
തിരുവനന്തപുരം: വിഴിഞ്ഞത്ത് നിന്ന് കയറ്റുമതി നടത്തുന്ന പരമ്പരാഗത, മൂല്യവർദ്ധിത ഉത്പന്നങ്ങൾക്ക് 'കേരള ബ്രാൻഡ്' നൽകുമെന്ന് മുഖ്യമന്ത്രി വി.ഡി.സതീശൻ പറഞ്ഞു. വിഴിഞ്ഞം തുറമുഖത്തെ സമ്പൂർണ കയറ്റുമതി ഇറക്കുമതി (എക്സിം) പ്രവർത്തനങ്ങൾ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
'കേരള ബ്രാൻഡ്' എന്ന പേരിൽ കശുഅണ്ടി, കയർ, കൈത്തറി ഉത്പന്നങ്ങൾ, സുഗന്ധവ്യഞ്ജനങ്ങൾ, ഭക്ഷ്യോത്പന്നങ്ങൾ തുടങ്ങിയവ ലോകമെമ്പാടും എത്തിക്കാൻ വിഴിഞ്ഞം അവസരം നൽകും. ലോകത്തിലേക്കുള്ള കേരളത്തിന്റെ വികസന കവാടവും നമ്മുടെ വികസന ചരിത്രത്തിലെ സുപ്രധാന നേട്ടവുമാണിത്.
'മിഷൻ സമുദ്ര' പദ്ധതിയുടെ പ്രഖ്യാപനവും ലോഗോ പ്രകാശനവും മുഖ്യമന്ത്രി നിർവഹിച്ചു. ആദ്യ 2 എക്സിം കണ്ടെയ്നറും മുഖ്യമന്ത്രി ഫ്ളാഗ്ഓഫ് ചെയ്തു.
മറ്റൊരു തുറമുഖത്തെയും ആശ്രയിക്കാതെ, ട്രാൻസ്ഷിപ്പ്‌മെന്റ് ഇല്ലാതെ, ആറ് ഭൂഖണ്ഡങ്ങളിലെ നൂറുകണക്കിന് തുറമുഖങ്ങളിലേക്ക് നേരിട്ട് ചരക്കുനീക്കം നടത്താൻ ഇനിയാകും. ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ സഹായത്തോടെ പൂർണമായും ഓട്ടോമേറ്റഡ് ആയി പ്രവർത്തിക്കുന്ന ഇന്ത്യയിലെ ആദ്യ തുറമുഖമാണിതെന്നത് അഭിമാനകരമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
അദാനി പോർട്സ് സി.ഇ.ഒ അശ്വനി ഗുപ്ത 'വിഴിഞ്ഞം വിഷൻ' അവതരിപ്പിച്ചു. എം.എൽ.എ എം.വിൻസെന്റ്, തുറമുഖ വകുപ്പ് സെക്രട്ടറി ഡോ.രത്തൻ യു.കേൽക്കർ, അദാനി വിഴിഞ്ഞം പോർട്ട് പ്രൈവറ്റ് ലിമിറ്റഡ് സി.ഇ.ഒ പ്രദീപ് ജയരാമൻ തുടങ്ങിയവർ സംസാരിച്ചു. ഡയറക്ടർ ജനറൽ ഒഫ് മാരിടൈം അഡ്മിനിസ്‌ട്രേഷൻ ശ്യാം ജഗന്നാഥൻ, കസ്റ്റംസ് പ്രിവന്റീവ് കമ്മിഷണർ (കൊച്ചി) ഡോ.ടിജു തോമസ്, ഫോറിനേഴ്സ് റീജ്യണൽ രജിസ്‌ട്രേഷൻ ഓഫീസർ (തിരുവനന്തപുരം) അരവിന്ദ് മേനോൻ, വിഴിഞ്ഞം ഇന്റർനാഷണൽ സീ പോർട്ട് ലിമിറ്റഡ് മാനേജിംഗ് ഡയറക്ടർ ജെറോമിക് ജോർജ് തുടങ്ങിയവർ പങ്കെടുത്തു.
കേരളത്തിന്റെ കുതിച്ചുചാട്ടം: കുഞ്ഞാലിക്കുട്ടി
വിഴിഞ്ഞം കേരളത്തിന്റെ വ്യവസായ വ്യാപാര മേഖലകളിൽ വലിയ കുതിച്ചു ചാട്ടത്തിന് വഴിയൊരുക്കുമെന്ന് അദ്ധ്യക്ഷനായ വ്യവസായമന്ത്രി പി.കെ.കുഞ്ഞാലിക്കുട്ടി പറഞ്ഞു. ദുബായ് തുറമുഖം യു.എ.ഇയ്ക്ക് നൽകിയ വലിയ സംഭാവനകൾ പോലെ വിഴിഞ്ഞം തുറമുഖം കേരള വികസനത്തിന്റെ പ്രധാന കവാടമാകും. കയറ്റിറക്കുമതി പ്രവർത്തനങ്ങളുടെ ഭാഗമായിട്ടുള്ള പുതിയ വ്യാപാര സാദ്ധ്യതകൾ സാധാരണക്കാരുടെ ജീവിതത്തിൽ വലിയ മാറ്റമുണ്ടാക്കും. സംസ്ഥാനത്തെ തുറമുഖ നഗരമാക്കുന്നതിന്റെ ഭാഗമായി ലോജിസ്റ്റിക്സ് പാർക്കും അനുബന്ധ സ്ഥാപനങ്ങളും ആരംഭിക്കുമെന്നും മന്ത്രി പറഞ്ഞു.
Vizhinjam Port is expected to open new opportunities for taking Kerala-branded products such as cashew, coir, handloom products, spices and food items to markets across the world. The port's full-fledged export-import operations could strengthen Kerala's global trade prospects.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |