ അതൃപ്തിയിൽ അനുനയ നീക്കവുമായി മുഖ്യമന്ത്രി രാജ്ഭവനിലെത്തി. ഇന്നലെ രാവിലെ 9.45നായിരുന്നു മുഖ്യമന്ത്രി പിണറായിവിജയൻ ഗവർണർ രാജേന്ദ്രവിശ്വനാഥ് ആർലേക്കറെ കാണാനെത്തിയത്. കൂടിക്കാഴ്ച 10.10വരെ നീണ്ടു. കൂടിക്കാഴ്ചയുടെ ചിത്രങ്ങൾ ഗവർണർ സമൂഹമാദ്ധ്യമങ്ങളിലൂടെ പുറത്തുവിട്ടു.
യു.ജി.സിക്കെതിരായ കൺവെൻഷനിൽ പങ്കെടുക്കുന്നവർക്ക് ഡ്യൂട്ടിലീവും ഹാജരും നൽകണമെന്നും ചെലവ് സ്ഥാപനങ്ങൾ വഹിക്കണമെന്നും ഉന്നതവിദ്യാഭ്യാസ വകുപ്പിറക്കിയ സർക്കുലർ പിൻവലിക്കാൻ നേരത്തേ മുഖ്യമന്ത്രിയോട് ഫോണിൽ ഗവർണർ ആവശ്യപ്പെട്ടിരുന്നു. സർക്കുലർ ഭരണഘടനാ വിരുദ്ധമെന്നായിരുന്നു ഗവർണറുടെ നിലപാട്. പിൻവലിക്കാമെന്ന് മുഖ്യമന്ത്രിയും പിന്നാലെ ഉന്നതവിദ്യാഭ്യാസ പ്രിൻസിപ്പൽ സെക്രട്ടറി ഇഷിതാ റോയിയും ഗവർണറെ അറിയിച്ചെങ്കിലും പിൻവലിച്ചില്ല. പകരം സർക്കുലറിലെ വിഷയത്തിൽ യു.ജി.സിക്കെതിരേ എന്നത് ഒഴിവാക്കി ഭേദഗതി വരുത്തി. ഇതിൽ ഗവർണർക്ക് അതൃപ്തിയുണ്ടായിരുന്നു. ഇതേത്തുടർന്ന് മലയാളം സർവകലാശാലയുടെ വൈസ്ചാൻസലർ ഡോ.എൽ.സുഷമയൊഴികെയുള്ള വി.സിമാരാരും സമ്മേളനത്തിൽ പങ്കെടുത്തിരുന്നില്ല. മുഖ്യമന്ത്രി ഞായറാഴ്ച ഗവർണറെ കാണാൻ അനുമതി തേടിയിരുന്നു. കുംഭമേളയിൽ പങ്കെടുക്കാൻ പ്രയാഗ് രാജിലായിരുന്ന ഗവർണർ ഞായറാഴ്ച രാത്രിയാണ് തിരിച്ചെത്തിയത്.
സർവകലാശാലകളിൽ സ്ഥിരം വി.സിമാരില്ലാത്തതിന്റെ പ്രശ്നങ്ങളും മുഖ്യമന്ത്രി ഗവർണറെ ധരിപ്പിച്ചതായാണ് സൂചന. യുജിസിയുടെ പുതിയ നയപ്രകാരം വി.സി നിയമനത്തിൽ സർക്കാരിന് പങ്കില്ലെന്ന് ഗവർണറും പറഞ്ഞു. സർവകലാശാലാ വിഷയങ്ങളിൽ ഇടപെട്ട് മന്ത്രിമാർ തുടരെത്തുടരെ പ്രസ്താവനകൾ നടത്തുന്നതിൽ തനിക്കുള്ള അതൃപ്തി മുഖ്യമന്ത്രിയെ ഗവർണർ അറിയിച്ചതായും സൂചനയുണ്ട്. സർക്കാർ ഭാഗം വിശദീകരിച്ച് മുഖ്യമന്ത്രി ഗവർണർക്ക് കത്ത് നൽകി. തികച്ചും സൗഹൃദ സന്ദർശനമായിരുന്നെന്ന് രാജ്ഭവൻ വ്യക്തമാക്കി. നേരത്തേ വി.സി നിയമനത്തിലടക്കം തുടർനടപടികൾ ആവശ്യപ്പെട്ട് മന്ത്രിമാരായ ആർ.ബിന്ദുവും പി.രാജീവും ഗവർണറെ കണ്ടിരുന്നു. ഇന്നലത്തെ കൂടിക്കാഴ്ചയിൽ ഗവർണറുടെ സെക്രട്ടറിയെപ്പോലും പങ്കെടുപ്പിച്ചില്ല.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |