
കൊല്ലം: ഡോ. വന്ദനാദാസിനെ കൊലപ്പെടുത്തിയ കുടവട്ടൂർ മാരൂർ ചെറുകരക്കോണം ശ്രീനിലയത്തിൽ സന്ദീപിന് (44) 32 വർഷം തടവും ജീവപര്യന്തം കഠിന തടവും 2.35 ലക്ഷം രൂപ പിഴയും ശിക്ഷ. വിവിധ വകുപ്പുകൾ പ്രകാരമുള്ള ശിക്ഷകളിൽ 18വർഷവും 9 മാസവും തടവ് അനുഭവിച്ചതിന് ശേഷമാണ് ജീവപര്യന്തം കഠിന തടവ് അനുഭവിക്കേണ്ടതെന്ന് വിധിയിൽ പറയുന്നു. കൊല്ലം അഡിഷണൽ സെഷൻസ് ജഡ്ജ് പി.എൻ.വിനോദാണ് ശിക്ഷ വിധിച്ചത്.
വിധിയിൽ തൃപ്തിയില്ലാത്തതിനാൽ കടുത്ത ശിക്ഷ ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിക്കുമെന്ന് ഡോ. വന്ദനാദാസിന്റെ കുടുംബവും പ്രോസിക്യൂഷനും വ്യക്തമാക്കി. സംഭവ സമയത്ത് സന്ദീപ് സ്കൂൾ അദ്ധ്യാപകനായിരുന്നത് ചൂണ്ടിക്കാട്ടി മാനസിക വിഭ്രാന്തിയിലാണ് കൃത്യം ചെയ്തതെന്ന പ്രതി ഭാഗത്തിന്റെ വാദം കോടതി തള്ളി. ജയിലിൽ വച്ച് പ്രതിക്ക് നൽകിയ മരുന്നുകൾ മനോരോഗ ചികിത്സയ്ക്കുള്ളതല്ലെന്ന് ഡോസേജിൽ നിന്ന് വ്യക്തമാണെന്ന പ്രോസിക്യൂഷൻ വാദവും കോടതി ശരിവച്ചു. എന്നാൽ പ്രതിയുടെ പ്രവൃത്തികൾ അപൂർവങ്ങളിൽ അത്യപൂർവമായ കുറ്റകൃത്യങ്ങളുടെ പരിധിയിൽപ്പെടുന്നതല്ല. പിഴത്തുകയിൽ ഒരു ലക്ഷം രൂപ വന്ദനയുടെ കുടുംബത്തിനും ബാക്കി 1.35 ലക്ഷം രൂപ ആക്രമണത്തിനിരയായ ഹോം ഗാർഡ് അലക്സ് കുട്ടിക്കും നൽകണം.
കൊല്ലം റൂറൽ ക്രൈം ബ്രാഞ്ച് ഡിവൈ.എസ്.പിയായിരുന്ന എം.എം.ജോസാണ് കുറ്റപത്രം സമർപ്പിച്ചത്. പ്രോസിക്യൂഷൻ 70 സാക്ഷികൾക്കൊപ്പം 207 രേഖകളും 23 തൊണ്ടി വസ്തുക്കളും ഹാജരാക്കി. പ്രതിഭാഗം മൂന്ന് സാക്ഷികളെ ഹാജരാക്കി. പ്രോസിക്യൂഷനുവേണ്ടി സ്പെഷ്യൽ പബ്ളിക് പ്രോസിക്യൂട്ടർ അഡ്വ. പ്രതാപ്.ജി പടിക്കൽ, അഭിഭാഷകരായ ശ്രീദേവി പ്രതാപ്, ശില്പ ശിവൻ, ഹരീഷ് കാട്ടൂർ, മഹേശ്വർ പടിക്കൽ, നീരജ ഷാജി എന്നിവർ ഹാജരായി.
ജീവനെടുത്ത മേയ് 10
2023 മേയ് 10ന് പുലർച്ചെ 4.46നാണ് സന്ദീപ് കൊട്ടാരക്കര താലൂക്കാശുപത്രിയിൽ വച്ച് കോട്ടയം കടുത്തുരുത്തി കുറ്റിച്ചിറ നമ്പിച്ചിറകാലയിൽ വീട്ടിൽ കെ.ജി.മോഹൻദാസിന്റെയും വസന്തകുമാരിയുടെയും ഏക മകൾ ഡോ.വന്ദനാദാസിനെ (23) കൊലപ്പെടുത്തിയത്. കൺട്രോൾ റൂമിൽ വിളിച്ച് സഹായം അഭ്യർത്ഥിച്ചതിനെ തുടർന്ന് പൊലീസും നാട്ടുകാരും ചേർന്ന് ആശുപത്രിയിലെത്തിച്ച സന്ദീപ് പെട്ടെന്ന് അക്രമാസക്തനായി ഡോ. വനന്ദനാദാസിനെ അവിടെ നിന്ന് കൈയ്ക്കലാക്കിയ കത്രിക ഉപയോഗിച്ച് ശരീരത്തിൽ 27 തവണ കുത്തി കൊലപ്പെടുത്തുകയായിരുന്നു. തടയാൻ ശ്രമിച്ച സന്ദീപിന്റെ നാട്ടുകാരായ ബിനു, രാജേന്ദ്രൻ പിള്ള, എയ്ഡ്പോസ്റ്റിലെ എ.എസ്.ഐ മണിലാൽ, പൂയപ്പള്ളി സ്റ്റേഷനിലെ നൈറ്റ് ഓഫീസർ ബേബി മോഹനൻ, ഹോം ഗാർഡ് അലക്സ്, ആംബുലൻസ് ഡ്രൈവർ രാജേഷ് എന്നിവരെയും ആക്രമിച്ചു.
'എന്റെ മകളുടെ ശരീരത്തിൽ 27 കുത്തുകളാണേറ്റത്.അവൾ വേദന കൊണ്ട് പിടഞ്ഞാണ് മരിച്ചത്. അവൾ അനുഭവിച്ച വേദനയ്ക്ക് സമാനമായ ശിക്ഷ പ്രതിക്ക് ലഭിക്കണം.അപ്പീൽ നൽകും.'
-വസന്തകുമാരി,
ഡോ.വന്ദനാദാസിന്റെ
മാതാവ്
അപൂർവങ്ങളിൽ അപൂർവമായ കേസായി പരിഗണിച്ച് പരമാവധി ശിക്ഷ നൽകുമെന്നാണ് പ്രതീക്ഷിച്ചിരുന്നത്. നിയമപോരാട്ടം തുടരും.
കെ.ജി.മോഹൻദാസ്, പിതാവ്
പരമാവധി ശിക്ഷ നൽകണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിക്കാൻ പ്രോസിക്യൂഷൻ ശുപാർശ ചെയ്യും.
അഡ്വ.പ്രതാപ്.ജി പടിക്കൽ, സ്പെഷ്യൽ പബ്ളിക് പ്രോസിക്യൂട്ടർ
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |